| Saturday, 16th August 2025, 5:03 pm

ആര്‍.എസ്.എസിനെ വാഴ്ത്തിയ മോദി രക്തസാക്ഷികളെയും ചരിത്രത്തെയുമാണ് അപമാനിച്ചിരിക്കുന്നത്

കെ.ടി. കുഞ്ഞിക്കണ്ണന്‍

79ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആര്‍.എസ്.എസ് സ്തുതി ഇന്ത്യയുടെ ത്യാഗപൂര്‍ണമായ സ്വാതന്ത്ര്യസമര ചരിത്രത്തെയും രക്തസാക്ഷികളെയും അപമാനിക്കലായിരുന്നു.

സ്വാതന്ത്ര്യപ്രക്ഷോഭത്തെ ഒറ്റുകൊടുത്ത ആര്‍.എസ്.എസിനെ പ്രശംസിച്ച പ്രധാനമന്ത്രി താന്‍ ചെങ്കോട്ടയില്‍ ഉയര്‍ത്തിയ ത്രിവര്‍ണപതാക പോലും ദേശീയ പതാകയായി അംഗീകരിക്കാന്‍ വിസമ്മതിച്ചവരാണ് ആര്‍.എസ്.എസും ഹിന്ദുമഹാസഭയുമെന്ന കാര്യം സൗകര്യപൂര്‍വം ഓര്‍ക്കാതിരുന്നതാവും.

ഇന്ത്യയെന്ന ആശയത്തെ ഒരാധുനിക രാഷ്ട്രമെന്ന നിലയ്ക്കുള്ള അതിന്റെ നിര്‍മിതിയെയും ഒരുകാലത്തും അംഗീകരിക്കാത്തവരാണ് ആര്‍.എസ്.എസുകാര്‍.

ചെങ്കോട്ടയില്‍ നരേന്ദ്ര മോദി

നൂറുകണക്കിന് നാട്ടുരാജ്യങ്ങളും അനവധി ഭാഷാ സമൂഹങ്ങളും മതജാതി വിഭാഗങ്ങളുമായി ഭിന്നിച്ചുകിടന്ന ഒരുരാജ്യത്തെ ഇന്ത്യയെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഏകോപിപ്പിച്ചത് നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന സാമ്രാജ്യത്വവിരുദ്ധ സമരമാണെന്ന കാര്യം ആര്‍.എസ്.എസ് പ്രചാരകനായിരുന്ന പ്രധാനമന്ത്രി മോദി ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല.

കാരണം മറ്റൊന്നുമല്ല ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ ഒരിക്കലും പങ്കെടുത്തിട്ടില്ലാത്തവരാണ് ആര്‍.എസ്.എസുകാരും ഹിന്ദുമഹാസഭക്കാരും. മാത്രമല്ല ഹിന്ദുത്വത്തിന്റെ ആചാര്യനായ സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ആദ്യകാലത്ത് കടുത്ത ദേശീയവാദ നിലപാടുകളില്‍ നിന്ന് (ആ ദേശീയവാദ നിലപാടുകള്‍ മറാത്തി പേഷ്വ ഭരണത്തിന്റെ പുനഃസ്ഥാപനമാഗ്രഹിച്ചുകൊണ്ടുള്ള ചിത്പവന്‍ ബ്രാഹ്‌മണ്യ മേധാവിത്വബോധത്തില്‍നിന്നുള്ളതായിരുന്നു) നടത്തിയ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തപ്പോള്‍ മാപ്പെഴുതി ബ്രിട്ടീഷുകാരെ സേവിച്ചുകൊള്ളാമെന്ന് ഉറപ്പുകൊടുത്ത് രക്ഷപ്പെട്ടയാളാണ്.

വി.ഡി സവര്‍ക്കര്‍

ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കരുണയില്‍ ആന്തമാന്‍ ജയിലില്‍ നിന്നും രത്നഗിരിയിലെത്തിയ സവര്‍ക്കര്‍ സ്വാതന്ത്ര്യസമരത്തിനെതിരായി പ്രവര്‍ത്തിക്കുന്നതിന് അന്നത്തെ രത്നഗിരി കലക്ടറില്‍ നിന്നും അലവന്‍സും പറ്റിയിരുന്നു. എന്നുവെച്ചാല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് ഒറ്റുകാശു വാങ്ങി ദേശീയപ്രസ്ഥാനത്തെ വഞ്ചിച്ചവരാണ് സവര്‍ക്കറും ഹിന്ദുത്വവാദികളും എന്നതാണ് ചരിത്രം.

