| Saturday, 16th February 2019, 10:14 pm

കുമ്പളങ്ങിയിലെ ആണുങ്ങളും പെണ്ണുങ്ങളും

വി.എം ഗിരിജ

കുമ്പളങ്ങി നൈറ്റ്‌സ് പലതരത്തിലും ഒരു പുതു ചിത്രമാണ്. കുമ്പളങ്ങിയെയോ കൊച്ചിയെയോ അടയാളപ്പെടുത്തുന്ന ഒരു ഭൂഭാഗചിത്രമല്ല ഇത്. മലയാളി ആണുങ്ങളുടെ പൊതുബോധത്തില്‍ ഉറങ്ങിക്കിടക്കുന്ന ഇരുട്ടിന്റെ ലോകമാണ് ഇതിന്റെ പശ്ചാത്തലം. തന്തയില്ലായ്ക, ഒരേ തന്തക്ക് പിറക്കുക, പല തന്തമാര്‍ക്കു പിറക്കുക, എനിക്ക് ഒരു തന്തയെ ഉള്ളൂ അതുകൊണ്ടു ഒരു വാക്കും…, തന്തയില്ലാത്തവന്‍, എന്നിവയെല്ലാം പുരുഷത്വത്തെ,ആണിനെ അത് കൊണ്ട് തന്നെ പെണ്ണിനേയും അടയാളപ്പെടുത്താന്‍ ഉപയോഗിക്കുന്ന നാം കേട്ട് മടുത്ത വാക്കുകളാണ്. പക്ഷെ എത്ര മടുത്തു എങ്കിലും അത് തൂത്തു കളയാന്‍ നമുക്ക് ആവുന്നുമില്ല. അച്ഛന്‍ മറ്റൊരാളാണ് എന്ന് അറിഞ്ഞാല്‍ തകര്‍ന്നു പോകുന്ന ആണുങ്ങളുടെ ലീലകള്‍ ആണ് സിനിമയെ താങ്ങി നിര്‍ത്തുന്നത് ഇപ്പോഴും.

ഈമയൗ എന്ന ചിത്രം ഭംഗിയില്ലാത്ത,വെളുപ്പും കുടുംബ മഹിമയും ഇല്ലാത്ത സാധാരണക്കാരെ മരണത്തിന്റെ വലിയ സാന്നിധ്യത്തില്‍ ചിത്രീകരിച്ചു. ജീവിതത്തിന്റെ, പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ അതെ കാര്യം ചെയ്തിരിക്കുന്നു കുമ്പളങ്ങി നൈറ്റ്‌സ്. വ്യത്യസ്തമായി.

ഫഹദ് ഫാസില്‍ അഭിനയിച്ച ഷമ്മി എന്ന കഥാപാത്രം പൊള്ളയായ താന്‍പോരിമ ഉള്ള മലയാളി പുരുഷന്‍ തന്നെ. തന്റെ വീട്ടില്‍ താമസിക്കുന്ന വിദേശി സ്ത്രീയുമായി ഒരു പുരുഷനെ കാണുമ്പോള്‍ അത് സദാചാര വിരുദ്ധം എന്ന് അട്ടഹസിക്കുന്ന അയാള്‍ തന്നെ ഇതെങ്ങനെ സംഘടിപ്പിച്ചു എന്ന് ആരായുന്നും ഉണ്ട്..

ഫഹദിന്റെ ഷമ്മിക്ക് ഭ്രാന്തായത് ആ ചിത്രം എങ്ങനെ എങ്കിലും അവസാനിപ്പിക്കാനായല്ല മൊത്തം പുരുഷ ബോധത്തില്‍ ഭ്രാന്ത് എന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരം അസന്തുലിതത്വങ്ങള്‍ തന്നെ ആണ് ഉള്ളത് എന്ന് ധ്വനിപ്പിക്കാനാണെന്ന് ഞാന്‍ കരുതുന്നു.അയാള്‍ക്ക് ആരെയും സ്‌നേഹിക്കാന്‍ ആവില്ല. ഭരിക്കാനും കളിയാക്കാനും ആജ്ഞാപിക്കാനുമേ അറിയൂ. അയാളുടെ ദൌര്‍ബല്യത്തിന്റെ മറയാണത്.

അക്കാര്യം അറിഞ്ഞാല്‍, വീടും നാട്ടുകാരും അറിഞ്ഞാല്‍ മറച്ചു വെക്കാന്‍ അയാള്‍ ഹിംസ പുറത്തെടുക്കും. അയാളുടെ പല്ലും നഖവും കൊമ്പും തേറ്റയും പുറത്ത് വരും. നെഞ്ചു വീര്‍പ്പിച്ചു പിടിക്കും. തല്ലിയും കൊന്നും ഭീഷണിപ്പെടുത്തിയും ശരിയാക്കാം എന്ന് അവസാനം വരെ വിചാരിക്കും. ടെന്‍ഷന്‍ ആവും. അവസാനം തകര്‍ന്നു പോവുകയും ചെയ്യും. നമുക്ക് ഷമ്മിയോടു പാവമാണ് തോന്നുക. എന്തൊരു പാഴ്ജീവിതം എന്ന്.

സ്ത്രീകള്‍ക്ക് പരുഷ സത്യങ്ങളെ മനസ്സിലാക്കാന്‍ കുറച്ചു കൂടി കഴിവുണ്ട് എന്നും സ്‌നേഹിക്കാനും പ്രണയിയെ തൊടാനും ചുറ്റി നടക്കാനും അവര്‍ക്കും ആഗ്രഹം ഉണ്ട് എന്നും പറയുമ്പോഴും പ്രണയത്തെയും കുടുംബത്തെയും പുനര്‍നിര്‍ണ്ണയിക്കാന്‍ ഈ ചിത്രത്തിനാവുന്നില്ല.

