ഫാസില്‍ മലയാളസിനിമക്ക് സമ്മാനിച്ച നടന്മാരിലൊരാളാണ് കുഞ്ചാക്കോ ബോബന്‍. ഒരുകാലത്ത് യുവതികളുടെ ഹാര്‍ട്ട്‌ത്രോബായിരുന്നു കുഞ്ചാക്കോ ബോബന്‍ ഇന്ന് കംപ്ലീറ്റായി വേറെ ട്രാക്കിലാണ്. ചോക്ലേറ്റ് ബോയ് ഇമേജ് പൂര്‍ണമായും ഉപേക്ഷിച്ച് ഗ്രേ ഷെയ്ഡ് കഥാപാത്രങ്ങളടക്കം വ്യത്യസ്തമായവ തേടിപ്പിച്ച് ചെയ്യുകയാണ് അദ്ദേഹം.
രൂപത്തിലും ഭാവത്തിലും കഥാപാത്രമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതിലും കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ ഒരുപടി മുന്നിലാണ്. ബോഗെയ്ന്‍വില്ല, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ഒരു ദുരൂഹ സാഹചര്യത്തില്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണമാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഉന്മാദം റിലീസിന് തയാറെടുക്കുകയാണ്.
ആദ്യചിത്രമായ അനിയത്തിപ്രാവിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ആദ്യത്തെ സിനിമയിലേക്ക് സെലക്ടായെന്ന വിവരം ഫോണിലൂടെ അറിഞ്ഞപ്പോള്‍ അത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. സിനിമയോട് യാതൊരു താത്പര്യവുമില്ലായിരുന്നെന്നും അദ്ദേഹം പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.
‘ലിജോ ഓഡിഷന് വിളിച്ചെന്നറിഞ്ഞപ്പോള്‍ ഫോണ്‍ കട്ട് ചെയ്ത് ഓടി എന്ന് പറഞ്ഞല്ലോ, അത് കേട്ടപ്പോള്‍ എനിക്ക് എന്റെ പഴയകാലം ഓര്‍മവന്നു. അനിയത്തിപ്രാവിലേക്ക് എന്നെ സെലക്ട് ചെയ്‌തെന്നറിഞ്ഞപ്പോള്‍ പേടി കാരണം ആ ഓഫര്‍ വേണ്ടെന്ന് വെച്ചാലോ എന്നൊക്കെ ആലോചിച്ചിരുന്നു. എന്റെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ എനിക്ക് തന്നെ ഉറപ്പായിരുന്നു, ചാന്‍സ് കിട്ടില്ലെന്ന്.
എന്റെ ഒരു കൂട്ടുകാരന്‍ വീട്ടിലുണ്ടായിരുന്നു, മാത്യൂസ്. അവനോട് ഈ കാര്യം പറഞ്ഞു, ഇതുപോലെ ഒരു ഓഫര്‍ വന്നു, പക്ഷേ എനിക്ക് താത്പര്യമില്ല എന്ന്.അവന്‍ എന്നെ ഉപദേശിച്ചതുകൊണ്ടാണ് ഞാന്‍ ആ സിനിമ ചെയ്തത്. ‘നിനക്ക് അഹങ്കാരമാണ്, എത്രപേര്‍ക്ക് ഇതുപോലൊരു ചാന്‍സ് കിട്ടും’ എന്നൊക്കെയാണ് അവന്‍ പറഞ്ഞത്.
അന്ന് എന്നെ ഉപദേശിച്ചവന്‍ ഇപ്പോള്‍ ഹോങ് കോങ്ങിലാണ്. അനിയത്തിപ്രാവില്‍ അഭിനയിച്ചതിന് എനിക്ക് അന്ന് കിട്ടിയ പ്രതിഫലം അമ്പതിനായിരം രൂപയായിരുന്നു. അത് നേരെ പപ്പയുടെ കൈയില്‍ കൊടുത്തു. ഇത്രയും കാലം നോക്കിയതിനുള്ള ചെലവല്ല, ഇനിയങ്ങോട്ടുള്ള കാലവും നോക്കണേ എന്ന ചിന്തയിലായിരുന്നു. കാരണം, അന്ന് സിനിമ എന്റെ മനസില്‍ പോലുമില്ലായിരുന്നു,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.
Content Highlight: Kunchacko Boban saying how much he got for acting in Aniyathipravu movie