| Tuesday, 3rd February 2026, 9:55 pm

ജനകീയ പ്രക്ഷോഭം വിജയം; കുമ്പള ടോള്‍ ബൂത്ത് അടച്ചുപൂട്ടും; ക്രെഡിറ്റ് സ്വന്തമാക്കാന്‍ ബി.ജെ.പി; പരിഹസിച്ച് ആക്ഷന്‍ കമ്മിറ്റി

അനിത സി

കാസര്‍കോട്: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കാസര്‍കോട് കുമ്പള ആരിക്കാടിയിലെ ടോള്‍ ബൂത്ത് അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. ടോള്‍ ബൂത്ത് അടയ്ക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ടോള്‍ പിരിവ് സംബന്ധിച്ച് ഹൈക്കോടതിയുടെ വിധി വരാനിരിക്കെയാണ് കേന്ദ്രത്തിന്റെ നടപടി.

സംയുക്ത രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മ എട്ട് മാസത്തോളമായി നടത്തി വരുന്ന കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്നാണ് കുമ്പളയിലെ ടോള്‍ ബൂത്ത് അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, ടോള്‍ ബൂത്ത് അടയ്ക്കാനെടുത്ത തീരുമാനത്തിന്റെ ക്രെഡിറ്റെടുക്കാനായി രാഷ്ട്രീയ പോര് ആരംഭിച്ചതും ചര്‍ച്ചയാവുകയാണ്. ബി.ജെ.പി നടത്തിയ ശക്തമായ ഇടപെടലാണ് ടോള്‍ ബൂത്ത് പൂട്ടുന്നതിലേക്ക് നയിച്ചതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വാദം.

ടോള്‍ ബൂത്ത് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച വിവരം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് നേരിട്ട് കൈമാറിയെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.

കേന്ദ്രത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ടോള്‍ പ്ലാസ ഒഴിവാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കും മഞ്ചേശ്വരത്തെ ജനങ്ങള്‍ക്ക് വേണ്ടി നന്ദി അറിയിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ഇത്തവണയും മത്സരിക്കാനൊരുങ്ങുന്നതിനിടെയാണ് കെ. സുരേന്ദ്രന്റെ പ്രതികരണം.

ടോള്‍ ഗേറ്റ് പൂര്‍ണമായി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും 48 മണിക്കൂറിനുള്ളില്‍ ടോള്‍ ബൂത്ത് പൂര്‍ണമായും പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയെന്നും ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വനി മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാല്‍, ജനകീയ സമരത്തില്‍ പങ്കെടുക്കാത്ത രണ്ട് കൂട്ടരില്‍ ഒന്ന് ബി.ജെ.പിയും മറ്റൊന്ന് എസ്.ഡി.പി.ഐയുമാണെന്ന് സംയുക്ത ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോയിലൂടെ പറഞ്ഞു.

ജനങ്ങളുടെ സമരത്തെ തുടര്‍ന്ന് ടോള്‍ പിരിവ് അവസാനിപ്പിക്കുമ്പോള്‍ എട്ടുകാലി മമ്മൂഞ്ഞുകളെ പോലെ ക്രെഡിറ്റ് അടിച്ചെടുക്കാനാണ് ഇവരുടെ ശ്രമമെന്ന് സംയുക്ത ആക്ഷന്‍ കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നവരിലൊരാളായ സി.പി.ഐ.എം കുമ്പള ഏരിയ സെക്രട്ടറി സി.എ. സുബൈര്‍ വിമര്‍ശിച്ചു.

കോടതിയില്‍ തോറ്റ് തുന്നം പാടുമെന്ന് മനസിലായപ്പോള്‍ കേന്ദ്രം മുട്ടുമടക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ടോള്‍ വിരുദ്ധ സമരങ്ങളെ തുടര്‍ന്ന് സി.എ സുബൈര്‍, മുസ്‌ലിം ലീഗ് നേതാവായ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള തുടങ്ങിയ പത്ത് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

അതേസമയം, ടോള്‍ ബൂത്ത് അടയ്ക്കാനുള്ള തീരുമാനം ജനകീയ പ്രക്ഷോഭത്തിന്റെ ഉജ്ജ്വല വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് പ്രതികരിച്ചു.

ആരിക്കാടിയില്‍ ദീര്‍ഘനാളായി നാടിന്റെ കൂട്ടായ്മയില്‍ നടന്നുവരികയായിരുന്ന സമരത്തിന് മുന്നില്‍ കേന്ദ്രത്തിന് മുട്ടുമടക്കേണ്ടി വന്നിരിക്കുകയാണെന്ന് എം.എല്‍.എ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

ജനകീയ സമരത്തിന് മുന്നില്‍ മുട്ടുമടക്കാത്ത ഒരു കേന്ദ്രവുമില്ലെന്നും നാം ഒന്നിച്ച് നേടിയ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക ഉത്തരവില്ലാതെ ജനങ്ങളില്‍ നിന്നും അനധികൃതമായി പിരിച്ചെടുത്ത ടോള്‍ പണം ഉടനെ തിരികെ നല്‍കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

Content Highlight: Kumbala toll booth will be closed; BJP to take credit; Action Committee criticizes

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more