വി.ഡി. സവര്‍ക്കറുടെ ജന്മവാര്‍ഷികദിനത്തില്‍ ആ മനുഷ്യന്റെ ത്യാഗത്തെയും ആത്മസമര്‍പ്പണത്തെയും ധീരതയെയും കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം അപഹാസ്യവും ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്ത സവര്‍ക്കറെ കാല്പനികവത്ക്കരിച്ച് വീരനായകനാക്കുന്ന ചരിത്രത്തിന്റെ അശ്ലീലകരമായ അപനിര്‍മ്മാണ പ്രക്രിയയുടെ ഭാഗവുമായ വാഴ്ത്തുപാട്ടായിരുന്നു.
നരേന്ദ്ര മോദിയെന്ന ആര്‍.എസ്.എസ് പ്രചാരകന് അങ്ങനെയൊക്കെയാവാം. അത് സ്വാഭാവികവുമാണ്. എന്നാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നൊരാള്‍ സവര്‍ക്കറിനെ മഹാത്യാഗിയും വീരപുരുഷനുമൊക്കെയായി ആദര്‍ശവത്കരിക്കുമ്പോള്‍ ചരിത്രത്തിന്റെ അസന്ദിഗ്ധങ്ങളായ സത്യത്തെയും വസ്തുതയെയും സംബന്ധിച്ച് എഴുതാതിരിക്കാനാവില്ല. ദേശവഞ്ചനയുടെയും ലജ്ജാകരമായ കീഴടങ്ങലിന്റെയും ഹിന്ദുത്വ ചരിത്രത്തെ ഓര്‍മ്മിപ്പിക്കാതിരിക്കാനാവില്ല.
വി.ഡി. സവര്‍ക്കർ
പന്ത്രണ്ടാം വയസ്സില്‍ മുസ്‌ലിം ആരാധനാലയം ആക്രമിച്ച് അതില്‍ ആത്മനിര്‍വൃതി കൊണ്ട, ഒരിക്കലും പാശ്ചാത്തപിക്കാത്ത കൊടും വര്‍ഗീയവാദിയാണ് സവര്‍ക്കറെന്ന് മുസ്‌ലിം വിരുദ്ധതയില്‍ അഭിമാനം കൊള്ളുന്ന ആര്‍.എസ്.എസ് ചരിത്രകാരന്മാര്‍ തന്നെ പറയുന്നുണ്ട്.
സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്ത് ഹിന്ദു രാഷ്ട്രവാദമുയര്‍ത്തി ബ്രിട്ടിഷുകാരുടെ ‘ഭിന്നിപ്പിക്കുക ഭരിക്കുക’ എന്ന കൊളോണിയല്‍ തന്ത്രത്തിന്റെ കരുവായി നിന്ന് അതിന് ബ്രിട്ടീഷ് സര്‍ക്കാറില്‍ നിന്നും പ്രതിഫലം പറ്റി ജീവിച്ച സാമ്രാജ്യത്വ സേവകനായിരുന്നു സവര്‍ക്കറെന്ന കാര്യം നിറം പിടിച്ച കഥകളില്‍ മുക്കിക്കളയാനാവുന്നതല്ല.
സംഘപരിവാറും അവരുടെ ഹിന്ദുത്വത്തെ പ്രീണിപ്പിച്ച് നടന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും (1970 ല്‍ സവര്‍ക്കറുടെ പേരില്‍ ഇന്ദിരാ ഗാന്ധി തപാല്‍ സ്റ്റാമ്പ് വരെ ഇറക്കി) ‘ദേശീയ ചരിത്രകാര’ന്മാരുമാണ് സവര്‍ക്കറിന് ധീരപുരുഷപരിവേഷം നല്‍കിയത്.
സവര്‍ക്കറിന്റെ പേരില്‍ പുറത്തിറക്കിയ സ്റ്റാംപ്
നാസിക്കിലെ കലക്ടറെ വധിച്ച കേസില്‍ ജീവപര്യന്തം ശിക്ഷ കിട്ടി ആന്തമാന്‍ ജയിലിലെത്തിയത് മുതല്‍ സവര്‍ക്കര്‍ ഭീരുത്വം മൂലം കീഴടങ്ങുകയും തുടര്‍ച്ചയായി മാപ്പപേക്ഷകള്‍ എഴുതി ബ്രിട്ടീഷുകാരുടെ നാണം കെട്ട പാദസേവകനാവുകയുമായിരുന്നു.
