| Monday, 25th December 2017, 8:18 am

പാക് തടവറയില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ ഭാര്യയും അമ്മയും ഇന്ന് കാണും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചാരകുറ്റം ചുമത്തി പാകിസ്ഥാന്‍ അറസ്റ്റ് ചെയ്ത മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ ഭാര്യയും അമ്മയും ഇന്ന് കാണും. പാകിസ്ഥാനിലെത്തിയാണ് ഇരുവരും ജാദവുിനെ കാണുന്നത്. നിരവധി അഭ്യര്‍ത്ഥനകള്‍ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പാകിസ്താന്‍ അനുവദിച്ച ദിവസമാണിന്ന്.

ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ.പി സിംഗും ഇവരെ അനുഗമിക്കും. രണ്ട് വര്‍ഷത്തിന് ശേഷമാണ് വീട്ടുകാര്‍ ജാദവിനെ കാണുന്നത്. കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തിന് ഇത് വൈകാരികമായ നിമിഷങ്ങളാണെന്നും കൂടിക്കാഴ്ചയിലൂടെ അദ്ദേഹത്തിന്റെ അവസ്ഥ എന്താണെന്നറിയാനാകുമെന്നും ജാദവിന്റെ സുഹൃത്ത് അരവിന്ദ് സിംഗ് പറഞ്ഞു.

ഇന്ത്യക്കു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ചാണ് മുന്‍നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണെ പാകിസ്താന്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ പത്തിനായിരുന്നു കുല്‍ഭൂഷണ്‍ യാദവിന് പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ചത്.

കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ കുറ്റപത്രത്തിന്റെയും വിധിയുടേയും പകര്‍പ്പ് ഇന്ത്യ ആവശ്യപ്പെട്ടപ്പോള്‍ നിഷേധാത്മക സമീപനമായിരുന്നു പാകിസ്താന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്.

എപ്രില്‍ മാസത്തില്‍ തന്റെ മകനെ കാണണമെന്ന് കുല്‍ഭുഷന്റെ അമ്മ പാക് ഗവണ്‍മെന്റിന് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് മാനുഷിക പരിഗണന പാലിച്ചാണ് കൂടിക്കാഴ്ച്ചക്ക് പാക് കോടതി അനുമതി നല്‍കിയത്.

വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുല്‍ഭൂഷണ്‍ പാകിസ്ഥാനിലെ ഉന്നത സൈനിക കോടതിയെ നേരത്തേ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. ഇതിനെതിരെ ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കരുതെന്ന് കോടതി പാക്കിസ്ഥാനോട് നിര്‍ദ്ദേശിക്കുകയുണ്ടായി.

We use cookies to give you the best possible experience. Learn more