| Saturday, 1st August 2026, 11:50 am

ഇണപിരിയാത്ത ഇരട്ടകളെപ്പോലെയായിരുന്നു അന്ന് ഞാനും ജയനും, അവസാനം അവന് വന്ന മഞ്ഞപ്പിത്തം എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

അമര്‍നാഥ് എം.

ഓണ്‍ സ്‌ക്രീനിലെ സൗഹൃദം ഓഫ് സ്‌ക്രീനിലും കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, അടുത്തടുത്ത വര്‍ഷങ്ങളില്‍ സിനിമയിലേക്ക് കടന്നുവന്ന മൂവരും ഇന്ന് മലയാളത്തിലെ മികച്ച താരങ്ങളാണ്. സ്വപ്‌നക്കൂട് മുതല്‍ തുടങ്ങിയ മൂവരുടെയും സൗഹൃദവും അതിനിടയിലെ തമാശകളും പലപ്പോഴായി ഇവര്‍ പങ്കുവെക്കാറുണ്ട്.

അടുത്തിടെ പൃഥ്വിരാജ് തന്റെ ഒരു അഭിമുഖത്തില്‍ സ്വപ്‌നക്കൂടിനെക്കുറിച്ച് സംസാരിച്ചിരുന്നു. ചെറിയ പ്രായത്തില്‍ പോണ്ടിച്ചേരിയിലേക്ക് പോയിട്ടുള്ള ഷൂട്ടും അന്നത്തെ ഓര്‍മകളും പൃഥ്വി പങ്കുവെച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സ്വപ്‌നക്കൂടിനെക്കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. സ്വപ്‌നക്കൂട് എന്ന ചിത്രം ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ചിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

പൃഥ്വിരാജ് ഒറ്റക്ക് അയാളുടെ കാറില്‍ പോണ്ടിച്ചേരി വരെ ഡ്രൈവ് ചെയ്ത് പോയെന്നും താനും ജയസൂര്യയും തന്റെ കാറിലാണ് അങ്ങോട്ട് പോയതെന്നും താരം കൂട്ടിച്ചേര്‍ത്തു. കൊച്ചി മുതല്‍ പോണ്ടിച്ചേരി വരെ താനായിരുന്നു ഡ്രൈവ് ചെയ്തതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ക്യൂ സ്റ്റുഡിയോയാട് സംസാരിക്കുയായിരുന്നു താരം.

‘ഞാന്‍ കാറോടിക്കും, ജയന്‍ അവന്റെ വൈഫിനോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കും. അങ്ങനെയാണ് ഞങ്ങള്‍ പോണ്ടിച്ചേരിയിലെത്തിയത്. ഷൂട്ടില്ലാത്ത സമയത്ത് ഞങ്ങള്‍ തന്നെയാണ് ഒന്നിച്ച് ഷോപ്പിങ്ങിനും കറങ്ങാനുമൊക്കെ പോകുന്നത്. ഇണപിരിയാത്ത ഇരട്ടകളെപ്പോലെയായിരുന്നു ആ സമയത്ത് ഞാനും ജയനും.

അങ്ങനെയിരിക്കുമ്പോള്‍ ജയന് ചെറിയൊരു പനി വന്നു. വയ്യ എന്ന് പറഞ്ഞിട്ട് ആശുപത്രിയില്‍ പോയി. അവിടെപ്പോയി പരിശോധിച്ചപ്പോഴാണ് മഞ്ഞപ്പിത്തമാണെന്ന് അറിഞ്ഞത്. അത് അറിഞ്ഞപ്പോള്‍ ഞാന്‍ ഒരു ഓട്ടോ പിടിച്ച് ആശുപത്രിയില്‍ പോയി. നാല് ദിവസം കഴിഞ്ഞപ്പോള്‍ എനിക്കും മഞ്ഞപ്പിത്തം കിട്ടി,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രമായ ഉന്മാദം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം ഷാഹി കബീര്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ സംവിധായകന്‍ കിരണ്‍ ദാസാണ്. ലിജോമോള്‍ ജോസ്, കിരണ്‍ പീതാംബരന്‍, സാബുമോന്‍, സുധീഷ് തുടങ്ങിയവരാണ് ഉന്മാദത്തിലെ മറ്റ് താരങ്ങള്‍. ഷാഹി കബീറിന്റൈ സ്ഥിരം ശൈലിയില്‍ നിന്ന് മാറി ഹൊറര്‍ എലമെന്റോടെയാണ് ചിത്രം ഒരുക്കിയത്.

Content Highlight: Kunchacko Boban shares the shooting experience with Jayasurya in Swapnakkoodu movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more