| Thursday, 2nd October 2025, 3:04 pm

ബുംറയുടെ തീയണച്ച് കുല്‍ദീപിന്റെ ചൈനാമാന്‍ ഇഫക്ട്; റെഡ് ബോളില്‍ ഇവന്റെ മായാജാലം തുടരുന്നു...

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 162 റണ്‍സിന് പുറത്തായി വെസ്റ്റ് ഇന്‍ഡീസ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ ബൗളിങ്ങിന് മുമ്പില്‍ മുട്ടുകുത്തുകയായിരുന്നു വിന്‍ഡീസ് പട. സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുംറയുടെയും കരുത്തിലാണ് ഇന്ത്യന്‍ സംഘം രണ്ടാം സെഷനില്‍ തന്നെ കരീബിയന്‍ പടയുടെ ഇന്നിങ്‌സിന് വിരാമമിട്ടത്. സിറാജ് നാല് വിക്കറ്റും ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും നേടിയാണ് വിന്‍ഡീസിനെതിരെ തകര്‍ത്താടിയത്.

ഇവര്‍ക്ക് പുറമെ വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും നേടി മികവ് പുലര്‍ത്തി. ആറ് ഓവറുകള്‍ എറിഞ്ഞ് 25 റണ്‍സ് വിട്ടുകൊടുത്താണ് കുല്‍ദീപ് ബൗളെറിഞ്ഞത്. 4.5 എന്ന എക്കോണമിയും കുല്‍ദീപിനുണ്ട്.

ഇതിന് പുറമെ ഒരു തകര്‍പ്പന്‍ നേട്ടമാണ് കുല്‍ദീപ് സ്വന്തമാക്കിയത്. ടെസ്റ്റില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് നേടുന്ന ഇന്ത്യന്‍ ബൗളറാകാനാണ് താരത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ സൂപ്പര്‍ പേസര്‍ ജസ്ര്പീത് ബുംറയെ മറികടന്നാണ് കുല്‍ദീപ് മുന്നിലെത്തിയത്.

ടെസ്റ്റില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് നേടുന്ന ഇന്ത്യന്‍ ബൗളര്‍ (മിനിമം 30 വിക്കറ്റ് നേടിയവര്‍)

കുല്‍ദീപ് യാദവ് – 36.7

ജസ്പ്രീത് ബുംറ – 42.4

അക്‌സര്‍ പട്ടേല്‍ – 46.1

ശര്‍ദുല്‍ താക്കൂര്‍ – 48.8

മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പിന്നാലെ, കരീബിയന്‍ സംഘത്തിന് തുടക്കം തന്നെ പതറിയിരുന്നു. നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ തഗ്‌നരെയ്ന്‍ ചന്ദര്‍പോളിനെ (11 പന്തില്‍ 0) വീഴ്ത്തി സിറാജ് വിന്‍ഡീസിന് പ്രഹരമേല്പിച്ചു.

ഏഴാം ഓവറില്‍ മറ്റൊരു ഓപ്പണറായ ജോണ്‍ കാംബെലിനെ (19 പന്തില്‍ എട്ട്) ജസ്പ്രീത് ബുംറ മടക്കിയയച്ചു. പിന്നാലെ, ക്രീസിലെത്തിയ ബ്രാന്‍ഡന്‍ കിങ്ങിനെയും അലിക് അതനാസെയെയും അടുത്തടുത്ത ഓവറില്‍ സിറാജ് മടക്കിയയച്ചു.

നാലാം വിക്കറ്റ് വീണത്തോടെ ഒന്നിച്ച റോസ്റ്റണ്‍ ചെയ്സ് – ഷായ് ഹോപ്പ് സഖ്യം ടീമിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ഏറെ വൈകാതെ കുല്‍ദീപ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു. 36 പന്തില്‍ 26 റണ്‍സ് എടുത്ത ഹോപ്പിനെ പുറത്താക്കിയാണ് താരം ഇന്ത്യയ്ക്ക് മറ്റൊരു ബ്രേക്ക് ത്രൂ നല്‍കിയത്. ഇരുവരും ചേര്‍ന്ന് 48 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്താണ് പിരിഞ്ഞത്. പിന്നാലെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞു.

ഉച്ചഭക്ഷണത്തിന് ശേഷം കളി തുടങ്ങി ഏറെ വൈകാതെ സിറാജ് വീണ്ടും വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്റെ വിക്കറ്റ് വീഴ്ത്തിയാണ് വിന്‍ഡീസിന് അടുത്ത് അടി ഇന്ത്യന്‍ സംഘം നല്‍കിയത്. 43 പന്തില്‍ 26 റണ്‍സ് എടുത്താണ് താരം പുറത്തായത്.

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ജസ്റ്റിന്‍ ഗ്രീവ്‌സും ഖാരി പിയറിയും 39 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മികച്ച ബാറ്റിങ് നടത്തി. 34 പന്തില്‍ 11 റണ്‍സ് നേടിയ പിയറിയെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കുകയായിരുന്നു.

ഏറെ വൈകാതെ ജസ്റ്റിന്‍ ഗ്രീവ്‌സിനെ ബുംറയും മടക്കിയയച്ചു. 48 പന്തില്‍ 32 റണ്‍സെടുത്ത വിന്‍ഡീസിന്റെ ടോപ് സ്‌കോററായാണ് താരം മടങ്ങിയത്. പിന്നാലെ, ജൊഹാന്‍ ലെയ്‌നെ ബുംറയും ജോമല്‍ വാരികനെ കുല്‍ദീപ് യാദവും മടക്കിയതോടെ വിന്‍ഡീസ് ഇന്നിങ്സ് 162 റണ്‍സിന് അവസാനിച്ചു.

Content Highlight: Kuldeep Yadav In Great Record Achievement

We use cookies to give you the best possible experience. Learn more