ഫാസില്‍ മുഹമ്മദിന്റെ സംവിധാനത്തില്‍ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ. ചലച്ചിത്ര മേളകളില്‍ തിളങ്ങുകയും പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്ത സിനിമ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് കേരളത്തിലെ തീയേറ്ററുകളിലെത്തിച്ചത്.
ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയ നടനാണ് കുമാര്‍ സുനില്‍. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹം.
‘ഞങ്ങള്‍ ഈ സിനിമ ഷൂട്ട് ചെയ്ത് പകുതി ആയപ്പോള്‍ തന്നെ താമര്‍, നല്ല രീതിയിലാണ് സിനിമ മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞു. ഷൂട്ട് കഴിഞ്ഞ് അഞ്ചോ ആറോ ദിവസത്തിനുള്ളില്‍ തന്നെ മറ്റ് കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത് കൊടുക്കുന്നുണ്ട്. ഐ.എഫ്.എഫ്.കെ ക്ക് ഒന്ന് അയച്ച് നോക്കുന്നുണ്ടെന്ന് പിന്നീട് അവര്‍ പറഞ്ഞിരുന്നു
ഐ.എഫ്.എഫ്.കെ.യില്‍ അയക്കുക എന്ന് പറഞ്ഞാല്‍ ഒരു വലിയ കാര്യമല്ലേ എന്ന് ഞങ്ങളും വിചാരിച്ചു. കുറച്ച് ദിവസം കഴിഞ്ഞ് ഫാസില്‍ വിളിച്ച് പറഞ്ഞു ഐ.എഫ്.എഫ്.കെയില്‍ നമുക്ക് കിട്ടിയിട്ടുണ്ട്, കോമ്പറ്റീഷന്‍ വിഭാഗത്തിലേക്ക് തന്നെയാണ് കിട്ടിയതെന്ന് പറഞ്ഞപ്പോള്‍ അതിനേക്കാള്‍ വലിയ സന്തോഷമായി,’ കുമാര്‍ സുനില്‍ പറയുന്നു.
അന്ന് മുതല്‍ തങ്ങളെല്ലാവരും ഐ.എഫ്.എഫ്.കെക്കായി കാത്തിരിക്കുക ആയിരുന്നുവെന്നും ഫസ്റ്റ് സ്‌ക്രീനിങ്ങിന് ആളുകള്‍ കയറി കഴിഞ്ഞ് പുറത്ത് ഇറങ്ങി കഴിഞ്ഞപ്പോള്‍ തന്നെ വലിയ രീതിയില്‍ റെസ്‌പോണ്‍സുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘തിയേറ്റില്‍ പടം കുറച്ച് ഒന്ന് പോയി കഴിഞ്ഞപ്പോള്‍ ഓഡിയന്‍സിന്റെ റിയാക്ഷന്‍, ആ പള്‍സ് ഞങ്ങള്‍ക്ക് കൃത്യമായിട്ട് മനസിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നു. സിനിമയുടെ ഗ്രാഫ് എങ്ങനെയാണ് പോകുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലായി. സിനിമ കണ്ട് കഴിഞ്ഞ് വന്നപ്പോള്‍ വല്ലാത്തൊരു അന്തരീക്ഷമായിരുന്നു. കാരണം അത് വരെ അവിടുത്തെ സാധാരണക്കാരായിരുന്നു ഞങ്ങള്‍. ഞങ്ങളെ ആരും തിരിച്ചറിയുന്നില്ല. പിന്നെ ഞങ്ങളങ്ങോട്ട് സെലിബ്രിറ്റീസായി,’ കുമാര്‍ സുനില്‍ പറഞ്ഞു.
Content highlight: Kumar Sunil about Feminichi Fatima movie