| Sunday, 26th July 2026, 9:20 pm

ഞാനും പൃഥ്വിരാജും ജയസൂര്യയുമെല്ലാം ഒരു സീക്രട്ട് ഗ്രൂപ്പിന്റെ ഭാഗമാണ്, കുഞ്ഞാറ്റക്കിളിക്കൂട്ടം എന്നാണതിന്റെ പേര്: കുഞ്ചാക്കോ ബോബന്‍

അമര്‍നാഥ് എം.

ഒരുകാലത്ത് യുവതികളുടെ ഹാര്‍ട്ട്‌ത്രോബായിരുന്ന നടനായിരുന്നു കുഞ്ചാക്കോ ബോബന്‍. ചോക്ലേറ്റ് ഹീറോയായി ബാക്ക് ടു ബാക്ക് സിനിമകള്‍ ചെയ്തുനിന്ന താരം ഇന്ന് ഓരോ സിനിമ കഴിയുമ്പോഴും ഞെട്ടിക്കുകയാണ്. തന്നിലെ നടന് പരമാവധി വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രങ്ങള്‍ തേടിപ്പിടിച്ച് ചെയ്ത് സിനിമാലോകത്തെ ഞെട്ടിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

രൂപത്തിലും നോട്ടത്തിലും വ്യത്യസ്തത കൊണ്ടുവന്ന് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചാക്കോച്ചന്റെ ഏറ്റവും പുതിയ ചിത്രമാണ് ഉന്മാദം.ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം ഷാഹി കബീര്‍ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ കിരണ്‍ ദാസാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കുഞ്ചാക്കോ ബോബന്‍ നല്‍കുന്ന അഭിമുഖങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

ഏതെങ്കിലും സീക്രട്ട് ഗ്രൂപ്പിന്റെ ഭാഗമാണോ എന്ന ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ് കുഞ്ചാക്കോ ബോബന്‍ നല്‍കിയത്. ഒരു സീക്രട്ട് ഗ്രൂപ്പിന്റെ ഭാഗമാണെന്നും എന്നാല്‍ അതിനെക്കുറിച്ച് പുറത്തുപറയാന്‍ പാടില്ലെന്നാണ് നിയമമെന്നും താരം പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

‘ഒരു സീക്രട്ട് ഗ്രൂപ്പുണ്ട്. വാട്ട്‌സാപ്പിലൂടെയാണ് ഞങ്ങള്‍ പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. ഞാന്‍, രാജു, ജയന്‍, രമേഷ് പിഷാരടിയൊക്കെയാണ് ആ ഗ്രൂപ്പിലുള്ളത്. എം.എല്‍.എയായതുകൊണ്ട് മാത്രമാണ് പിഷുവിനെ ആ ഗ്രൂപ്പില്‍ ചേര്‍ത്തത്. കുഞ്ഞാറ്റക്കിളിക്കൂട്ടം എന്നാണ് ആ ഗ്രൂപ്പിന്റെ പേര്. പ്രത്യേകം ഡി.പിയും കോപ്പിറൈറ്റ് എംബ്ലവുമൊക്കെ അതിനുണ്ട്.

മലയാളസിനിമയെ നിയന്ത്രിക്കുന്ന കോര്‍ ഗ്രൂപ്പാണത് (ചിരിക്കുന്നു). സീനിയര്‍ താരങ്ങളില്‍ നിന്ന് ജനറേഷന്‍ ചേഞ്ച് ഉണ്ടായപ്പോളാണ് ആ ഗ്രൂപ്പ് തുടങ്ങിയത്. ഇനിയൊരു ജനറേഷന്‍ ചേഞ്ച് ഉണ്ടാകരുതേ എന്നാണ് പ്രാര്‍ത്ഥന. ഞങ്ങളുടെ ഗ്രൂപ്പിനെക്കുറിച്ച് ആദ്യമായിട്ടാണ് ഇങ്ങനെ പൊതുവേദിയില്‍ സംസാരിക്കുന്നത്,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

അതേസമയം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഉന്മാദം. ബോളിവുഡ് വമ്പന്മാരായ പനോരമ സ്റ്റുഡിയോസും ടി. സീരീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സുധീഷ്, ലിജോമോള്‍, സാബുമോന്‍, വിനീത് തട്ടില്‍ തുടങ്ങിയവരാണ് ഉന്മാദത്തിലെ മറ്റ് താരങ്ങള്‍. ജൂലൈ 30ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Kunchacko Boban saying he is a part of Secret group

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more