ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം ശ്രീലങ്കക്കെതിരെ ഇന്ത്യ ആവേശകരമായ വിജയം സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ ഓവറിലാണ് സൂര്യയും സംഘവും ജയിച്ച് കയറിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയും നിശ്ചിത ഓവറില്‍ ഇതേ സ്‌കോറില്‍ എത്തിയതോടെ കളി സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു.
സൂപ്പര്‍ ഓവറില്‍ ശ്രീലങ്ക ഉയര്‍ത്തിയ മൂന്ന് റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. ഒന്നാം പന്തില്‍ തന്നെ ഈ റണ്‍സ് നേടി മെന്‍ ഇന്‍ ബ്ലൂ വിജയം പിടിച്ചെടുത്തു.
മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസലങ്കയുടെ വിക്കറ്റാണ് താരം പിഴുതത്. നാല് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ പ്രകടനം.
ഈ പ്രകടനത്തോടെ ഒരു സൂപ്പര്‍ നേട്ടമാണ് കുല്‍ദീപ് തന്റെ പേരില്‍ ചാര്‍ത്തിയത്. ടി – 20 ഏഷ്യാ കപ്പ് ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 13 വിക്കറ്റുകള്‍ നേടിയാണ് സ്പിന്നര്‍ നേട്ടം കുറിച്ചത്. താരം ഈ നേട്ടത്തില്‍ തലപ്പത്തെത്തിയത് യു.എ.ഇയുടെ അംജദ് ജാവേദിനെ മറികടന്നാണ്.
(താരം – ടീം – വിക്കറ്റ് – വര്‍ഷം എന്നീ ക്രമത്തില്‍)
കുല്‍ദീപ് യാദവ് – ഇന്ത്യ – 13 – 2025*
അംജദ് ജാവേദ് – യു.എ. ഇ – 12 – 2016
അല്‍ അമീന്‍ ഹൊസൈന്‍ – ബംഗ്ലാദേശ് – 11 – 2016
മുഹമ്മദ് നവീദ് – യു.എ.ഇ – 11 – 2016
ഭുവനേശ്വര്‍ കുമാര്‍ – ഇന്ത്യ – 11 – 2022
വാനിന്ദു ഹസരങ്ക – ശ്രീലങ്ക – 9 – 2022
കുല്‍ദീപിന് പുറമെ, ഇന്ത്യക്കായി ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 31 പന്തില്‍ 61 റണ്‍സ് സ്‌കോര്‍ ചെയ്തു. ഒപ്പം തിലക് വര്‍മയും സഞ്ജു സാംസണും മികച്ച പ്രകടനം നടത്തി. തിലക് 49 റണ്‍സ് നേടിയപ്പോള്‍ സഞ്ജു 39 റണ്‍സും സ്വന്തമാക്കി.
ശ്രീലങ്കക്കായി പാതും നിസങ്കയും കുശാല്‍ പെരേരയും മികച്ച ബാറ്റിങ് പുറത്തെടുത്തു. നിസങ്ക 58 പന്തില്‍ 107 റണ്‍സ് നേടിയപ്പോള്‍ പെരേര 32 പന്തുകള്‍ നേരിട്ട് 58 റണ്‍സ് എടുത്തു.
Content Highlight: Kuldeep Yadav registers most wickets in a single T20 Asia Cup edition