| Sunday, 1st June 2025, 4:12 pm

ഹിന്ദു ഹൃദയ സാമ്രാട്ടാവാന്‍ മത്സരിക്കുന്ന വിശ്വപൗരന്‍!

കെ.ടി. കുഞ്ഞിക്കണ്ണന്‍

കേരളത്തില്‍ നിന്നുള്ള ‘ഹിന്ദു ഹൃദയ സാമ്രാട്ടാ’വാനുള്ള മത്സരത്തിലാണോ നമ്മുടെ ശശി തരൂര്‍. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിന്ന് താന്‍ തന്നെ തോല്പിച്ച് രാജീവ് ചന്ദ്രശേഖറിനോടാണോ ശശി തരൂരിന്റെ മത്സരമെന്നറിയില്ല. ശശി തരൂരിനെ വിശ്വപൗരനായി കൊണ്ടാടുന്ന കോണ്‍ഗ്രസുകാരും മുസ്‌ലിം ലീഗുകാരും കൂടി ഉത്തരം പറയേണ്ട വിഷയമാണിത്.

ഗസയിലെ കൂട്ടക്കൊലകളെ വരെ ന്യായീകരിക്കാന്‍ ഈ വിശ്വപൗരന് ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ മറവില്‍ കോഴിക്കോട് വേദിയൊരുക്കി കൊടുത്തവരാണല്ലോ ലീഗ് സുഹൃത്തക്കള്‍. അത് വിമര്‍ശിക്കപ്പെടുകയും വിവാദമാകുകയും ചെയ്തപ്പോള്‍ പോലും കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കള്‍ ശശി തരൂരിനെ തള്ളിക്കളയാന്‍ തയാറായിട്ടില്ലെന്ന കാര്യം ആരും മറന്നു പോകരുത്.

ശശി തരൂര്‍

ഹിന്ദു ഹൃദയസാമ്രാട്ട് പദവിക്കായുള്ള ഈ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗത്തിന്റെ മത്സരം മോദിയിസത്തിനുള്ള തുടര്‍ച്ചയായ സ്തുതിവചനങ്ങളിലൂടെയാണ് നാമിപ്പോള്‍ അറിഞ്ഞു കൊണ്ടിരിക്കുന്നത്.

ഒരിക്കലദ്ദേഹം പറഞ്ഞത് മോദി ലോക നേതാവാണെന്നാണ്. റഷ്യന്‍ -ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വരെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരവും സമ്മതിയുമുള്ള നേതാവാണ് മോദി എന്നൊക്കെയാണല്ലോ.

പഹല്‍ഗാമിലെ ഭീകരാക്രമണത്തോട് പകരം ചോദിക്കാനുള്ള ഓപ്പറേഷന്‍ സിന്ദൂരിനെ ബി.ജെ.പിയുടെ അതിദേശീയതാവാദ നിലപാടില്‍നിന്നും തുടര്‍ച്ചയായി പുകഴ്ഞ്ഞുകയായിരുന്നു കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗമായ ശശി തരൂര്‍.

ശശി തരൂരും നരേന്ദ്ര മോദിയും

പഹല്‍ഗാമില്‍ 26 വിനോദ സഞ്ചാരികളുടെ ജീവന്‍ നഷ്ടപ്പെടുത്തിയ ഭീകരാക്രമണത്തിന് കാരണമായ സെക്യൂരിറ്റി വീഴ്ചകളെ പറ്റി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ പോലും പരിഗണനയിലെടുക്കാതെയാണ് ശശി തരൂര്‍ മോദി സര്‍ക്കാറിനെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നത്.

മോദി സ്തുതിയില്‍ സ്വന്തം പാര്‍ട്ടിയുടെ നിലപാട് പോലും വിസ്മരിച്ച അതിദേശീയതയുടെ ഉന്മാദവാഹകനായി അധ:പതിക്കുകയായിരുന്നു കോണ്‍ഗ്രസുകാരുടെ ഈ വിശ്വപൗരന്‍!

ഉദിത് രാജിനെ പോലുള്ള കോണ്‍ഗ്രസിന്റെ ദേശീയ വക്താക്കള്‍ പോലും മോദി സ്തുതി നടത്തി ഹിന്ദു ഹൃദയ സാമ്രാട്ടാവാന്‍ മത്സരിക്കുന്ന തങ്ങളുടെ വര്‍ക്കിങ് കമ്മിറ്റിയംഗത്തിനെതിരെ നടപടിയാവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസ് അധ്യക്ഷനും എ.ഐ.സി.സി നേതൃത്വവും മൗനം പാലിക്കുന്നതാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.