സവര്‍ക്കറിന് ധീരപരിവേഷം നല്‍കാനായി ആര്‍.എസ്.എസുകാര്‍ പ്രചരിപ്പിച്ചു പോരുന്ന എല്ലാ അത്ഭുത കഥകളും ചരിത്രവും വസ്തുകളുമായി ഒരു ബന്ധവുമില്ലാത്ത നുണകഥകളായിരുന്നു.
The New Icon: Savarkar And The Factsഎന്ന അരുണ്‍ ഷൂരിയുടെ പുതിയ പുസ്തകം തന്നെ സവര്‍ക്കറെ ദേശീയവാദിയും വീരപുരുഷനുമാക്കി കൊണ്ടുള്ള ആര്‍.എസ്.എസ് കെട്ടുകഥകളെ പൊളിച്ചുകളയുന്നതാണ്. സംഘപരിവാര്‍ സഹയാത്രികനും വാജ്‌പേയ് മന്ത്രിസഭയില്‍ അംഗവുമായിരുന്ന അരൂണ്‍ ഷൂരി യഥാര്‍ത്ഥത്തില്‍ നമ്മുടെ ചരിത്രത്തില്‍ സവര്‍ക്കര്‍ ബ്രിട്ടീഷ് പാദസേവകനും ദേശീയ പ്രസ്ഥാനത്തെ വഞ്ചനാപരമായി ഒറ്റിക്കൊടുത്ത് ആത്മരക്ഷാര്‍ത്ഥം കീഴടങ്ങുകയും ചെയ്ത ഭീരുവുമായിരുന്നെന്നാണ് തന്റെ പുസ്തകത്തിലൂടെ സമര്‍ത്ഥിക്കുന്നത്.
സവര്‍ക്കറെ ധീരനും വീരനുമാക്കിയുള്ള ‘ലൈഫ് ഓഫ് ബാരിസ്റ്റര്‍ സവര്‍ക്കര്‍ – (Life Of Barrister Savarkar)’ എന്ന ജീവചരിത്ര ഗ്രന്ഥമെഴുതിയത് സവര്‍ക്കര്‍ തന്നെയാണെന്ന കാര്യമാണ് ഏറ്റവും കൗതുകരവും ആര്‍.എസ്.എസുകാരുടെ വീരപുരുഷന്റെ അല്‍പത്തരത്തെ അനാവരണം ചെയ്യുന്നതുമായ കാര്യം.
ചിത്രഗുപ്ത എന്ന തൂലികാനാമത്തിന്‍ സ്വന്തം ജീവചരിത്രമെഴുതി പ്രസിദ്ധീകരിച്ച, അതിലൂടെ സ്വയം വീര പുരുഷനായി തന്നെ അവതരിപ്പിച്ച ഒരാളുടെ അല്‍പത്തരത്തെ കുറിച്ചെന്താണ് പറയുക! പുസ്തകത്തിന്റെ പ്രസാധകനായ രവീന്ദ്രദാസ് തന്നെയാണ് 1987ല്‍ പുറത്തിറക്കിയ രണ്ടാം പതിപ്പിന്റെ ആമുഖത്തില്‍ ചിത്രഗുപ്ത സവര്‍ക്കര്‍ തന്നെയാണെന്ന് വെളിപ്പെടുത്തിയത്.
ലൈഫ് ഓഫ് ബാരിസ്റ്റര്‍ സവര്‍ക്കര്‍ എന്ന പുസ്തകത്തിന്റെ കവര്‍ പേജും സവര്‍ക്കര്‍ തന്നെയാണ് ചിത്രഗുപ്തയെന്ന് വ്യക്തമാക്കുന്ന ഭാഗവും (ചിത്രം: savarkar.org)
ഇത് എന്താണ് കാണിക്കുന്നത്? എത്രത്തോളം അപഹാസ്യവും കാപട്യം നിറഞ്ഞതുമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സവര്‍ക്കറെന്നല്ലേ. യഥാര്‍ത്ഥത്തില്‍ സവര്‍ക്കര്‍ അല്‍പനും ഭീരുത്വം മൂലം ബ്രിട്ടിഷുകാര്‍ക്ക് കീഴടങ്ങിയ ദേശീയവഞ്ചകനുമാണ്.
