‘അനിയത്തിപ്രാവ്’ എന്ന സിനിമയിലൂടെ മലയാള സിനിമയുടെ എവർഗ്രീൻ ചോക്ലേറ്റ് ഹീറോയായി മാറിയ നടനാണ് കുഞ്ചാക്കോ ബോബൻ. റൊമാന്റിക് നായകനായി കരിയർ ആരംഭിച്ച താരം, ഇപ്പോൾ ഡെപ്തുള്ള വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയമികവ് തെളിയിച്ച് മുന്നേറുകയാണ്.
ഷാഹി കബീറിന്റെ തിരക്കഥയിൽ കിരൺ ദാസ് സംവിധാനം ചെയ്യുന്ന ‘ഉന്മാദം’ ആണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം. ‘നായാട്ട്’, ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാഹി കബീറിന്റെ തിരക്കഥയിൽ കുഞ്ചാക്കോ ബോബൻ വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
കുഞ്ചാക്കോ ബോബൻ.Photo:Imdb
ലോഹിതദാസിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ നായകനായ ചിത്രമായിരുന്നു കസ്തൂരിമാൻ. ഇപ്പോൾ ചിത്രത്തെ കുറിച് സംസാരിക്കുകയാണ് താരം. ഗലാട്ട പ്ലസ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആദ്യമായിട്ട് ഇതൊരു ചലഞ്ചിങ് റോൾ ആണല്ലോ, ഞാൻ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒന്നാണല്ലോ’ എന്ന് എനിക്ക് തോന്നിയത് ‘കസ്തൂരിമാൻ’എന്ന സിനിമ ചെയ്തപ്പോഴാണ്. മുമ്പ് ചെയ്തതിനേക്കാൾ ഒക്കെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു അത്.
ഒരു ക്യാമ്പസ് പശ്ചാത്തലമൊക്കെ ഉണ്ടെങ്കിലും, തികച്ചും വ്യത്യസ്തമായ ഒന്ന്. എന്റെ യഥാർത്ഥ ജീവിതവുമായി കുറച്ചുകൂടി അടുപ്പമുള്ള, വ്യക്തിപരമായി എനിക്ക് പെട്ടെന്ന് കണക്റ്റ് ചെയ്യാൻ പറ്റിയ ഒരു ക്യാരക്ടർ ആയിരുന്നു കസ്തൂരിമാനിലേത്.
കസ്തൂരിമാൻ.Photo:IMDB
ലോഹിയേട്ടൻ (എ. കെ. ലോഹിതദാസ്) എന്നോട് ഈ കഥ പറയുമ്പോൾ ഒരു സിംഗിൾ പേജ് ഔട്ട്‌ലൈൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ, പിന്നീട് ലൊക്കേഷനിലെത്തി ഡയലോഗുകളൊക്കെ വായിച്ചപ്പോൾ അത് എന്നെ ഭയങ്കരമായി സ്വാധീനിച്ചു. എന്റെ വ്യക്തിജീവിതത്തോടും കുടുംബത്തോടുമൊക്കെ ഒരുപാട് ചേർന്നുനിൽക്കുന്ന ഒന്നായിട്ട് എനിക്ക് തോന്നി.
ഓവർആക്ടിങ് ഒന്നുമില്ലാതെ, വലിയ ബഹളങ്ങളൊന്നുമില്ലാതെ തന്നെ മനുഷ്യന്റെ വികാരങ്ങളെ അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റുമെന്ന് ഞാൻ മനസിലാക്കിയത് അപ്പോഴാണ്. നമ്മുടെ ഉള്ളിൽ ആ വികാരം ഉണ്ടെങ്കിൽ, ഒരു ചെറിയ നോട്ടം കൊണ്ട് പോലും അത് കാണികളിലേക്ക് എത്തിക്കാൻ കഴിയും. ആരും എന്നെ പഠിപ്പിച്ചു തരാത്ത, ഒരു വലിയ ഡയറക്ടറിൽ നിന്ന് അനുഭവത്തിലൂടെ ഞാൻ പഠിച്ചെടുത്ത ഒരു പാഠമായിരുന്നു അത്,’കുഞ്ചാക്കോ ബോബൻ പറഞ്ഞു.
Content Highlight: Kunchacko Boban says Kasthooriman is deeply relatable to his personal life