| Monday, 21st July 2025, 1:08 pm

ആസിഫ് അലിയെ വിളിച്ച് കിട്ടിയില്ലെങ്കില്‍ എന്റെ അമ്മയോടാണ് ഞാന്‍ അവനെ പറ്റി ചോദിക്കുക: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ധാരാളം സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന നടനാണ് കുഞ്ചാക്കോ ബോബന്‍. ആസിഫ് അലിയോടൊപ്പം നിരവധി സിനിമകളില്‍ അഭിനയിക്കുകയും ആസിഫുമായി നല്ല സൗഹൃദം സൂക്ഷിക്കുകയും ചെയ്യുന്ന ആള്‍ കൂടിയാണ് കുഞ്ചാക്കോ.

ഇപ്പോള്‍ ആസിഫും തന്റെ അമ്മയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുകയാണ് നടന്‍. ആസിഫ് അലി അധികം കോള്‍ എടുക്കുന്ന ആളല്ലെന്നും എന്നാല്‍ തന്റെ അമ്മ ആസിഫിന്റെ കാര്യത്തില്‍ തന്നേക്കാള്‍ അപ്ഡേറ്റഡാണെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

ആസിഫിന്റെ ഡേറ്റുകളുടെ കാര്യം പോലും അമ്മയ്ക്ക് നന്നായി അറിയാമെന്നും ആസിഫിനെ ഫോണ്‍ വിളിച്ച് കിട്ടിയില്ലെങ്കില്‍ പലപ്പോഴും അവന്റെ കാര്യം താന്‍ തന്റെ അമ്മയോടാണ് ചോദിക്കുകയെന്നും നടന്‍ പറഞ്ഞു. മോംസ് ആന്‍ഡ് വൈവ്‌സ് മെഗാ ആപ്പ് ലോഞ്ചിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

‘ആസിഫ് അലി അങ്ങനെ അധികം കോള്‍ എടുക്കുന്ന ആളല്ല. പക്ഷെ എന്റെ അമ്മ ആസിഫിന്റെ കാര്യത്തില്‍ എന്നേക്കാള്‍ കൂടുതല്‍ അപ്ഡേറ്റഡാണ്. ആസിഫിന്റെ ഓരോ കാര്യങ്ങളും അമ്മയ്ക്ക് അറിയാം. അവന്റെ ഡേറ്റുകളുടെ കാര്യം പോലും അമ്മയ്ക്ക് അറിയാം എന്നതാണ് സത്യം.

അവനെ ഫോണ്‍ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ പലപ്പോഴും അവന്റെ കാര്യം ഞാന്‍ എന്റെ അമ്മയോടാണ് ചോദിക്കുക. പിന്നെ ഞാനും ആസിഫും പരസ്പരം സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഞങ്ങളുടെ ഭാര്യമാരാണ് കൂടുതല്‍ പരസ്പരം സംസാരിക്കാറുള്ളത്,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

ആപ്പ് ലോഞ്ചിങ് പരിപാടിയില്‍ ആസിഫ് അലിയും പങ്കെടുത്തിരുന്നു. ചാക്കോച്ചന്റെ അമ്മ അദ്ദേഹത്തെ വിളിക്കുന്നതിനേക്കാള്‍ കൂടുതല്‍ തന്നെയാണ് വിളിക്കുന്നതെന്നാണ് നടന്‍ പറഞ്ഞത്. അമ്മ എല്ലാ കാര്യങ്ങളും തന്നെ വിളിച്ച് അപ്ഡേറ്റ് ചെയ്യാറുണ്ടെന്നും ആഴ്ചയില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും അമ്മ വിളിക്കുമെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.


Content Highlight: Kunchacko Boban Talks About Asif Ali

We use cookies to give you the best possible experience. Learn more