തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തിന്റെ ജനനസര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതില്‍ ദുരൂഹത.
പെണ്‍കുട്ടിക്ക് പതിനെട്ട് വയസ് തികഞ്ഞെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് മധ്യപ്രദേശ് സര്‍ക്കാര്‍ റദ്ദാക്കിയത് വിവാഹ ശേഷമാണെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
ജനന സര്‍ട്ടിഫിക്കറ്റ് നിയമപരമായി നിലവിലിരിക്കെയാണ് വിവാഹം നടന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഇഷ്യു ചെയ്ത സര്‍ട്ടിഫിക്കറ്റ് ഈ മാസം റദ്ദാക്കിയത് പട്ടിക വര്‍ഗ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ്. 2025 ജൂണിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ജനനസര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്തത്. ഈ സര്‍ട്ടിഫിക്കറ്റ് വെച്ചുകൊണ്ടാണ് പെണ്‍കുട്ടി ഈ വര്‍ഷം ജനുവരിയില്‍ നിലവിലുണ്ടായിരുന്ന ആധാര്‍ അപ്‌ഡേറ്റ് ചെയ്യുകയും പാന്‍കാര്‍ഡ് എടുക്കുകയും ചെയ്തത്. പെണ്‍കുട്ടിക്ക് മധ്യപ്രദേശില്‍ വോട്ടവകാശവുമുളളതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ മാര്‍ച്ച് 11ന് കേരളത്തില്‍ വെച്ച് പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞതിന് ശേഷമാണ് ജനനസര്‍ട്ടിഫിക്കറ്റില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും സര്‍ട്ടിഫിക്കറ്റിന് വേണ്ടി നല്‍കിയിട്ടുള്ള രേഖകളില്‍ സംശയമുണ്ടെന്നും കാണിച്ച് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ സര്‍ക്കാരിനോട് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. പിന്നാലെയാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ റദ്ദാക്കല്‍ നടപടി.
പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാതെയായിരുന്നു സര്‍ക്കാരിന്റെ റദ്ദാക്കല്‍ നടപടിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ വിവാഹം നടത്തിയതില്‍ പഞ്ചായത്തിന് വീഴ്ച്ചയില്ലെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.
ആധാര്‍കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ ഒറിജിനല്‍ ആണെന്ന് കാണിച്ച് തിരുവനന്തപുരം റൂറല്‍ എസ്.പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
Content Highlight: Kumbh Mela viral star’s birth certificate was cancelled after marriage; Madhya Pradesh government’s action is mysterious: Report