| Thursday, 25th September 2025, 9:00 pm

രാജസ്ഥാനില്‍ സഞ്ജുവിന് കരുത്താകാന്‍ ഇതിഹാസം തിരികെയെത്തുന്നു; ഹല്ലാ ബോല്‍ ഉയര്‍ന്നുകേള്‍ക്കും

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സ് പരിശീകനായി ഇതിഹാസ താരം കുമാര്‍ സംഗക്കാര മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്. പരിശീലക സ്ഥാനത്ത് നിന്നും രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയതിന് പിന്നാലെയാണ് സംഗക്കാര ഒരിക്കല്‍ക്കൂടി പിങ്ക് ആര്‍മിയുടെ പരിശീലകന്റെ കുപ്പായമണിയുന്നത്.

ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം 2026 സീസണിനുള്ള മുന്നൊരുക്കങ്ങള്‍ സംഗക്കാര ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന രാജസ്ഥാനെ പഴയതുപോലെ ഒരു ടീമായി മാറ്റിയെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് സംഗക്കാരക്ക് മുമ്പിലുള്ളത്.

2021ലാണ് സംഗ പ്രധാന പരിശീലകനായി രാജസ്ഥാനൊപ്പം ചേരുന്നത്. 2022ലെ ഫൈനല്‍ പ്രവേശമടക്കം നാല് സീസണില്‍ രണ്ട് തവണ സംഗയും ക്യാപ്റ്റന്‍ സഞ്ജു സാംസണും രാജസ്ഥാനെ പ്ലേ ഓഫിലെത്തിച്ചു.

2008ന് ശേഷം ആദ്യമായി സംഗക്കാരയ്ക്ക് കീഴിലാണ് രാജസ്ഥാന്‍ ഐ.പി.എല്ലിന്റെ ഫൈനല്‍ കളിക്കുന്നത്. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടെങ്കിലും രാജസ്ഥാന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

2023ല്‍ അഞ്ചാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. അടുത്ത സീസണില്‍ പ്ലേ ഓഫില്‍ പ്രവേശിച്ചെങ്കിലും രണ്ടാം ക്വാളിഫയറില്‍ പരാജയപ്പെടുകയായിരുന്നു.

2025 സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് രാഹുല്‍ ദ്രാവിഡിനെ പ്രധാന പരിശീലകനായി ചുമതലപ്പെടുത്തി. 2024 ടി-20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങിയതിന് പിന്നാലാണ് രാജസ്ഥാന്‍ തങ്ങളുടെ പഴയ ക്യാപ്റ്റനെ പുതിയ റോളില്‍ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലെത്തിച്ചത്.

2012, 2013 സീസണുകളില്‍ രാജസ്ഥാനെ നയിച്ച താരം 2014, 2015 സീസണില്‍ ടീമിന്റെ മെന്ററായും സേവനമനുഷ്ഠിച്ചിരുന്നു.

ദ്രാവിഡിന് കീഴില്‍ രാജസ്ഥാന് തിളങ്ങാനായിരുന്നില്ല. കഴിഞ്ഞ സീസണില്‍ രാജസ്ഥാന് പത്ത് മത്സരത്തില്‍ വെറും നാലെണ്ണം മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു രാജസ്ഥാന്‍.

സ്ഥാനമേറ്റെടുത്തതിന് പിന്നാലെയുള്ള അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ ആരാധകര്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങളുണ്ടാക്കിയിരുന്നു. ഐ.പി.എല്‍ പ്ലെയര്‍ റിറ്റെന്‍ഷനില്‍ ജോസ് ബട്‌ലറിനെയടക്കം വിട്ടുകൊടുത്തതും, താരലേലത്തില്‍ മികച്ച താരങ്ങളെ സ്വന്തമാക്കാതിരുന്നതുമാണ് ആരാധകരെ ചൊടിപ്പിച്ചത്. സ്റ്റേബിളായ ഒരു ടീമിനെ ദ്രാവിഡ് തകര്‍ത്തുകളഞ്ഞു എന്നാണ് ആരാധകര്‍ ഒരുപോലെ പറഞ്ഞത്.

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളിലും ആരാധകര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയവരില്‍ ദ്രാവിഡുമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാണ് സഞ്ജുവിന്റെ എക്സിറ്റിന് കാരണമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിച്ചത്.

Content Highlight: Kumar Sangakkara returns as Rajasthan Royals’ head coach

We use cookies to give you the best possible experience. Learn more