| Saturday, 30th May 2026, 8:52 am

അവന്‍ രാജസ്ഥാനൊപ്പം ഉണ്ടാവണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു: സംഗക്കാര

Sudev A

ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് പുറത്തായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനോട് ഏഴ് വിക്കറ്റിന് പരാജയപ്പെട്ടാണ് രാജസ്ഥാന്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം അനായാസമായി മറികടന്നു.

ഈ തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ നിരയില്‍ ഉണ്ടാവണമെന്ന് ആഗ്രഹിച്ച താരമാരായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പരിശീലകന്‍ കുമാര്‍ സംഗക്കാര. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറനെക്കുറിച്ചാണ് ലങ്കന്‍ ഇതിഹാസം സംസാരിച്ചത്.

”സീസണ്‍ അവസാനിക്കുന്നതിന് മുമ്പായി സാം കറന് പരിക്കേറ്റതായി ഞങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അവന്‍ സറേക്ക് വേണ്ടി രണ്ടോ മൂന്നോ മത്സരങ്ങളില്‍ കളിക്കുന്നത് ഞാന്‍ കണ്ടു. ഇത് ഞങ്ങള്‍ക്ക് നിരാശയുണ്ടാക്കി. അവന്‍ രാജസ്ഥനൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു,’ കുമാര്‍ സംഗക്കാര പറഞ്ഞു.

സാം കറൻ

സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കൈമാറിയാണ് ഇംഗ്ലീഷ് ഓള്‍ റൗണ്ടറെ രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നത്. സാം കറനൊപ്പം ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും രാജസ്ഥാനിലെത്തിയിരുന്നു. എന്നാല്‍ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് ഇംഗ്ലണ്ട് താരം പരിക്കേറ്റ് പുറത്താവുകയായിരുന്നു.

എന്നാല്‍ പരിക്കില്‍ നിന്നും മുക്തനായി സാം കറന്‍ വൈറ്റാലിറ്റി ടി-20 ബ്ലാസ്റ്റില്‍ സറേക്ക് വേണ്ടി കളിച്ചിരുന്നു. ഇതുവരെ മൂന്ന് മത്സരങ്ങളിലാണ് താരം സറേക്ക് വേണ്ടി കളത്തിലിറങ്ങിയത്. സാം കറന് പകരക്കാരനായാണ് ശ്രീലങ്കന്‍ താരം ദാസുന്‍ ഷനകയെയാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്.

അതേസമയം രാജസ്ഥാനെതിരെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറി കരുത്തിലാണ് ഗുജറാത്ത് വിജയിച്ചു കയറിയത്. 53 പന്തില്‍ 104 റണ്‍സ് നേടിയാണ് ഗില്‍ തിളങ്ങിയത്. 15 ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതായിരുന്നു ഗുജറാത്ത് നായകന്റെ ഇന്നിങ്‌സ്. ഗില്ലിന് പുറമെ അര്‍ധ സെഞ്ച്വറി നേടിയ സായ് സുദര്‍ശനും ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി. 32 പന്തില്‍ നിന്നും എട്ട് ഫോറുകളും ഒരു സിക്‌സുമടക്കം 58 റണ്‍സാണ് ആണ് സുദര്‍ശന്‍ നേടിയത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 47 പന്തില്‍ 96 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. എട്ട് ഫോറുകളും ഏഴ് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്‌സ്.

Content Highlight: Kumar Sangakara talks about Sam Curran absence of Rajasthan Royals in IPL

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more