തങ്ങളുടെ ദേശീയവഞ്ചനയുടെ മാപ്പര്‍ഹിക്കാത്ത ചരിത്രത്തെ മറച്ചുപിടിക്കാനാണ് തങ്ങളുടെ ആചാര്യനായ സവക്കറെ കുറിച്ചുള്ള ധീരവീരകഥള്‍ ഹിന്ദുത്വവാദികള്‍ നിറം പിടിപ്പിച്ച് നിരന്തരം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
സംഘപരിവാറിന്റ ദേശദ്രോഹചരിത്രത്തെ മറച്ചുപിടിക്കാനുള്ള പ്രചാരവേലയാണ് ദേശീയപ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത് ബ്രിട്ടീഷ് പാദസേവകനായ സവര്‍ക്കറിനെ ദേശീയ പുരുഷനും മഹാത്യാഗിയുമാക്കി വിശേഷിപ്പിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി മോദിയുടെ പ്രസംഗം.
സവര്‍ക്കറിന്റെ ചിത്രത്തിന് മുമ്പില്‍ കൈകൂപ്പുന്ന നരേന്ദ്ര മോദി
സവര്‍ക്കറുടെ ലജ്ജാകരമായ വഞ്ചനയുടെയും ഭീരുത്വത്തിന്റെയും ചരിത്രത്തെ നിറം പിടിച്ച നുണകളും കാല്‍പനികവത്കരിച്ച കഥകളും കൊണ്ട് മറച്ചു പിടിക്കാനാണ് ഹിന്ദുത്വവാദികള്‍ എന്നും ശ്രമിച്ചു പോന്നിട്ടുള്ളത്.
ചരിത്രത്തില്‍ സവര്‍ക്കറുടെ സ്ഥാനം മിര്‍ ജാഫറിന്റെ പട്ടികയിലാണെന്നതാണ് യാഥാര്‍ത്ഥ്യം. ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരത്തെ ഒറ്റിക്കൊടുത്ത് ബ്രിട്ടീഷ് അധിനിവേശത്തിന് പാദസേവ ചെയ്ത സവര്‍ക്കറെ ചരിത്രത്തില്‍ മിര്‍ ജാഫറിനൊപ്പം നിര്‍ത്താനേ കഴിയൂ. അതെ വഞ്ചകരുടെ ഒറ്റുകാരുടെയും വംശത്തിലാണ് സവര്‍ക്കറിന്റെ സ്ഥാനം.
ആരായിരുന്നു ഇന്ത്യയുടെ ചരിത്രത്തില്‍ ഒറ്റുകാരനായ സവര്‍ക്കറുടെ വംശത്തിന് തുടക്കം കുറിച്ച മിര്‍ ജാഫര്‍ ?
അതിദേശീയതയും മുസ്‌ലിം, കമ്യൂണിസ്റ്റ് വിരോധവും തിളപ്പിച്ച് സവര്‍ക്കറിനെ ധീരപുരുഷനായി കൊണ്ടാടുന്ന സംഘികള്‍ക്ക് ചിലപ്പോള്‍ സ്വന്തം വംശത്തിന്റെ ചരിത്രം അറിഞ്ഞുകൊള്ളണമെന്നില്ല. അവര്‍ പിന്തുടരുന്ന രാജ്യദ്രോഹികളുടെ വംശ ചരിത്രത്തെ കുറിച്ചുള്ള അജ്ഞതയിലാണല്ലോ തങ്ങള്‍ അനഭിമതരായി കാണുന്ന ജനവിഭാഗങ്ങളെയും പ്രസ്ഥാനങ്ങളെയും രാജ്യദ്രോഹികളാക്കി മുദ്രകുത്തി വേട്ടയാടി കൊണ്ടിരിക്കുന്നത്.