എന്തുകൊണ്ടാണിതെന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരണം നല്‍കേണ്ടതല്ലേ.

കേരളത്തിലെ ഹിന്ദു ഹൃദയ സാമ്രാട്ടാവാനുള്ള മത്സരത്തിലാണോ കോണ്‍ഗ്രസുകാരുടെ വിശ്വപൗരനായ നമ്മുടെ ശശി തരൂരെന്ന് ആര് സംശയിച്ചാലും കുറ്റപ്പെടുത്താനാവില്ല. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിന്ന് താന്‍ തന്നെ തോല്‍പിച്ച രാജീവ് ചന്ദ്രശേഖറിനോടാണോ ശശി തരൂരിന്റെ മത്സരമെന്നൊന്നും നമുക്ക് പറയാനാവില്ല.

അതവിടെ നില്ക്കട്ടെ; എന്താണീ ‘ഹിന്ദു ഹൃദയ സാമ്രാട്ട്‘ എന്നല്ലേ? ഇംഗ്ലീഷില്‍ ‘മദ്രാസ് കൊറിയര്‍’ എന്ന പത്രം ഈ ഹിന്ദി ഭാഷയിലെ പ്രയോഗത്തിന് നല്‍കുന്ന ഭാഷാന്തര വിശദീകരണം Monarch of Hindu Hearts എന്നാണ്.

1980കളില്‍ ബാബരി മസ്ജിദ് തകര്‍ത്ത് അയോധ്യയില്‍ രാമക്ഷേത്രം പണിയാനുള്ള ഹിന്ദുത്വ കാമ്പയിന്റെ ഉന്മാദാത്മകമായ സാഹചര്യത്തില്‍ താന്‍ ഹിന്ദു ഹൃദയ സാമ്രാട്ടാണെന്ന് സ്വയം വിശേഷിപ്പിച്ചത് ബി.ജെ.പി നേതാവായിരുന്ന കല്യാണ്‍ സിങ്ങായിരുന്നു.

കല്യാണ്‍ സിങ്

ഹിന്ദു ഹൃദയങ്ങളുടെ ചക്രവര്‍ത്തിയായി ആത്മാഭിമാനം കൊണ്ട കല്യാണ്‍ സിങ് യു.പി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണല്ലോ
ചരിത്രപ്രസിദ്ധമായ ബാബരി മസ്ജിദ് ഹിന്ദുത്വവാദികള്‍ തകര്‍ത്തത്.

കുരിശു യുദ്ധസമാനമായ മതോത്സുകവികാരത്തോടെയാണ് ഹിന്ദുത്വരാഷ്ട്രീയ ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്ത് രാജ്യത്തെ വര്‍ഗീയ ധ്രുവീകരണത്തിന്റെ തീരങ്ങളിലേക്ക് തള്ളിവിട്ടത്.

ഇതേ കാലത്ത് തന്നെയാണ് അദ്വാനിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളോട് മത്സരിച്ച് ശിവസേന നേതാവ് ബാല്‍ താക്കറെ ഹിന്ദു ഹൃദയ സാമ്രാട്ട് പട്ടം അണിയാന്‍ കിണഞ്ഞു ശ്രമിച്ചത്. മറാത്ത വംശജനായ താനാണ് ഹിന്ദു ഹൃദയങ്ങളുടെ യഥാര്‍ത്ഥ ചക്രവര്‍ത്തിയെന്നായിരുന്നു ബാല്‍ താക്കറെയുടെ വിശ്വാസം.

ബാല്‍ താക്കറെ

പിന്നീട് മോദിയും യോഗി ആദിത്യനാഥുമെല്ലാം സ്വയം ഹിന്ദു ഹൃദയങ്ങളുടെ ചക്രവര്‍ത്തിമാരായി സ്വയം അവതരിപ്പിക്കപ്പെട്ടവരായിരുന്നു.

നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും

അക്കൂട്ടത്തില്‍ ഒരു ഹിന്ദു ഹൃദയ സാമ്രാട്ടാവാനുള്ള അശ്ലീലകരമായ നീക്കമാണ് ശശി തരൂരും ഇപ്പോള്‍ കിണഞ്ഞു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വേണം കരുതേണ്ടത്.

