ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് മുന്‍ ചാമ്പ്യന്‍മാരുടെ വിജയം.
ദല്‍ഹി ഉയര്‍ത്തിയ 143 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത 34 പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു. ഇതോടെ കൊല്‍ക്കത്ത ഒമ്പത് പോയിന്റുമായി ഏഴാം സ്ഥാനത്തെത്തി. ഫിന്‍ അലന്റെ സെഞ്ച്വറി കരുത്തിലാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ദല്‍ഹിയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു. ഇംപാക്ട് പ്ലെയറായി വന്ന് മൂന്ന് ഓവറില്‍ 41 റണ്‍സാണ് താരം വഴങ്ങിയത്. 13.67 എന്ന എക്കോണമിയിലായിരുന്നു കുല്‍ദീപിന്റെ ബൗളിങ്. അഞ്ച് സിക്‌സറുകളാണ് കുല്‍ദീപ് മത്സരത്തില്‍ വഴങ്ങിയത്. കാമറൂണ്‍ ഗ്രീന്‍ ഒരു സിക്‌സ് കുല്‍ദീപിനെ അടിച്ചപ്പോള്‍ ഫിന്‍ അലനും താരത്തെ പൊതിരെ തല്ലി. ഇതോടെ ഒരു നാണംകെട്ട റെക്കോഡില്‍ ഒന്നാമനായി തുടരുകയാണ് കുല്‍ദീപ്. നിലവില്‍ 2026ലെ ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ വഴങ്ങുന്ന താരമായി മാറുകയാണ് കുല്‍ദീപ് യാദവ്.
കുല്‍ദീപ് യാദവ്
കുല്‍ദീപ് യാദവ് – 29
നാന്ദ്രെ ബര്‍ഗര്‍ – 21
മാര്‍ക്കോ യാന്‍സന്‍ – 20
കഗീസോ റബാദ – 20
ടി നടരാജന്‍ – 19
റാഷിദ് ഖാന്‍ – 18
ഈഷന്‍ മലിംഗ – 18
മത്സരത്തില്‍ ഫിന്‍ അലന്റെ സെഞ്ച്വറി കരുത്തിലാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ അലന്‍ 47 പന്തില്‍ 10 കൂറ്റന്‍ സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 100 റണ്‍സ് നേടി പുറത്താകാതെയാണ് കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചത്. 212.77 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ന്യൂസിലാന്‍ഡ് താരത്തിന്റെ ബാറ്റിങ്. മത്സരത്തിലെ താരമെന്ന നേട്ടത്തിന് പുറമെ ഏറ്റവും കൂടുതല്‍ ഫോറും സിക്‌സും സ്‌ട്രൈക്ക് റേറ്റും നേടുന്ന താരത്തിനുള്ള അവാര്‍ഡും താരത്തിനായിരുന്നു.
മത്സരത്തില്‍ അലന് പുറമെ 27 പന്തില്‍ 33 റണ്‍സ് നേടി കാമറൂണ്‍ ഗ്രീനും പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (13), ആംഗ്രിഷ് രഘുവാംശി (1) എന്നിവരെയായിരുന്നു കൊല്‍ക്കത്തയ്ക്ക് നഷ്ടപ്പെട്ടത്. രഹാനെയെ സ്റ്റാര്‍ക്ക് റണ്‍ഔട്ടില്‍ കുരുക്കിയപ്പോള്‍ രഘുവംശിയെ അക്‌സര്‍ പട്ടേലാണ് കൂടാരം കയറ്റിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദല്‍ഹിക്കായി ഉയര്‍ന്ന സ്‌കോര്‍ നേടിയത് പാതും നിസങ്കയാണ്. 29 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്. അശുതോഷ് ശര്‍മ 28 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 93 റണ്‍സും നേടി. രാഹുല്‍ 23 റണ്‍സും നേടി കൂടാരം കയറിയിരുന്നു. മറ്റാര്‍ക്കും കാര്യമായ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാത്തത് ടീമിന് തിരിച്ചടിയായി.
Content Highlight: Kuldeep Yadav In Unwanted record In IPL 2026