| Thursday, 13th September 2018, 10:30 am

കുമാരസ്വാമി സര്‍ക്കാറിനെ അട്ടിമറിച്ച് അധികാരം പിടിക്കാന്‍ ബി.ജെ.പി; 16 എം.എല്‍.എമാര്‍ക്ക് 100 കോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാറിനെ അട്ടിമറിച്ച് വീണ്ടും അധികാരം പിടിക്കാന്‍ ബി.ജെ.പിയുടെ ശ്രമം. 16 കോണ്‍ഗ്രസ് എം.എല്‍.എമാരെയെങ്കിലും കൂറുമാറ്റാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഇടഞ്ഞുനില്‍ക്കുന്ന ജാര്‍ക്കിഹോളി സഹോദരന്മാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുന്നതിനിടെയാണ് കുറുക്കു വഴിയിലൂടെ അധികാരം പിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്.

മൂന്നു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കു മന്ത്രിസ്ഥാനവും ബാക്കി നേതാക്കള്‍ക്ക് ഉപതിരഞ്ഞെടുപ്പിനെ നേരിടാനുള്ള മുഴുവന്‍ ചെലവും 100 കോടിയിലേറെ രൂപയുമാണു ബി.ജെ.പിയുടെ വാഗ്ദാനം. കോണ്‍ഗ്രസ് ദള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സഹായിച്ചാല്‍ മുനിസിപ്പല്‍ ഭരണമന്ത്രി രമേഷ് ജാര്‍ക്കിഹോളിക്ക് ഉപമുഖ്യമന്ത്രി പദമാണു ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും സൂചനയുണ്ട്.

അതേസമയം മന്ത്രി രമേഷ് ജാര്‍ക്കിഹോളിയെയും സഹോദരന്‍ സതീഷ് ജാര്‍ക്കിഹോളി എം.എല്‍.എയെയും കോണ്‍ഗ്രസ് കക്ഷിനേതാവ് സിദ്ധരാമയ്യ ഫോണില്‍ വിളിച്ച സംസാരിച്ചു, ധൃതിയില്‍ തീരുമാനം എടുക്കരുതെന്നു നിര്‍ദേശിച്ചതായാണ് സൂചന. ഇപ്പോള്‍ സിദ്ധരാമയ്യ യുറോപ്പിലാണ്.


Read Also : ലുക്ക് ഔട്ട് നോട്ടിസ് അപ്രത്യക്ഷമായതെങ്ങനെ; മല്യയുടെ വെളിപ്പെടുത്തല്‍ ബി.ജെ.പിയെ കൂടുതല്‍ കുരുക്കിലാക്കുന്നു


സര്‍ക്കാരില്‍ സമ്മര്‍ദമേറ്റുക വഴി, മന്ത്രിസഭാ വികസനത്തില്‍ മികച്ച സ്ഥാനം ഉറപ്പിക്കുകയാണു ജാര്‍ക്കിഹോളി സഹോദരന്മാരുടെ ലക്ഷ്യം.

16 കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂറുമാറ്റാനായാല്‍ കര്‍ണാടക നിയമസഭയിലെ 222 എം.എല്‍.എമാരുടെ അംഗബലം 206 ആയി കുറയും. ഈ സാഹചര്യത്തില്‍ കേവലഭൂരിപക്ഷം 104 ആകും. നിലവില്‍ 104 എം.എല്‍.എമാരുള്ള ബി.ജെ.പിക്ക് ഇതോടെ അധികാരത്തിലേറാനുള്ള വഴിതെളിയും. സഖ്യസര്‍ക്കാരിനു പിന്തുണ നല്‍കുന്ന സഭയിലെ ഏക സ്വതന്ത്രനെ വലയിലാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

അതേസമയം അധികാരത്തിലെത്താന്‍ ബി.ജെ.പി 2008 -ല്‍ നടപ്പാക്കിയ “ഓപ്പറേഷന്‍ താമര” വീണ്ടും നടപ്പാക്കുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസും ജനതാദള്‍ എസും. മറ്റുകക്ഷികളുടെ എം.എല്‍.എ.മാരെയും താഴെത്തട്ടിലുള്ള നേതാക്കളെയും അധികാരവും പണവും വാഗ്ദാനംചെയ്ത് ബി.ജെ.പി.യില്‍ എത്തിക്കുന്നതാണ് ഓപ്പറേഷന്‍ താമരയുടെ രീതി.

ബി.ജെ.പി. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായ ബി.എസ്. യെദ്യൂരപ്പതന്നെയായിരുന്നു ഇതിന്റെ ഉപജ്ഞാതാവ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രതിപക്ഷ പാര്‍ട്ടികളുടെ താഴെത്തട്ടിലുള്ള ശൃംഖലതന്നെ തകര്‍ക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. എം.എല്‍.എ.മാര്‍ രാജിവെച്ച് വീണ്ടും ജനവിധി തേടുമെന്നതിനാല്‍ കൂറുമാറ്റനിരോധനം ഇതില്‍ തടസ്സമാകുകയുമില്ല.

2008-ല്‍ പ്രതിപക്ഷത്തെ ഏഴ് എം.എല്‍.എ.മാരെയാണ് ഇത്തരത്തില്‍ ബി.ജെ.പി. പാര്‍ട്ടിയിലെത്തിച്ചത്. ഇതില്‍ അഞ്ചുപേര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ സീറ്റും നല്‍കി. അങ്ങനെയാണ് 224 അംഗസഭയില്‍ ബി.ജെ.പി. 115 സീറ്റുമായി ഭൂരിപക്ഷം ഉറപ്പാക്കിയത്.

സംസ്ഥാനഘടകത്തിന്റെ പദ്ധതിയോട് പരസ്യമായി കണ്ണടച്ച കേന്ദ്രനേതൃത്വം പിന്നീടുനടന്ന ദേശീയ എക്‌സിക്യുട്ടീവില്‍ ഇക്കാര്യം മറ്റു ഘടകങ്ങള്‍ക്ക് സ്വീകരിക്കാവുന്ന മാതൃകയായി വിശദീകരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more