മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ഒരാളെ മലയാളികളുടെ മെഗാസ്റ്റാർ എന്നും മറ്റെയാളെ ചോക്ലേറ്റ് ഹീറോ എന്നും വിശേഷിപ്പിക്കുന്ന ആരാധകർ, ഇപ്പോൾ ഇരുവരുടെയും സൗഹൃദ നിമിഷങ്ങളാണ് വലിയ ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നത്. വരാനിരിക്കുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖത്തിനിടെയുണ്ടായ രസകരമായ സംഭാഷണമാണ് ഇപ്പോൾ വൈറലാകുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ഈ ഹൃദയസ്പർശിയായ നിമിഷം. ചിത്രത്തിന്റെ മുഴുവൻ ടീമും പങ്കെടുത്ത അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ, മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.
കുഞ്ചാക്കോ ബോബൻ, മമ്മൂട്ടി, Photo: YouTube/ Screengrab
‘എന്റെ തലമുറ മുതൽ നമ്മൾ കണ്ടു വളർന്ന രണ്ട് പ്രതിഭകളാണ് മമ്മൂക്കയും ലാലേട്ടനും. ഞാൻ സിനിമയിലേക്ക് വരാൻ പ്രചോദനമായവരും ഇവർ തന്നെയായിരിക്കും. മമ്മൂക്ക ഇപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യുന്നു, പുതിയ രൂപങ്ങൾ കാണിച്ചു തരുന്നു, നമ്മളെ രസിപ്പിക്കുന്നു. എനിക്ക് ശേഷമെത്തിയവർക്കും അദ്ദേഹം ഒരു പ്രചോദനമാണ്. നമ്മൾ കണ്ടു പഠിക്കേണ്ട ഒരു പാഠപുസ്തകമാണ് മമ്മൂക്ക,’ എന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്.
ഈ വാക്കുകൾക്ക് മറുപടിയായി മമ്മൂട്ടി തന്റെ പതിവ് ഹാസ്യശൈലിയിൽ, ‘നന്ദി… നന്ദി… ഇതൊക്കെ ഞാൻ രാവിലെ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളാണ്,’ എന്ന് പറഞ്ഞു ചിരിക്കുകയായിരുന്നു. വേദിയിലുണ്ടായിരുന്ന എല്ലാവരെയും പോലെ സോഷ്യൽ മീഡിയയിലുമുള്ള ആരാധകരെയും ഈ മറുപടി ചിരിപ്പിച്ചു.
പേട്രിയറ്റ്, Photo: IMDb
താരപദവിക്ക് അപ്പുറം ഇരുവരും തമ്മിലുള്ള സൗഹൃദവും പരസ്പര ബഹുമാനവും തന്നെയാണ് ആരാധകർ കൂടുതൽ ആഘോഷിക്കുന്നത്. നിരവധി വർഷങ്ങളായി മലയാള സിനിമയിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച ഈ രണ്ടു താരങ്ങളും ഒരേ വേദിയിൽ ഇങ്ങനെ സ്നേഹത്തോടെ സംസാരിക്കുന്നതും പരസ്പരം ബന്ധം നിലനിർത്തുകയും ചെയ്യുന്നത് മലയാള സിനിമയിൽ മാത്രം കാണാവുന്ന ഒരു കാര്യമാണെന്നും ആരാധകർ പറയുന്നു.
ഇതിനിടെ പേട്രിയറ്റ് ചിത്രത്തോടുള്ള പ്രതീക്ഷയും ദിനംപ്രതി ഉയരുകയാണ്. വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം റിലീസിന് മുമ്പേ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴത്തെ ഈ അഭിമുഖ വീഡിയോയും സിനിമയ്ക്കുള്ള ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്.
പേട്രിയറ്റ്, Photo: YouTube/ Screengrab
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര, രേവതി, ഫഹദ് ഫാസിൽ, തുടങ്ങി വൻ താരനിരയും ഒന്നിച്ചെത്തുന്നുണ്ട്. ഇതിനോടകം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും പോസ്റ്ററിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി.ആർ. സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് സഹനിർമാണം നിർവഹിക്കുന്നത്.
Content Highlight: Kunchacko Boban and Mammootty’s interview goes viral on social media