| Friday, 20th January 2017, 3:10 pm

വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന് കേന്ദ്രസര്‍ക്കാരിനോട് ബി.ജെ.പി നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന് കേന്ദ്രസര്‍ക്കാരിനോട് ബി.ജെ.പി നേതാക്കള്‍.

ബി.ജെ.പി പ്രവര്‍ത്തകരുടെ ജീവന് സുരക്ഷ കിട്ടാത്ത സാഹചര്യത്തില്‍ തങ്ങള്‍ക്കും സുരക്ഷ വേണ്ടെന്നാണ് നേതാക്കളുടെ നിലപാട്. ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരനും പി.കെ കൃഷ്ണദാസുമാണ് വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചത്.

കേരളത്തിലെ സാധാരണ ബി ജെ പി പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാത്ത സാഹചര്യത്തില്‍ തനിക്ക് അനുവദിക്കപ്പെട്ട  വൈ കാറ്റഗറി സുരക്ഷാ ആവശ്യമില്ലെന്ന് പറഞ്ഞ് പി.കെ കൃഷ്ണദാസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കും സുരക്ഷ ആവശ്യമില്ലെന്ന് വ്യക്തമാക്കി കുമ്മനവും രംഗത്തെത്തിയത്. കേരളത്തിലെ സാധാരണക്കാരായ ബി.ജെ.പി പ്രവര്‍ത്തകര്‍ സുരക്ഷിതരല്ലെന്നും അതുകൊണ്ട് തന്നെ അവര്‍ക്കില്ലാത്ത സുരക്ഷിതത്വം തങ്ങള്‍ക്കും ആവശ്യമില്ലെന്നും കുമ്മനം പറയുന്നു.

കേരളത്തില്‍ നാലു ബി.ജെ.പി നേതാക്കള്‍ക്കായിരുന്നു കേന്ദ്രം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, എം.ടി.രമേശ് എന്നിവര്‍ക്കായിരുന്നു വൈ കാറ്റഗറി സുരക്ഷ നല്‍കിയത്.

ബി.ജെ.പി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.


“വൈ” കാറ്റഗറി സുരക്ഷാ സന്നാഹത്തില്‍ ഒന്നോ രണ്ടോ കമാന്‍ഡോകള്‍ ഉള്‍പ്പെടെ 11 അംഗ സംഘമായിരുന്നു സുരക്ഷ നിര്‍വഹിക്കുക. കനകമലയില്‍ ഗൂഢാലോചന നടത്തിയതിന് പിടിയിലായവരെ ചോദ്യംചെയ്തതില്‍ നിന്നു സുരക്ഷാ വിഭാഗങ്ങള്‍ക്കു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നാലു ബിജെപി നേതാക്കള്‍ക്കു സുരക്ഷ ശക്തമാക്കാനുള്ള തീരുമാനമെന്നായിരുന്നു റിപ്പോര്‍ട്ട്.

കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം കേരളത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഇപ്പോഴും തുടരുന്നുണ്ട്. കേന്ദ്രസേനയിലെ 13 കമാന്‍ഡോകളാണു വെള്ളാപ്പള്ളിയുടെ സുരക്ഷയ്ക്കുള്ളത്.

We use cookies to give you the best possible experience. Learn more