ആലപ്പുഴ ലിയോ തിർട്ടീന്ത് സ്‌കൂളിൽ ഓപ്പറേഷൻ തൂഫാൻ പ്രൊജക്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ കുഞ്ചാക്കോ ബോബനോടുള്ള ഒരു കുട്ടി ആരാധകന്റെ ഹൃദ്യമായ സ്‌നേഹപ്രകടനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
സദസിൽ ഇരിക്കുകയായിരുന്ന താരത്തെ അപ്രതീക്ഷിതമായി വന്ന് കെട്ടിപ്പിടിച്ച് തുരുതുരാ ചുംബിക്കുകയും, ശേഷം ഇത് ഞങ്ങളുടെ അണ്ണനാടാ എന്ന് ഉറക്കെ വിളിച്ചുപറയുകയുമായിരുന്നു. കുട്ടിയെ ചേർത്തുനിർത്തി തലോടുകയും, ശേഷം നിറഞ്ഞ കണ്ണുകൾ തുടയ്ക്കുകയും ചെയ്ത ചാക്കോച്ചന്റെ ആ വീഡിയോ പ്രേക്ഷകരുടെ മനംകവരുന്നതായിരുന്നു.
കുഞ്ചാക്കോ ബോബൻ. Photo. Screen grab/ Youtube
ഈ സംഭവത്തിൽ തന്റെ പ്രതികരണവുമായി കഴിഞ്ഞ ദിവസം സാമൂഹമാധ്യമം വഴി ലൈവിലൂടെ താരം സംസാരിക്കുകയുണ്ടായി. ആലപ്പുഴയിൽ വെച്ചുണ്ടായ ആ സംഭവം പ്രേക്ഷകർ തന്നെയും തന്റെ സിനിമകളും കഥാപാത്രങ്ങളെയും അതിലുപരി ചാക്കോച്ചൻ എന്ന വ്യക്തിയെയും എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിത്തന്ന സാഹചര്യമായിരുന്നു എന്ന് പറഞ്ഞു.
‘കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ഒരു സ്‌കൂളിൽ വെച്ച് തൂഫാൻ പരിപാടിക്കിടെ നടന്ന സംഭവമാണ് എന്നെ ഇങ്ങനെ ഒരു ലൈവിൽ വരാൻ പ്രേരിപ്പിച്ചത്. കാരണം, പ്രേക്ഷകർ എന്നെയും എന്റെ കഥാപാത്രങ്ങളെയും അതിലുപരി ചാക്കോച്ചൻ എന്ന വ്യക്തിയെയും എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് അറിയാൻ സാധിച്ച ഒരു സാഹചര്യമായിരുന്നു അത്. 29 വർഷത്തിന് ശേഷവും നിങ്ങളുടെ ഈ സ്‌നേഹം കൂടിയതല്ലാതെ ഒരു ശതമാനം പോലും കുറഞ്ഞിട്ടില്ല എന്നറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.
സിനിമയിലേക്ക് വരാൻ താത്പര്യമില്ലാതെ അവിടെ എത്തിപ്പെടുകയും, പിന്നീട പ്രേക്ഷകരുടെ സ്നേഹം തിരിച്ചറിഞ്ഞു അത് നല്ല സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും തിരിച്ചു നൽകാൻ സാധിച്ചതിന്റെ സന്തോഷവും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചു.
‘സിനിമയിലേക്ക് വരാൻ താത്പര്യമില്ലാതിരുന്നിട്ടും ഇവിടെ എത്തിപ്പെടുകയും, പിന്നീട് പ്രേക്ഷകരുടെ സ്‌നേഹം തിരിച്ചറിഞ്ഞ് നല്ല സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ആ സ്‌നേഹം തിരിച്ചുനൽകാൻ സാധിച്ചതിലും വലിയ സന്തോഷമുണ്ട്. ഒരു നടനെന്ന രീതിയിൽ തുടക്കകാലത്ത് ഞാൻ അധികം പ്രയത്നിച്ചിരുന്നില്ല. എന്നാൽ പിന്നീട് അത് തിരിച്ചറിയുകയും, നല്ല കഥാപാത്രങ്ങളിലൂടെ മാത്രമാണ് എനിക്ക് ആ സ്‌നേഹം തിരിച്ചുനൽകാൻ സാധിക്കൂ എന്ന തിരിച്ചറിവ് ഉണ്ടാവുകയും ചെയ്തു.
ഇപ്പോൾ ഉന്മാദം എന്ന സിനിമയിലെ ഷെല്ലിയിൽ എത്തിനിൽക്കുമ്പോൾ, നിങ്ങൾ ആ സിനിമയ്ക്കും കഥാപാത്രത്തിനും നൽകുന്ന സ്‌നേഹം ഞാൻ ആത്മാർത്ഥമായി തിരിച്ചറിയുന്നുണ്ട്. അതിനുള്ള നന്ദിയും ഞാൻ അറിയിക്കുകയാണ്,’ കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.
കിരൺ ദാസിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ഒന്നിക്കുന്ന പുതിയ ചിത്രമായ ഉന്മാദം തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച ഷെല്ലി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഉന്മാദം. Photo. District