| Saturday, 4th November 2023, 10:01 pm

ഭക്ഷണ പ്രേമികളുടെ മനം കവര്‍ന്ന് കുടുംബശ്രീയുടെ 'മലയാളി അടുക്കള'; മൂന്നു ദിവസം കൊണ്ട് രണ്ടര ദശലക്ഷം കടന്ന് വിറ്റുവരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭക്ഷണപ്രേമികളുടെ വയറും മനസും നിറച്ച് രുചിവൈവിധ്യങ്ങളുടെ കലവറയായി മാറിയ കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട് കേരളീയം 2023ന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. പ്രതിദിനം പതിനായിരക്കണക്കിന് ആളുകളാണ് കേരളത്തിന്റെ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ആസ്വദിക്കാന്‍ കനകക്കുന്നിലേക്ക് ഒഴുകുന്നത്. ‘മലയാളി അടുക്കള’ എന്നു പേരിട്ട ഫുഡ് കോര്‍ട്ടില്‍ കേരളത്തിലെ എല്ലാ പ്രാദേശിക രുചിവൈവിധ്യങ്ങളും ആസ്വദിച്ചറിയുന്നതിനുള്ള അപൂര്‍വ അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.

കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് 20.67 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്. ഉദ്ഘാടന ദിനമായ നവംബര്‍ ഒന്നിന് 2,74,000 രൂപയും രണ്ടിന് 7,65,000 രൂപയും ലഭിച്ചു. മൂന്നാം ദിവസം 10,27,600 രൂപയും നേടി. കനകക്കുന്നില്‍ സൂര്യകാന്തി വേദിക്ക് അഭിമുഖമായാണ് ഫുഡ് കോര്‍ട്ട് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ നടക്കുന്ന സായാഹ്ന പരിപാടികള്‍ ഭക്ഷണത്തോടൊപ്പം ആസ്വദിക്കാനും അവസരമുണ്ട്. അട്ടപ്പാടിയുടെ വനസുന്ദരി, കാസര്‍കോഡിന്റെ കടമ്പും കോഴിയും, ചിക്കന്‍ ചോറ്, ചാക്കോത്തി ചിക്കന്‍, ചിക്കന്‍ കൊണ്ടാട്ടം തുടങ്ങി ചിക്കന്‍ കൊണ്ട് തയ്യാറാക്കിയ നിരവധി സ്വാദിഷ്ഠ വിഭവങ്ങള്‍ക്ക് വലിയ ഡിമാന്റാണ്ട്.

കൂടാതെ കിളിക്കൂട്, ചിക്കന്‍ പത്തിരി, കല്ലുമ്മേക്കായ നിറച്ചത്, മുട്ടമാല, തുടങ്ങിയവയും ഫുഡ് കോര്‍ട്ടില്‍ ഹിറ്റായിരിക്കുകയാണ്. മികച്ച സ്വാദും ഗുണനിലവാരവുമുള്ള ഭക്ഷ്യവിഭവങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാകുന്നത് കുടുംബമായി വരുന്നവരെ ആകര്‍ഷിക്കുന്നു. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരുടെ നേതൃത്വത്തില്‍ ഫുഡ് കോര്‍ട്ട് സന്ദര്‍ശിക്കുന്നുണ്ട്. ആവശ്യമായ തുകക്ക് കൂപ്പണ്‍ എടുത്താല്‍ ഏതു സ്റ്റാളില്‍ നിന്നും ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങി കഴിക്കാനുള്ള വിപുലമായ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫുഡ് കോര്‍ട്ടിലേക്കാവശ്യമായ മുഴുവന്‍ ചിക്കനും കുടുംബശ്രീയുടെ കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നാണ് കൊണ്ടു വരുന്നത്. പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് ഫുഡ് കോര്‍ട്ടിന്റെ പ്രവര്‍ത്തനം. കുടുംബശ്രീ സൂക്ഷ്മ സംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പതിനാല് കാന്റീന്‍ കാറ്ററി യൂണിറ്റുകളാണ് ഫുഡ് കോര്‍ട്ടില്‍ പങ്കെടുക്കുന്നത്.

Content Highlight: Kudumbashree’s ‘Malayali Kitchen’ in Keraleeyam 2023; The turnover crossed two and a half million in three days

We use cookies to give you the best possible experience. Learn more