ഇന്ത്യയില്‍ ബ്രിട്ടിഷ് അധികാരത്തിന് അടിത്തറയിട്ട പ്ലാസി യുദ്ധത്തില്‍ (1757) ധീര ദേശാഭിമാനിയായിരുന്ന ബംഗാള്‍ നവാബ് സിറാജ് ദൗളയുടെ തലയരിഞ്ഞ് വീഴ്ത്താന്‍ ബ്രിട്ടീഷ് പട്ടാളത്തിന് സൗകര്യമൊരുക്കി കൊടുത്ത വഞ്ചകനായിരുന്നു മിര്‍ ജാഫര്‍.
മിര്‍ ജാഫറും (ഇടത്) മകനും (ചിത്രം: വിക്കിപീഡിയ)
അതെ, സ്വന്തം നവാബിനെ ചതിയിലൂടെ വധിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് സൗകര്യമൊരുക്കിക്കൊടുത്ത, സംഘികള്‍ക്ക് മാത്രം പഥ്യമായ വഞ്ചനയുടെയും ദേശദ്രോഹത്തിന്റെയും ചരിത്രത്തിന് തുടക്കമിട്ട ബ്രിട്ടീഷ് ഏജന്റ്. ചരിത്രത്തില്‍ ബംഗാള്‍ നവാബായിരുന്ന സിറാജ് ദൗളയുടെ സേനാധിപനായിരുന്നു മിര്‍ ജാഫര്‍ .
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെയും വ്യാപാരതന്ത്രങ്ങള്‍ക്കും ഉടമ്പടികള്‍ക്കും വഴങ്ങിക്കൊടുക്കാന്‍ വിസമ്മതിച്ച ദേശാഭിമാനിയായ നവാബിനെ നേരിട്ടുള്ള യുദ്ധത്തിലൂടെ തോല്‍പിക്കാനോ കീഴടക്കാനോ കഴിയാതെ ബ്രിട്ടീഷ് പട്ടാളം കുഴഞ്ഞു. ഈ സന്ദര്‍ഭത്തിലാണവര്‍ നവാബിന്റെ സേനാനായകനായ മിര്‍ ജാഫറിനെ സ്വാധീനിക്കുന്നതും വശത്താക്കുന്നതും.
അങ്ങനെയാണ് വഞ്ചകനായ മിര്‍ജാഫറിന്റെ സഹായത്തോടെ സിറാജ് ദൗളയെ പ്ലാസിയിലെ ചതുപ്പുനിലങ്ങളില്‍ തലയറുത്തിടുന്നത്. കൊല്‍ക്കത്ത കേന്ദ്രമാക്കി ഇന്ത്യയാകെ ബ്രിട്ടീഷ് ഭരണത്തിന് തുടക്കമിടുന്നതും പ്ലാസി യുദ്ധ വിജയത്തോടെയാണ്.
സവര്‍ക്കറും ഹിന്ദുമഹാസഭയും പില്‍ക്കാലത്ത് അതിന്റെ സേനാദളമായി രൂപം കൊണ്ട ആര്‍.എസ്.എസുമെല്ലാം കൊളോണിയല്‍ ശക്തികളെ ഇന്ത്യയില്‍ ശാശ്വതീകരിച്ചു നിര്‍ത്താനുള്ള ബ്രിട്ടീഷ് തന്ത്രങ്ങളുടെ കരുക്കളായിട്ടാണ് വര്‍ത്തിച്ചത്.
സവര്‍ക്കറും മുഞ്‌ജേയും ഹെഡ്‌ഗെവറും ഗോള്‍വാക്കറുമെല്ലാം മിര്‍ ജാഫറിന്റെ പാതയില്‍ സഞ്ചരിച്ചവരാണ്. പ്ലാസി യുദ്ധത്തോടെ ഇന്ത്യന്‍ രാഷ്ടീയത്തില്‍ ജന്മമെടുത്ത ദേശീയവഞ്ചനയുടെ ചരിത്രത്തെയാണ് ആര്‍.എസ്.എസ് പിന്‍പറ്റുന്നത്.