ഇന്ത്യന്‍ ദേശീയപ്രസ്ഥാനം ബ്രിട്ടീഷ് ഭരണത്തിനെതിരെ ആഞ്ഞടിച്ചിരുന്ന ഒരു സന്ദര്‍ഭത്തിലും അതിനോടൊപ്പം നില്‍ക്കാന്‍ തയ്യാറാകാതിരുന്ന ഇന്ത്യയിലെ ഒരേയൊരു സംഘടനയാണ് ആര്‍.എസ്.എസ് എന്നോര്‍മ്മിക്കണം.

സവര്‍ക്കറിന്റെ ചിത്രത്തിന് മുമ്പില്‍ കൈകൂപ്പുന്ന നരേന്ദ്ര മോദി

ബ്രിട്ടീഷ് പാദസേവയല്ലാതെ മറ്റൊരു ചരിത്രം ആര്‍.എസ്.എസിനില്ല. 1925 മുതല്‍ 1947 വരെയുള്ള ആര്‍.എസ്.എസിന്റെ ചരിത്രത്തില്‍ ബ്രിട്ടീഷ് വിരുദ്ധമായ ഏതെങ്കിലുമൊരു സമരത്തില്‍ പങ്കെടുത്തതായി ആര്‍ക്കും ചൂണ്ടിക്കാട്ടാനാവില്ല.

നിസ്സഹകരണ ഖിലാഫത്ത് സമരവും ക്വിറ്റ് ഇന്ത്യസമരവുമെല്ലാം യുവതലമുറയെ അരാജകവാദികളും കുരുത്തംകെട്ടവരുമാക്കുന്നുവെന്ന് ആക്ഷേപിച്ച ഗോള്‍വാള്‍ക്കറാണ് ആര്‍.എസ്.എസുകാരുടെ ഗുരുജിയെന്ന് ഓര്‍ക്കണം. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമെന്ന് പോലും ബ്രിട്ടീഷ് പാദസേവയുടെ ഉന്മാദം പിടിപെട്ട ഗോള്‍വാള്‍ക്കറെ പോലുള്ള സര്‍സംഘ്ചാലക്കുമാര്‍ക്ക് ആലോചിക്കാനേ കഴിയുമായിരുന്നില്ല.

മാധവറാവു സദാശിവ ഗോള്‍വാള്‍ക്കര്‍

ദേശ്‌രാജ്‌ ഗോയല്‍ എഴുതിയിട്ടുള്ള രാഷ്ട്രീയ സ്വയംസേവക് സംഘ് എന്ന പുസ്തകത്തില്‍ ആര്‍.എസ്.എസിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തോടും 1947ലെ അധികാര കൈമാറ്റത്തോടുമുള്ള സമീപനമെന്തായിരുന്നുവെന്ന് വിശദീകരിക്കുന്നുണ്ട്. 1947 ആഗസ്റ്റ് ആദ്യം പഞ്ചാബിലെ ഫഗ്വാരയില്‍ നടന്ന ഒ.ടി.സി ക്യാമ്പില്‍ ദേശ്രാജ് ഗോയലും പങ്കെടുത്തിരുന്നു.

അദ്ദേഹം തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്;

”ക്യാമ്പില്‍ പങ്കെടുത്ത ഒരാള്‍ ചോദിച്ചു ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുകയാണ് ഇനി ആര്‍.എസ്.എസിന്റെ പങ്ക് എന്തായിരിക്കും? ആ ചോദ്യം കേട്ട് ആര്‍.എസ്.എസ് തലവന്‍ ഗോള്‍വാള്‍ക്കര്‍ പൊട്ടിച്ചിരിച്ചു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അദ്ദേഹത്തിന്റെ മറുചോദ്യം.

‘അധികാരം കയ്യാളാന്‍ കച്ചകെട്ടി നില്‍ക്കുന്നവര്‍ ഒന്നിനും കൊള്ളാത്തവരാണ്. ഒരു മാസം പോലും ഭരണം നടത്താന്‍ അവര്‍ക്കാവില്ല. അവര്‍ തന്നെ ബ്രിട്ടീഷുകാരോട് തിരിച്ചുവരാന്‍ കേണപേക്ഷിക്കും. അപ്പോള്‍ ആര്‍.എസ്.എസിന് അതിന്റെ പഴയപണി തുടരേണ്ടിവരും.”

എന്താണ് ഈ പഴയപണി? അത് മറ്റൊന്നുമല്ല. വര്‍ഗീയവിദ്വേഷം പടര്‍ത്തി ജനങ്ങള്‍ക്കിടയിലെ ഐക്യം തകര്‍ക്കുക എന്നതുതന്നെ.

