ഇംഫാല്‍: മണിപ്പൂരില്‍ കുക്കി വംശജര്‍ താമസിക്കുന്ന ഗ്രാമത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാങ്‌പോക്പി ജില്ലയിലെ ലോയ്‌ബോയ് ഖുല്ലെന്‍ ഗ്രാമത്തിലാണ് അക്രമ സംഭവങ്ങളുണ്ടായത്. പ്രദേശത്ത് ഏഴ് വീടുകള്‍ അക്രമികള്‍ തീവെച്ച് നശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ആക്രമണം നടത്തിയത് നാഗ സായുധ സംഘടനകളാണെന്ന് കുക്കി-സോ സംഘടനകള്‍ ആരോപിച്ചു.
തിരിച്ചറിയാത്ത തോക്കുധാരികളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം (എന്‍.എസ്.സി.എന്‍ – ഐ.എം) എന്ന നാഗാ സംഘടനയും അവരുടെ ബിനാമി സംഘടനയായ സെലിയാങ്‌റോങ് യുണൈറ്റഡ് ഫ്രണ്ടുമാണ് ആക്രമണത്തിന് പിറകിലെന്ന് കുക്കി സംഘടനയായ കുക്കി ഇന്‍പി മണിപ്പൂര്‍ ആരോപിച്ചു. നിഷ്ഠൂരമായ ആക്രമണമാണ് നടന്നതെന്നും സംഘടന അഭിപ്രായപ്പെട്ടു.
അതേസമയം, സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് കുക്കി ഇന്‍പി മണിപ്പൂര്‍ ആവശ്യപ്പെട്ടു. കുക്കി വിഭാഗത്തിലുള്ളവര്‍ പലായന ഭീഷണിയില്‍ കഴിയുമ്പോള്‍ എസ്.ഐ.ആര്‍ നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘടന ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
ദീര്‍ഘകാലമായി തുടരുന്ന വംശീയ സംഘര്‍ഷങ്ങളില്‍ പതിനായിരക്കണക്കിന് കുക്കി വംശജര്‍ക്ക് പലായനം ചെയ്യേണ്ടി വന്നതിനാല്‍ എസ്.ഐ.ആര്‍ നടപ്പാക്കിയാല്‍ അവര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താകുമെന്ന് സംഘടന ആശങ്ക പ്രകടിപ്പിച്ചു. കുക്കി-സോ സമുദായത്തിലുള്ള 59,000 പേര്‍ക്ക് മണിപ്പൂരില്‍ ആഭ്യന്തരമായി പലായനം ചെയ്യേണ്ടി വന്നതായി സംഘടന പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇവര്‍ ആരും വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താകില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ട അവശ്യ നടപടികള്‍ സ്വീകരിച്ച ശേഷം മാത്രം എസ്.ഐ.ആര്‍ പ്രക്രിയ ആരംഭിച്ചാല്‍ മതിയെന്നും അവര്‍ ആവശ്യപ്പെട്ടു.
മണിപ്പൂരില്‍ മെയ് 30നാണ് എസ്.ഐ.ആര്‍ പ്രക്രിയയുടെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (ബി.എല്‍.ഒ) ഭവന സന്ദര്‍ശനം ആരംഭിച്ചത്. ജൂലൈ അഞ്ചിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
ഇതിന് മുന്‍പും മണിപ്പൂരില്‍ നിന്നുള്ള സംഘടനകള്‍ സംസ്ഥാനത്ത് എസ്.ഐ.ആര്‍ നടപ്പാക്കുന്നതില്‍ ആശങ്കയും വിയോജിപ്പും അറിയിച്ചിരുന്നു.
അക്രമങ്ങളുടെയും പലായനത്തിന്റെയും അനന്തര ഫലങ്ങള്‍ അനുഭവിക്കുന്നവര്‍ രേഖകളില്‍ നിന്ന് കൂടി പുറത്താകാന്‍ കാരണമാവുന്ന തരത്തില്‍ എസ്.ഐ.ആര്‍ നടപ്പാക്കരുതെന്ന് മണിപ്പൂര്‍ ട്രൈബല്‍സ് ഫോറം ദല്‍ഹി (എം.ടി.എഫ്.ഡി) ആവശ്യപ്പെട്ടിരുന്നു.
പലായനം ചെയ്തവരെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളുണ്ടാക്കുന്നത് വരെ എസ്.ഐ.ആറില്‍ നിന്ന് മണിപ്പൂരിനെ ഒഴിവാക്കണണെന്ന് ഇന്റജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറവും ആവശ്യപ്പെട്ടിരുന്നു.
Content Highlight: Kuki villagers Killed in Violence: Kuki organisations raised concern over SIR