ഇംഫാല്‍: മണിപ്പൂരില്‍ കൃഷിഭൂമിയെ ചൊല്ലി വീണ്ടും സംഘര്‍ഷം. ഇംഫാല്‍ ഈസ്റ്റ്, കാങ്‌പോക്പി ജില്ലകളുടെ അതിര്‍ത്തിയിലാണ് മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
താഴ്‌വരയിലെ ഒരു ഗ്രാമത്തില്‍ കൃഷി ചെയ്യാനുള്ള അവകാശത്തെ ചൊല്ലിയാണ് ഇരുവിഭാഗങ്ങളിലെയും കര്‍ഷകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. താഴ്‌വരയ്ക്കും കുന്നിനുമിടയിലുള്ള ബഫര്‍ സോണ്‍ പ്രദേശമായ സാദു ലമ്പാക്കിനെ ചൊല്ലി സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു.
മെയ്തി വിഭാഗത്തില്‍ പെടുന്ന കര്‍ഷകന്‍ കുക്കി ഭൂരിപക്ഷ പ്രദേശത്ത് ട്രാക്ടറുമായി എത്തിയതോടെ വാക്കേറ്റമുണ്ടാവുകയായിരുന്നു. നെല്‍വയലിന്റെ ഉടമസ്ഥതയെ ചൊല്ലി വാക്കേറ്റമുണ്ടാവുകയായിരുന്നു.
അതേസമയം മണിപ്പൂരില്‍ വംശീയ കലാപം ഉണ്ടായത് മുതല്‍ യാതൊരു കൃഷിയും നടക്കാതിരുന്ന സ്ഥലത്ത് കൃഷി ചെയ്യാന്‍ അധികാരികളുടെ അനുമതി തേടിയതിന് ശേഷമാണ് ട്രാക്ടറുമായി എത്തിയതെന്നാണ് കര്‍ഷകന്‍ പറയുന്നത്.
സംഘര്‍ഷത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായും വാക്കേറ്റം സംഘര്‍ഷത്തിലേക്ക് വഴിവെച്ചതോടെ സുരക്ഷ സേന ഇടപെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊലീസ് ഇടപെട്ടതിന് പിന്നാലെ കര്‍ഷകര്‍ പിന്മാറുകയായിരുന്നു. സംഘര്‍ഷത്തിന്റെ വീഡിയോ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.
2023ല്‍ ഔദ്യോഗിക ഗോത്രപദവി നല്‍കണമെന്ന മെയ്തി വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ കുക്കി വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മണിപ്പൂരിലെ ഭൂരിപക്ഷമായ മെയ്തി വിഭാഗത്തെ പട്ടികവര്‍ഗമായി അംഗീകരിക്കുന്നത് തങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാകുമെന്ന് ആശങ്കപ്പെട്ടിരുന്ന കുക്കികള്‍ ഇതിനെതിരെ പ്രതിഷേധിക്കാന്‍ തുടങ്ങി. പിന്നാലെ അത് വര്‍ഗീയ കലാപമായി മാറുകയും ഭരണകൂടം ഇതിനെതിരെ മൗനം പാലിക്കുകയും ചെയ്തു.
നിരവധി സംഘര്‍ഷങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പിന്നാലെ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെക്കുകയും ചെയ്തിരുന്നു. പിന്നാലെ ഫെബ്രുവരി 13 മുതല്‍ മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിലാണ്. സംഘര്‍ഷത്തില്‍ 250ലധികം പേര്‍ കൊല്ലപ്പെടുകയും 60,000ത്തിലധികം പേര്‍ക്ക് പരിക്കേറ്റതായുമായിരുന്നു റിപ്പോര്‍ട്ട്.
Content Highlight: Kuki-Maythi clash over agricultural land in Manipur