ശശി തരൂരിന്റെ മോദി പ്രകീര്‍ത്തനങ്ങളെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കളെ രാഷ്ട്രീയമായ അന്ധത ബാധിച്ചവരെന്ന് അപഹസിക്കുകയാണ് അദ്ദേഹം ചെയ്തത്. വിമര്‍ശനങ്ങള്‍ കേട്ടു നില്ക്കാന്‍ സമയമില്ലെന്നും പറഞ്ഞ് ശശി തരൂര്‍ ഭീകരാക്രമണത്തെയും അതിര്‍ത്തി പ്രശ്‌നങ്ങളെയും ബി.ജെ.പി നിലപാടിലേക്കിറങ്ങി ദയനീയമായി ന്യായീകരിച്ചു കൊണ്ടിരിക്കുന്നു.

മോദി സ്തുതിയില്‍ ശശി തരൂരിനെ പിന്തുണച്ച് ബി.ജെ.പി രംഗത്തിറങ്ങുകയും തരൂരിന്റെ വാദങ്ങളെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിനെ വിമര്‍ശക്കുന്നു. എന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം തരൂരിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ മടിച്ചു നില്ക്കുകയാണ്.

വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചത് അമേരിക്കയായിരുന്നുവെന്ന കാര്യം ട്രംപ് തുടര്‍ച്ചയായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. കശ്മീര്‍ പ്രശ്‌നത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ പാടില്ലെന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിനെ കയ്യൊഴിഞ്ഞാണ് ഇന്ത്യ ട്രംപിന്റെ സഹായം തേടിയത്.

ഡൊണാള്‍ർ് ട്രംപ്

ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കൈക്കൊണ്ട കടുത്ത വിമര്‍ശനങ്ങളെ പോലും തള്ളിക്കൊണ്ടാണ് തരൂര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മോഡി സര്‍ക്കാറിന്റെ നിലപാടുകളെ പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

യു.എസ് ഇടപെടല്‍ വിഷയത്തില്‍ പോലും കോണ്‍ഗ്രസ് നിലപാടുകളെ തള്ളി ശശി തരൂര്‍ മോദി വാഴ്ത്തിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹൃദയ സാമ്രാട്ടായിമാറാന്‍ നോക്കുകയാണ്. ഒരു വിശ്വപൗരന്റെ അതിദേശീയതാവാദത്തിലേക്കുള്ള ദാരുണമായ പതനമാണിത്.

ഫലസ്തീന്‍ പ്രശ്‌നത്തില്‍ സമാധാനത്തെ കുറിച്ചു സംസാരിച്ചു കൊണ്ടു തന്നെ ഇസ്രാഈലിന്റെ അധിനിവേശ ആക്രമണങ്ങളെ എല്ലാകാലത്തും ന്യായീകരിച്ചു പോന്ന സയണിസ്റ്റ് ഇന്റലിജന്‍സ് നയതന്ത്രം കളിക്കുന്ന ഇന്റലച്വല്‍ ഗ്യാങ്ങില്‍ പെടുന്ന ആളാണ് ശശി തരൂര്‍.

ഇസ്രാഈലി പത്രങ്ങളില്‍ പോലും ഗസയിലെ അറബ് വംശജരെ ആക്രമിച്ചു ഇല്ലാതാക്കുന്ന സയണിസ്റ്റ് രാഷ്ട്രത്തിന്റെ യുദ്ധവീര്യത്തെ പുകഴ്ത്തി ലേഖനങ്ങളെഴുതിയിട്ടുള്ള ആളാണ് വിശ്വപൗരനായ ശശി തരൂര്‍.

അദ്ദേഹത്തിന്റെ ഈയൊരു പശ്ചാത്തലവും ബന്ധങ്ങളും തന്നെയാണ് മോദി സ്തുതിയിലും ഹിന്ദുത്വ രാഷ്ട്രീയ ബാന്ധവത്തിലേക്കും തരൂരിനെ എത്തിക്കുന്നതെന്നും കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ തിരിച്ചറിയാന്‍ വിസമ്മതിക്കുകയാണ്.

Content Highlight: KT Kunjikkannan writes about Shashi Taroor

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more