അമ്മയില്ലാത്ത വീട്, പെണ്ണില്ലാത്ത വീട്, പിശാച് പിടിച്ച ഒരു വീടാണ്, അവിടെ എപ്പോഴും വഴക്കും ലഹളയുമാണ്. നായിക ട്രൂ ലവ്വിന്റെ കാലം കഴിഞ്ഞോ എന്ന് ചോദിക്കുന്നു. ട്രൂ ലവ് വെറും ഒരു പരസ്പരാകര്‍ഷണം മാത്രമോ. പണത്തിനോ ഭംഗിക്കൊ നിങ്ങള്‍ വില കൊടുക്കുന്നില്ല ,പക്ഷെ എന്തായിരിക്കും, എന്താകണം സ്ത്രീ പുരുഷ ബന്ധത്തിന്റെ അടിത്തറ എന്ന് നോക്കുന്നേ ഇല്ല പടം .എങ്ങനെ നോക്കാന്‍? ആരെ “തൊട്ട്” നോക്കാന്‍. ആര്‍ക്കറിയാം സ്‌നേഹവും ജനാധിപത്യപരമായ കുടുംബവും ഏതെന്നു? തിരിച്ചു വരാത്ത അമ്മയും വീട് സ്വയം സുഖമുള്ളതാക്കാന്‍ കഴിയാത്ത മക്കളും ഒരേ വിശ്വാസക്കാര്‍ തന്നെ. പുതിയ തലമുറക്കാരനായ ഇളയ അനുജനാണ് കുറച്ചെങ്കിലും വീട് ശരിയാക്കാന്‍ നോക്കുന്നത്.

ഇതിലെ സ്ത്രീകളില്‍ ആരും വലിയ ധൈര്യക്കാരോ കലാപകാരികളോ അല്ല. ഷമ്മിയുടെ ഭാര്യ ഒരു പെടിത്തൊണ്ടിയാണ്. അയാളെ പ്രസാദിപ്പിക്കാനാണ് അവളും അമ്മയും എപ്പോഴും നോക്കുന്നത്. എല്ലാ വീടുകളിലും അതങ്ങനെ തന്നെ. കല്യാണം കഴിച്ചു വരുന്ന പുരുഷന്റെ സുഖത്തിലാണ് എല്ലാവര്‍ക്കും നേട്ടവും നോട്ടവും. ഷമ്മി ആണെങ്കില്‍ മൂന്നു പെണ്ണുങ്ങളുടെ “”ഭാരം”” ഒറ്റയ്ക്ക് വഹിക്കുന്ന ഒരു “”അതികായനും”” സത്യം പറയുന്ന നായികയും കൂട്ടുകാരിയും പക്ഷെ ജീവിതത്തെ നേര്‍ക്കു നേര്‍ ഒരു ചന്തപ്പെടുത്തലും ഇല്ലാതെ കാണുന്നു.

ഈ ചിത്രത്തിന്റെ ക്യാമറ തുടങ്ങി പല കാര്യങ്ങളെയും പ്രത്യേകം പറയേണ്ടതുണ്ട്. സംവിധായകന്റെ കന്നിചിത്രവും ആണ്. പലതും ഞാന്‍ വിട്ടു പോയിട്ടുണ്ട്. ഇന്നലെ സിനിമ കണ്ടു വന്നതിനു ശേഷം എന്റെ മനസ്സിലൂടെ ഓടിയ ചില കാര്യങ്ങള്‍ പറഞ്ഞു എന്നെ ഉള്ളൂ.

കേരളത്തിലെ കുടുംബങ്ങളും സ്ത്രീ പുരുഷ ബന്ധങ്ങളും അടി തകര്‍ന്ന ഒരു അണക്കെട്ടാണ്. അടി കരിഞ്ഞ ഒരു മരമാണ്. സ്ത്രീകളുടെ കന്യകാത്വവും പാതിവ്രത്യവും കൊണ്ടാണ് എല്ലാ സിനിമകളും ഇതിഹാസങ്ങള്‍ തൊട്ടുള്ള ഭാരതീയ ഗ്രന്ഥങ്ങളും ജീവിച്ചത്. സീത, കുന്തി, ദ്രൌപദി എല്ലാവരും ഈ മൂല്യങ്ങളില്‍ പെട്ട് ശ്വാസം മുട്ടിയവരാണ്..

സ്ത്രീക്ക് ഏറ്റവും പ്രധാനം ചാരിത്ര്യം ആണത്രേ. പുരുഷന് വാക്കും..അതായത് തന്തക്കു പിറന്നു എന്നാ തറവാടിത്ത ഘോഷണം.
അതിന്റെ ബാക്കി പത്രമാണ് ശബരിമല.നമ്മുടെ അധികാര രാഷ്ട്രീയം,ജാതി വോട്ടുകള്‍.

പ്രാദേശികത പാപമാണോ..ദൈവമേ. മധു സി നാരായണന്‍ ഈ എന്നെ പോലെ ഒരു ഷൊകര്‍ണൂരുകാരന്‍ ആണത്രേ.സന്തോഷം.

വി.എം ഗിരിജ

കവി, മൂന്നുപതിറ്റിലേറെയായി ആകാശവാണിയില്‍ പ്രോഗ്രാം അനൗണ്‍സറാണ്. ഇപ്പോള്‍ കൊച്ചി എഫ്.എമ്മില്‍

We use cookies to give you the best possible experience. Learn more