| Friday, 31st July 2026, 6:45 pm

ടോബി, ആന്‍ഡ്രൂ, ടോം... മൂന്ന് സ്‌പൈഡര്‍മാനൊപ്പവും ക്ലാഷ് വെച്ച ഒരേയൊരു മലയാളനടന്‍ ചാക്കോച്ചന്‍ മാത്രം

അമര്‍നാഥ് എം.

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ. ആദ്യദിനം തന്നെ 120 മില്യണിലേറെ നേടിയ ചിത്രത്തിന് കേരളത്തിലും ഗംഭീര വരവേല്പാണ് ലഭിക്കുന്നത്. അഞ്ച് കോടിയിലധികമാണ് കേരളത്തില്‍ നിന്ന് മാത്രം സ്‌പൈഡര്‍മാന്‍ നേടിയത്.

ബ്രാന്‍ഡ് ന്യൂ ഡേ റിലീസ് ചെയ്ത് തൊട്ടടുത്ത ദിവസം തിയേറ്ററുകളിലെത്തുന്ന മലയാള ചിത്രമാണ് ഉന്മാദം. ഷാഹി കബീറിന്റെ തിരക്കഥയില്‍ കിരണ്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. സ്‌പൈഡര്‍മാനൊപ്പം ക്ലാഷ് വെക്കുന്ന മലയാള ചിത്രമായി ഉന്മാദം മാറുമ്പോള്‍ അധികമാരും ശ്രദ്ധിക്കാത്ത സാമ്യതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

ഇത് മൂന്നാം തവണയാണ് കുഞ്ചാക്കോ ബോബന്‍ സ്‌പൈഡര്‍മാനൊപ്പം ക്ലാഷ് വെക്കുന്നത്. മൂന്ന് സ്‌പൈഡര്‍മാനിലും വ്യത്യസ്ത നായകന്മാരാണെന്നതും ശ്രദ്ധേയമാണ്. 2002ല്‍ ടോബി മഗ്വയറിന്റെ ആദ്യ സ്‌പൈഡര്‍മാനൊപ്പം കുഞ്ചാക്കോ ബോബന്റെ ഒരു ചിത്രം റിലീസ് ചെയ്തിരുന്നു. 2002 മെയ് 24ന് സ്‌പൈഡര്‍മാന്‍ റിലീസായപ്പോള്‍ ഒരാഴ്ചക്കിപ്പുറം മെയ് 31ന് ചാക്കോച്ചന്റെ പുത്തൂരംപുത്രി ഉണ്ണിയാര്‍ച്ച തിയേറ്ററുകളിലെത്തിയിരുന്നു. സ്‌പൈഡര്‍മാന്‍ വന്‍ വിജയമായപ്പോള്‍ ഉണ്ണിയാര്‍ച്ച വന്‍ പരാജയമായി മാറി.

ടോബിക്ക് ശേഷം അടുത്ത സ്‌പൈഡര്‍മാനായെത്തിയത് ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡായിരുന്നു. അമേസിങ് സ്‌പൈഡര്‍മാന്‍ എന്ന പേരില്‍ രണ്ട് ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. 2014ല്‍ റിലീസായ അമേസിങ് സ്‌പൈഡര്‍മാന്‍ 2നൊപ്പം ചാക്കോച്ചന്റെ മറ്റൊരു ചിത്രം റിലീസായി. നവാഗതനായ ലിജിന്‍ ജോസ് സംവിധാനം ചെയ്ത ലോ പോയിന്റുംഅമേസിങ് സ്‌പൈഡര്‍മാനും തിയേറ്ററിലെത്തിയത് മെയ് ഒന്നിനായിരുന്നു.

മാര്‍വലിന്റെ ഭാഗമായ സ്‌പൈഡര്‍മാനായിരുന്നു ടോം ഹോളണ്ടിന്റേത്. ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍ മുതലാണ് ടോം ഹോളണ്ടിന്റെ സ്‌പൈഡര്‍മാന്‍ മാര്‍വലിന്റെ ഭാഗമായത്. പിന്നീട് ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ച് നാല് സിനിമകള്‍ പുറത്തുവന്നു. അവഞ്ചേഴ്‌സിന്റെ ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം എന്നീ ചിത്രങ്ങളിലും ഈ സ്‌പൈഡര്‍മാന്‍ ഭാഗമായിരുന്നു.

ഈ സ്‌പൈഡര്‍മാനും ക്ലാഷ് വെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. പെര്‍ഫോമര്‍ എന്ന നിലയില്‍ കുഞ്ചാക്കോ ബോബന്റെ മികച്ച പ്രകടനം ഉന്മാദത്തില്‍ കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് സ്‌പൈഡര്‍മാനൊപ്പവും ക്ലാഷ് വെച്ച ഒരേയൊരു മലയാള നടനെന്ന റെക്കോഡ് കുഞ്ചാക്കോ ബോബന് മാത്രമാണെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു.

Content Highlight: Kunchacko Boban made clash with three Spiderman movies

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more