| Tuesday, 24th November 2026, 11:31 am

തിയേറ്ററില്‍ വലിയ പരാജയമായി, കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമയെന്നാണ് ഇപ്പോള്‍ പലരും അതിനെ വിശേഷിപ്പിക്കുന്നത്: കുഞ്ചാക്കോ ബോബന്‍

അമര്‍നാഥ് എം.

നായകനായ ആദ്യസിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി ചരിത്രമെഴുതിക്കൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ ഇന്‍ഡസ്ട്രിയിലേക്ക് കടന്നുവന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി മോളിവുഡിന്റെ മുന്‍നിരയില്‍ തിളങ്ങാന്‍ താരത്തിന് സാധിക്കുന്നുണ്ട്. സമീപകാലത്ത് ചെയ്യുന്ന ഓരോ സിനിമയിലും തന്റെ പ്രകടനം കൊണ്ട് താരം പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.

താരം പ്രധാനവേഷത്തിലെത്തുന്ന രണ്ട് സിനിമകള്‍ ഈ മാസം റിലീസിനുണ്ട്. അമല്‍ നീരദിനൊപ്പമുള്ള ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. പുതിയ ചിത്രമായ ഹെയ്ല്‍ മേരി റിലീസിന് തയാറെടുക്കുകയാണ്. ഓരോ സിനിമയെയും ആത്മാര്‍ത്ഥമായാണ് താന്‍ സമീപിക്കാറെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍.

കുഞ്ചാക്കോ ബോബന്‍ Photo: Screen grab/ Movie world media

ചില സിനിമകള്‍ റിലീസ് ചെയ്യുന്ന സമയത്ത് പ്രതീക്ഷിച്ച റിസല്‍ട്ട് ലഭിക്കാറില്ലെന്നും താരം പറയുന്നു. വലിയ പ്രതീക്ഷയോടെ ചെയ്യുന്ന സിനിമകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ചര്‍ച്ചയാവുകയെന്നും അത്തരത്തില്‍ ചില സിനിമകള്‍ തനിക്കും ഉണ്ടായിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന് പറയുന്ന സിനിമ വലിയ പ്രതീക്ഷയിലാണ് ചെയ്തത്. ഹിറ്റാകുമെന്ന് കരുതിയ പടം തിയേറ്ററില്‍ വലിയ ഫ്‌ളോപ്പായി. പിന്നീട് സോഷ്യല്‍ മീഡിയയൊക്കെ ആക്ടീവായ സമയത്താണ് ആ പടം വീണ്ടും ഡിസ്‌കഷനില്‍ വന്നത്. ‘ഇങ്ങനെയൊരു സിനിമ ഇപ്പോഴാണ് ഇറങ്ങിയതെങ്കില്‍ ഹിറ്റായേനെ’ എന്നാണ് പലരും പറയുന്നത്.

ചിറകൊടിഞ്ഞ കിനാവുകള്‍ Photo: Theatrical poster

കാലം തെറ്റിയിറങ്ങിയ പടം എന്നാണ് ചിറകൊടിഞ്ഞ കിനാവുകളെ വിശേഷിപ്പിക്കുന്നത്. അന്നത്തെ ഓഡിയന്‍സ് ആ പടവുമായി കണക്ടായില്ല. എന്റെ സിനിമക്ക് മാത്രമല്ല, വേറെ ഇഷ്ടംപോലെ പടങ്ങള്‍ ഇതുപോലെയുണ്ട്. സന്ദേശമൊന്നും റിലീസായ സമയത്ത് വലിയ ഹിറ്റായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ എത്ര തലമുറയാണ് ആ സിനിമയെ സ്വീകരിക്കുന്നത്. അതൊന്നും നമ്മുടെ കൈയിലല്ല. ഹിറ്റാകണമെന്ന് കരുതി തന്നെയാണ് എല്ല പടവും ചെയ്യുന്നത്,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഹെയ്ല്‍ മേരി. നവാഗതനായ വിഷ്ണു രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിതാരയാണ് നായിക. സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാ, വിനയ് ഫോര്‍ട്ട് തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാര്‍ട്ടിന്‍ പ്രക്കാട്ട് നിര്‍മിക്കുന്ന ഹെയ്ല്‍ മേരി നവംബര്‍ 27ന് തിയേറ്ററുകളിലെത്തും.

Content Highlight: Kunchacko Boban about Chirakodinja Kinavukal movie failure

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more