| Thursday, 15th October 2026, 7:15 pm

മുടി വെട്ടി താഴെ വീണുകിടക്കുന്നത് കണ്ടപ്പോള്‍ കരഞ്ഞുപോയി; അനുഭവം പങ്കുവെച്ച് കുടശനാട് കനകം

അശ്വിന്‍ രാജേന്ദ്രന്‍

‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തില്‍ ബേസില്‍ ജോസഫിന്റെ അമ്മയായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച നടിയാണ് കുടശനാട് കനകം. നാടക കലാകാരി കൂടിയായ കനകം, ‘ഗുരുവായൂരമ്പല നടയില്‍’ എന്ന ചിത്രത്തിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവ സാന്നിധ്യമായി മാറിയ താരം, ഈ വര്‍ഷം പുറത്തിറങ്ങി ഹിറ്റടിച്ച ‘വാഴ 2’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.

ഇന്ദ്രന്‍സിനെ കേന്ദകഥാപാത്രമാക്കി ഗപ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത് ഈ വര്‍ഷമാദ്യം തിയേറ്ററുകളിലെത്തിയ ആശാന്‍ എന്ന ചിത്രത്തിലും കുടശനാട് കനകം പ്രധാനവേഷത്തിലെത്തിയിരുന്നു. തിയേറ്ററില്‍ ചിത്രം വലിയ വിജയമായില്ലെങ്കിലും ഒ.ടി.ടി റിലീസിന് ശേഷം നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു. ചിത്രത്തില്‍ വയലറ്റ് എന്ന കഥാപാത്രത്തെയായിരുന്നു കനകം അവതരിപ്പിച്ചത്.

കുടശനാട് കനകം. Photo: X.com

ചിത്രത്തിനായി തന്റെ മുടി മുറിച്ചതിനെ കുറിച്ച് കനകം പറഞ്ഞ വാക്കുകളാണ് സിനിമാപ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു മുടി മുറിച്ചപ്പോള്‍ താനനുഭവിച്ച പ്രയാസത്തെ കുറിച്ച് കനകം സംസാരിച്ചത്.

‘ആശാന് വേണ്ടി എന്റെ മുടി വെട്ടിയിരുന്നു. അത് കണ്ടപ്പോള്‍ ഒരുപാട് വിഷമം തോന്നിയിരുന്നു. മുടി നിലത്ത് കിടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞുപോയി. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അത് ഒരുപാട് സങ്കടമുണ്ടാക്കുന്ന ഒന്നാണ്. ഒരു ആര്‍ടിസ്റ്റിനെ സംബന്ധിച്ച് കഥാപാത്രത്തിന് വേണ്ടി മുടിയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതായി വന്നേക്കാം. എന്നാല്‍ ആശാനില്‍ മുടി മുറിക്കണമെന്നും അത് റിങ്ങ് ചെയ്യണമെന്നും പറഞ്ഞു. ക്രൗഡിന്റെ കൂടെ നില്‍ക്കാന്‍ വേണ്ടിയല്ല എന്റെ മുടി മുറിച്ചത്. നല്ല കഥാപാത്രമായിരുന്നു.

ആശാന്‍. Photo: Book My Show

പക്ഷേ ഇങ്ങനെയല്ലാത്ത അനുഭവം എനിക്ക് രണ്ട് സിനിമയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. അത് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. കാരണം നമ്മള്‍ കാരണം ഏതെങ്കിലും സംവിധായകന് വിഷമം ഉണ്ടാകരുത്. ആശാന് വേണ്ടി മുടി വെട്ടേണ്ട എന്ന് ഞാന്‍ പറഞ്ഞിരുന്നു. വെട്ടാതെ ചെയ്യാന്‍ പറ്റുമെന്നെല്ലാം ഞാന്‍ കാണിച്ച് കൊടുത്തിരുന്നു. എങ്കിലും എന്റെ ഉള്ളിലെ അഭിനേത്രിയെ മനസിലാക്കാന്‍ പറ്റുന്ന ഒരു കഥാപാത്രമാണ് ഞാന്‍ ചെയ്തുവെച്ചത്,’ കുടശനാട് കനകം പറഞ്ഞു.

Content Highlight: Kudassanad Kanakam talks about her role in Aashaan Movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more