ബി.എസ്. മുഞ്‌ജേ | ഹെഡ്‌ഗേവാര്‍ | എം.എസ്. ഗോള്‍വാള്‍ക്കര്‍
അതെ, ബ്രിട്ടീഷ് പാദസേവയുടെ അഴുക്കുചാലുകളില്‍ ജന്മമെടുത്ത കൂത്താടികളുടെ ഗണത്തിലാണ്, ദേശീയ വഞ്ചകരുടെ വംശത്തിലാണ് സവര്‍ക്കറുടെ സ്ഥാനം. ഇക്കാര്യമാണ് സംഘികളിന്ന് സവര്‍ക്കറെ കുറിച്ചുള്ള കാല്‍പനികവത്കരിച്ച കഥകളിലൂടെ മറച്ചുപിടിക്കാന്‍ പാടുപെടുന്നത്.
സവര്‍ക്കറുടെ ആറ് മാപ്പപേക്ഷകളും തന്നെ ആന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ നിന്നും വിട്ടയക്കാനുള്ള കനിവുണ്ടാകണമെന്ന കേവലമായ ദയാഹര്‍ജികളായിരുന്നില്ല. അത് ബ്രിട്ടീഷ് മഹാറാണിയുടെ മാഹാത്മ്യവര്‍ണനകളും വെള്ളക്കാരന്റെ ലോകാധികാരത്തെ കുറിച്ചുള്ള സ്തുതിവചനങ്ങളുമായിരുന്നു!
ഒരു ദേശവഞ്ചകന്റെ അധിനിവേശ ശക്തിയോടുള്ള ഭയഭക്തിബഹുമാനങ്ങളുടെ സാഹിത്യപ്രകാശന പരമായ ചരിത്ര രേഖയായിട്ടു വേണം സവര്‍ക്കറുടെ മാപ്പപേക്ഷകളെ ഒരു ചരിത്രവിദ്യാര്‍ത്ഥിക്ക് വായിച്ചെടുക്കേണ്ടിവരുന്നത്.
സവര്‍ക്കറിന്റെ മാപ്പപേക്ഷ (ചിത്രം: വിക്കിപീഡിയ)
രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയുടെയും പാര്‍ട്ടിയുടെയും താത്വികാചര്യന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവനും മാപ്പെഴുതി കൊടുത്ത് ജയിലില്‍ നിന്നും പുറത്ത് വന്നു ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവനുമാണെന്ന അപമാനകരം മാത്രമല്ല അപരാധപൂര്‍ണവുമായ ചരിത്രം സംഘികളെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്നുണ്ട്.
അത് മറികടക്കാനാണവര്‍ യുക്തിരഹിതവും വസ്തുതാപരമല്ലാത്തതുമായ കഥകള്‍ മെനഞ്ഞ് സവര്‍ക്കറിനെ വീരപുരുഷനും ദേശീയ വാദിയുമാക്കാന്‍ നോക്കുന്നത്.
നേരത്തെ സവര്‍ക്കര്‍ ഗാന്ധിയുടെ ഉപദേശമനുസരിച്ചാണ് മാപ്പപേക്ഷ എഴുതിയതെന്ന് വരെ രാജ്‌നാഥ് സിങ്ങിനെ പോലുള്ള കേന്ദ്രമന്ത്രിമാര്‍വരെ തട്ടിവിട്ടതാണ്. സവര്‍ക്കറുടെ വഞ്ചനയുടെ അനിഷേധ്യമായ ചരിത്രത്തെ നുണകള്‍ കൊണ്ടും അടിസ്ഥാനമില്ലാത്ത അപനിര്‍മാണം വഴിയും മറികടക്കാനുള്ള വ്യഥാവേലകളാണ് സംഘികള്‍ നടത്തി കൊണ്ടിരിക്കുന്നത്.
1909ല്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ കഴ്‌സണ്‍ വാലിയെ വധിച്ചത് മദന്‍ലാല്‍ ദിംഗ്ര എന്ന ചെറുപ്പക്കാരാനായിരുന്നു. 1904ല്‍ പുനെയിന്‍ സ്ഥാപിച അഭിനവ് ഭാരത് എന്ന സംഘടനയുടെ ഭാഗമായിരുന്നു മദന്‍ലാല്‍ ദിംഗ്ര.
മദന്‍ലാല്‍ ദിംഗ്ര
ആ കുറ്റത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ദിംഗ്രയെ തൂക്കിലേറ്റുകയും ചെയ്തു. 25 വയസ്സുകാരനായ മദന്‍ലാല്‍ ദിംഗ്ര ഈ ഭീകരകൃത്യം ചെയ്യുന്നതിലേക്കെത്തിയത് വി.ഡി. സവര്‍ക്കറുടെ സ്വാധീനവും പ്രേരണയും മൂലമായിരുന്നുവെന്നായിന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതില്‍ സംഭവത്തില്‍ സവര്‍ക്കറുടെ പങ്ക് എടുത്തു പറയുകയും ചെയ്തു.
ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സവര്‍ക്കറുടെയും സംഘത്തിന്റെയും നിലപാടുകളെ ആത്മഹത്യാപരമെന്ന്വിശേഷിപ്പിക്കുകയും ചെയ്തു. പക്ഷെ മദന്‍ലാല്‍ ദിംഗ്ര ധീരമായി തന്നെ വിചാരണ നേരിടുകയും വധശിക്ഷ അഭിമാനകരമാണെന്ന് വിളിച്ചു പറയുകയും ചെയ്തു.
അഭിനവ് ഭാരതിന്റെ ഒരു ഘടകം സവര്‍ക്കര്‍ ലണ്ടനിലും അതിരഹസ്യമായി സ്ഥാപിച്ചിരന്നു. ഇന്ത്യാ ഹൗസില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെയും വ്യത്യസ്ത സംഘടനകളില്‍പ്പെട്ടവരെയും സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് സവര്‍ക്കര്‍ അവിടെ എത്തുന്നത്.
ബാബുറാവ് എന്ന് വിളിക്കുന്ന സവര്‍ക്കറുടെ സഹോദരന്‍ ഗണേഷ് ദാമോദര്‍ സവര്‍ക്കറും കഴ്‌സണ്‍ വാലിയുടെ വധഗൂഢാലോചനയിലെ പ്രധാന സൂത്രധാരനായിരുന്നു. ബാബുറാവിനെ അറസ്റ്റ് ചെയ്ത് ആന്തമാന്‍ ജയിലിലേക്ക് നാടു കടത്തിയതിന് പ്രതികാരം ചെയ്യാന്‍ കൂടിയാണ് സവര്‍ക്കര്‍ കഴ്‌സണ്‍ വാലിയെ കൊല ചെയ്യുന്നതിന് നിര്‍ദേശം നല്‍കുന്നത്.
അതുപോലെ ബാബുറാവിനെതിരെ വിധി പറഞ്ഞ നാസിക് മജിസ്‌ട്രേറ്റിനെയും സവര്‍ക്കര്‍ ഗുഢാലോചന നടത്തി വധിക്കുന്നുണ്ട്. ഇതിന് സവര്‍ക്കര്‍ ഉപയോഗപ്പെടുത്തിയത് 17 വയസ് മാത്രം പ്രായമുള്ള അനന്ത് ലക്ഷ്മണ്‍ കന്‍ഹാരേയെന്ന യുവാവിനെയായിരുന്നു.
കൃഷ്ണാജി കാര്‍വെ | അനന്ത് ലക്ഷ്മണ്‍ കന്‍ഹാരേ | വിനായക് ദേശ്പാണ്ഡെ
ഈ കേസ്സിലാണ് കന്‍ഹാരെ, കൃഷ്ണാജി കാര്‍വെ, വിനായക് ദേശ്പാണ്ഡെ എന്നിവര്‍ക്ക് ശിക്ഷ ലഭിക്കുന്നത്. ഈ കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റള്‍ ലണ്ടനില്‍ നിന്നും സവര്‍ക്കര്‍ ഒരു ഇന്ത്യാ ഹൗസ് നിവാസിയുടെ ട്രങ്ക് പെട്ടിയില്‍ ഒളിപ്പിച്ച് ഇന്ത്യയിലേക്ക് കടത്തിയതായിരുന്നു.
ഇതേത്തുടര്‍ന്നാണ് നാസിക് ഗുഢാലോചന കേസില്‍ സവര്‍ക്കര്‍ വിചാരണ നേരിട്ടതും ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ആന്തമാന്‍ ജയിലെത്തപെടുന്നതും. പിന്നീടുള്ളതെല്ലാം ഭീരുത്വത്തിന്റെയും കീഴടങ്ങലിന്റെയും വഞ്ചനയുടെയും ചരിത്രം.
Content Highlight: KT Kunjikkannan writes about VD Savarkar