| Sunday, 29th June 2025, 5:08 pm

കുനാല്‍ കമ്രയ്ക്ക് സ്വന്തം റിസ്‌ക്കില്‍ ദല്‍ഹിയിലെത്തി പരിപാടി അവതരിപ്പിക്കാം; സ്വാഗതം ചെയ്ത് രേഖ ഗുപ്ത, വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് സ്വന്തം റിസ്‌ക്കില്‍ ദല്‍ഹിയിലെത്തി പരിപാടി അവതരിപ്പിക്കാമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത. കുനാല്‍ കമ്രയെ ദല്‍ഹിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തുന്ന ഹിന്ദി ദിനപത്രമായ ജന്‍സത്ത സംഘടിപ്പിച്ച ഒരു മാധ്യമ പരിപാടിയില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി രേഖ ഗുപ്ത കുനാല്‍ കമ്രയെ ദല്‍ഹിയിലേക്ക് ക്ഷണിച്ചത്.

അവതാരകന്റെ ചോദ്യത്തിന് രേഖ ഗുപ്ത നല്‍കിയ മറുപടി ഇപ്പോള്‍ രൂക്ഷമായ വിമര്‍ശനമാണ് നേരിടുന്നത്. കുനാല്‍ കമ്രയ്ക്ക് ദല്‍ഹിയില്‍ പരിപാടി അവതരിപ്പിക്കാന്‍ സാധിക്കുമോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.

മറുപടിയില്‍ കൂടുതല്‍ വ്യക്തത തേടിയതോടെ മുഖ്യമന്ത്രി വിഷയം മാറ്റിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് എതിരെ വിമര്‍ശനവുമായി കുനാല്‍ കമ്ര രംഗത്തെത്തി.

‘ഒരു യഥാര്‍ത്ഥ എ.ബി.വി.പി കാര്യകര്‍ത്താവിനെപ്പോലെയാണ് മുഖ്യമന്ത്രി രേഖ ഗുപ്ത സംസാരിച്ചത്,’ കമ്ര എക്സില്‍ കുറിച്ചു. ‘സ്വന്തം ഉത്തരവാദിത്തത്തില്‍ വരൂ’ എന്നത് ദല്‍ഹി ടൂറിസത്തിന്റെ മുദ്രാവാക്യമായിരിക്കണമെന്നും കുനാല്‍ കമ്ര വിമര്‍ശിച്ചു.

കൂടാതെ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അടക്കമുള്ളവര്‍ രേഖ ഗുപ്തയുടെ മറുപടി ഉള്‍പ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് വിമര്‍ശനമുയര്‍ത്തി. എന്നാല്‍ ദല്‍ഹി മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ ബി.ജെ.പി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം മുംബൈയിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോയില്‍ വെച്ച് നടത്തിയ പരാമര്‍ശത്തിലൂടെ കുനാല്‍ കമ്ര വിവാദത്തിലായിരുന്നു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഏക്‌നാഥ് ഷിന്‍ഡെയ്ക്കെതിരായ പരാമര്‍ശത്തില്‍ കുനാല്‍ കമ്രയ്ക്കെതിരെ വധഭീഷണിയടക്കം ഉയര്‍ന്നിരുന്നു.

മാര്‍ച്ച് 23ന് നടന്ന പരിപാടിക്കിടെ ‘ദില്‍ തോ പാഗല്‍ ഹെ’ എന്ന ഗാനത്തിന്റെ പാരഡി പാടി ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന് കമ്ര വിശേഷിപ്പിച്ചതാണ് വിവാദത്തിലേക്ക് നയിച്ചത്. പിന്നാലെ കുനാല്‍ കമ്രയുടെ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തു.

തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ കമ്ര മാപ്പ് പറയണമെന്നും കമ്രക്കെതിരെ നടപടി എടുക്കണമെന്നും ശിവസേന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാപ്പ് പറയണമെന്ന ശിവസേന നേതാക്കളുടെ ആവശ്യത്തെ കുനാല്‍ അംഗീകരിച്ചില്ല. താന്‍ ജനക്കൂട്ടത്തെ ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ കമ്ര അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മാപ്പ് പറയില്ലെന്നും വ്യക്തമാക്കിയിരുന്നു.

Content Highlight: Kunal Kamra can come to Delhi and perform at his own risk; Rekha Gupta welcomes him, criticizm

We use cookies to give you the best possible experience. Learn more