| Saturday, 11th October 2025, 8:05 pm

നരകത്തിലെ വിറകുകൊള്ളി മുതല്‍ മുളകിട്ട മത്തിക്കറി വരെ; ഫെമിനിച്ചിയില്‍ ചിരിപ്പിച്ച ഉസ്താദ് റഫറന്‍സുകള്‍

അമര്‍നാഥ് എം.

നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ശേഷം തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ. നവാഗതനായ ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞു ചിത്രം പറഞ്ഞുവെക്കുന്നത് വലിയ രാഷ്ട്രീയമാണ്. സ്ത്രീപക്ഷ രാഷ്ട്രീയം ഫോഴ്‌സ് ചെയ്ത് ചേര്‍ക്കാതെ വളരെ സട്ടിലായിട്ടാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുതുമുഖങ്ങളാണെങ്കില്‍ കൂടി തഴക്കം വന്ന പ്രകടനമായിരുന്നു എല്ലാ ആര്‍ട്ടിസ്റ്റുകളും കാഴ്ചവെച്ചത്. അതില്‍ എടുത്തുപറയേണ്ടത് കുമാര്‍ സുനില്‍ അവതരിപ്പിച്ച അഷ്‌റഫ് ഉസ്താദാണ്. മുമ്പ് പല സിനിമകളിലും ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട കുമാറിന്റെ ആദ്യ മുഴുനീളവേഷം ഗംഭീരമാക്കിയെന്ന് തന്നെ പറയാനാകും. ഇരുത്തത്തിലും നടത്തത്തിലും ഉസ്താദിന്റെ ശരീരഭാഷ മുഴുവന്‍ കുമാറില്‍ ഭദ്രമായിരുന്നു.

സോഷ്യല്‍ സറ്റയറായി ഒരുക്കിയ ചിത്രത്തില്‍ അടുത്തിടെ വൈറലായ പല റഫറന്‍സുകളും ഉപയോഗിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഉസ്താദുമാരുടെ പ്രസംഗത്തിലെ വിവാദമായ ഭാഗങ്ങളെല്ലാം കോമഡിയുടെ രൂപത്തില്‍ സിനിമയില്‍ ആദ്യാവസാനം ഉപയോഗിച്ചിട്ടുണ്ട്. ഇതെല്ലാം മനപൂര്‍വം തിരുകിയതാണെന്ന് ഒരിടത്തും തോന്നാത്ത തരത്തില്‍ സ്‌ക്രിപ്റ്റില്‍ ഉള്‍പ്പെടുത്തിയ സംവിധായകന് പ്രത്യേക കൈയടി നല്‍കണം.

പനി ബാധിച്ച് കിടക്കുന്ന കുട്ടിക്ക് വേണ്ടി ഓതിച്ച വെള്ളം ഉണ്ടാക്കുന്ന അഷ്‌റഫ് ഉസ്താദിനെ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. പനിയും വിറയലുമുണ്ടെന്ന് പറയുമ്പോള്‍ കുട്ടിയെ കട്ടിലില്‍ ഇരുത്തി ഓതിയ വെള്ളം കൊടുക്കണമെന്നാണ് ഉസ്താദ് നിര്‍ദേശിക്കുന്നത്. എന്നാല്‍ അതേ ഉസ്താദിന്റെ അമ്മക്ക് പനി ബാധിക്കുമ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കുന്നതും ചിത്രത്തില്‍ കാണാന്‍ സാധിക്കും.

ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ കാണുന്ന മകളെ അഷ്‌റഫ് ഉപദേശിക്കുന്ന സീനും ചിത്രത്തിലുണ്ട്. ഫേസ്ബുക്ക് പോലെയാണ് ഇന്‍സ്റ്റഗ്രാം എന്ന് മകള്‍ പറയുമ്പോള്‍ ‘ഫേസ്ബുക്ക് ഇല്‍മ് (അറിവ്) ആണെന്നും ഇന്‍സ്റ്റഗ്രാം അങ്ങനെയല്ല. അതില്‍ കിടന്ന് തുള്ളുന്ന പെണ്‍കുട്ടികള്‍ നരകത്തിലെ വിറകുകൊള്ളികളാണ്’ എന്നാണ് ഉസ്താദിന്റെ മറുപടി. അങ്ങനെയാകാന്‍ ഉദ്ദേശമുണ്ടെങ്കില്‍ ഇവിടുത്തെ അടുപ്പിലെ വിറകുകൊള്ളി മുഖത്ത് പതിക്കുമെന്നും ഉസ്താദ് മകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഉണക്കാനിട്ട മെത്തയില്‍ നായ കയറാതിരിക്കാന്‍ ‘അസ്തഫിറുള്ള’ എന്ന് കടലാസില്‍ എഴുതി മെത്തയുടെ അടുത്ത് കുത്തിവെച്ചാല്‍ മതിയെന്ന് അഷ്‌റഫ് ഭാര്യയോട് പറയുന്നുണ്ട്. അതേപടി അക്കാര്യം ഫാത്തിമ അനുസരിച്ചിട്ടും മെത്തയില്‍ നായ കയറുന്ന രംഗം സിനിമയിലുണ്ട്. താന്‍ പറഞ്ഞുകൊടുത്ത കാര്യത്തിന് ഫലമില്ലെന്ന് ആരും പറയാതിരിക്കാന്‍ ആ സംഭവം ഫാത്തിമയുടെ ശ്രദ്ധക്കുറവായി അഷ്‌റഫ് മാറ്റുന്നുണ്ട്.

പലിശ ഹറാമാണെന്ന് കരുതുന്ന അഷ്‌റഫ് ഉസ്താദ് ഫാത്തിമയെക്കൊണ്ട് ഇന്‍സ്റ്റാള്‍മെന്റില്‍ പോലും മെത്ത വാങ്ങാന്‍ സമ്മതിക്കുന്നില്ല. അയല്‍വക്കത്തെ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ ഡാന്‍സ് വീഡിയോ ചെയ്യുന്നതില്‍ പോലും ഉസ്താദ് അസ്വസ്ഥനാണ്. മകളെ ഉപദേശിച്ച് നന്നാക്കാന്‍ അയാള്‍ അയല്‍വക്കത്തെ സ്ത്രീയോട് പറയുന്നുണ്ട്.

പുതിയ വീടിന് കുറ്റിയടിക്കാന്‍ പോകുന്നിടത്തും അഷ്‌റഫ് ഉസ്താദ് ചിരിപ്പിക്കുന്നുണ്ട്. കുറ്റിയടിക്കുന്ന കാര്യങ്ങള്‍ നോക്കുന്ന എന്‍ജിനീയര്‍ പെണ്‍കുട്ടിയാണെന്നത് അയാള്‍ക്ക് നീരസം സമ്മാനിക്കുന്നു. അസിസ്റ്റന്റിനെക്കൊണ്ട് പണിയെടുപ്പിക്കുന്നത് കണ്ട് അയാള്‍ കൂടെയുള്ള ഉസ്താദിനോട് പരാതി പറയുന്നു. ‘എത്ര വലിയ എന്‍ജിനീയറാണെങ്കിലുമെന്താ, നല്ല മത്തി വാങ്ങിക്കൊടുത്താല്‍ മുളകിട്ട് കറിവെക്കാനറിയുമോ’ എന്നാണ് അഷ്‌റഫ് ഉസ്താദ് ചോദിക്കുന്നത്.

സമൂഹത്തില്‍ വിവാഹിതരായ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കൃത്യമായി വരച്ചുകാട്ടാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ഒരിടത്തും ഓവറാകാതെ കൃത്യമായ മീറ്ററിലാണ് ചിത്രം ആദ്യാവസാനം കഥപറയുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ഫെമിനിച്ചി ഫാത്തിമയെ മാറ്റിയതില്‍ പ്രധാന ഘടകം കഥയിലെ സ്വാഭാവികതയാണ്.

Content Highlight: Kumar Sunil’s character and performance in Feminichi Fathima movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more