ബ്രിട്ടീഷുകാരെ എതിര്‍ക്കുക എന്നത് ഒരു പിന്തിരിപ്പന്‍ നയമായിട്ടാണ് ഹെഡ്ഗേവാര്‍ മുതല്‍ ഗോള്‍വാള്‍ക്കര്‍ വരെയുള്ള ആര്‍.എസ്.എസ് നേതാക്കള്‍ എന്നും കണ്ടത്. വളരെ വിചിത്രവും ദേശദ്രോഹപരവുമായ നിലപാടായിരുന്നു അവരുെേടതന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ആര്‍ക്കും അന്നേ സംശയമുണ്ടായിരുന്നില്ല.

കേശവബലിറാം ഹെഡ്‌ഗേവാര്‍

ഹിന്ദുമഹാസഭയെയും മുസ്‌ലിം ലീഗിനെയും ഗോപാലകൃഷ്ണ ഗോഖലെയെപോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വെറും വര്‍ഗീയസംഘടനകള്‍ മാത്രമായിട്ടല്ല ദേശദ്രോഹസംഘടനകള്‍ കൂടിയായിട്ടാണ് വിലയിരുത്തിയിട്ടുള്ളത്.

ഇരു മതരാഷ്ട്രവാദങ്ങളും സാമ്രാജ്യത്വസൃഷ്ടിയാണെന്നും ദേശീയ സ്വാതന്ത്ര്യസമരത്തിന് വേണ്ടിയുള്ള ഇന്ത്യന്‍ ജനതയുടെ ഐക്യത്തെയും സമരങ്ങളെയും ഭിന്നിപ്പിച്ച് തകര്‍ക്കാനാണ് ഈ ഛിദ്രശക്തികളെ സാമ്രാജ്യത്വം ഇളക്കിവിട്ടിരിക്കുന്നതെന്നും ഗോഖലെ വിശദീകരിച്ചിട്ടുണ്ട്.

ഗോപാലകൃഷ്ണ ഗോഖലെ

ഭൂപരമായ ദേശീയതയുടെയും പൊതുവിപത്തിന്റെയും (ബ്രിട്ടീഷ് വിരുദ്ധം) തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ദേശീയതയുടെ അസ്ഥിത്വം എന്നതിനാല്‍ യഥാര്‍ത്ഥ ഹിന്ദുദേശീയതയുടെ ആവേശം നഷ്ടപ്പെട്ടുപോകുകയാണെന്നാണല്ലോ ഗോള്‍വാള്‍ക്കര്‍ വ്യാകുലപ്പെടുന്നത്.

ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചക്കെതിരായ പ്രതിഷേധവും പ്രക്ഷോഭവും ദേശാഭിമാനത്തിന്റെയും ദേശീയതയുടെയും പര്യായമായി മാറുന്നതിനെയാണ് ഗോള്‍വാള്‍ക്കര്‍ ബ്രിട്ടീഷുകാരില്‍ നിന്ന് അച്ചാരം വാങ്ങിയ ഒരു ഏജന്റിനെപോലെ ആക്ഷേപിക്കുന്നത്.

ബ്രിട്ടീഷ് വിരുദ്ധദേശീയതയില്‍ നിന്നും ഇന്ത്യക്കാരെ രക്ഷിക്കാനാണല്ലോ ആര്‍.എസ്.എസ് രൂപീകരിച്ചത് തന്നെ. ബ്രിട്ടണ് പകരം മുസ്‌ലിങ്ങളെ ഹിന്ദുക്കളുടെ മുഖ്യശത്രുക്കളായി പ്രഖ്യാപിക്കുകയും മുസ്‌ലിങ്ങളെ പ്രതിരോധിക്കാനുള്ള കലാപങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു ആര്‍.എസ്.എസിന്റെ പരിപാടി.

1923ലെ നാഗ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍.എസ്.എസ് പിറന്നുവീഴുന്നത്. തുടര്‍ന്ന് ചെറുതും വലുതുമായ ഒട്ടേറെ കലാപങ്ങള്‍ ആര്‍.എസ്.എസ് മുസ്‌ലിം വിരുദ്ധമായ ഹിന്ദുദേശീയത രൂപപ്പെടുത്താനായി അതിന്റെ ശൈശവദശയില്‍ തന്നെ നടത്തിയിട്ടുണ്ട്.

ഹിന്ദുസമുദായ ബോധം വളര്‍ത്തി മുസ്‌ലിം വിരുദ്ധമായ ദേശീയബോധം വികസിപ്പിക്കാനാണ് ആര്‍.എസ്.എസ് ശ്രമിച്ചിട്ടുള്ളത്. സാമ്രാജ്യത്വവിരുദ്ധ ദേശീയബോധമല്ല മുസ്‌ലിം വിരുദ്ധ വംശീയതാണ് ആര്‍.എസ്.എസിന്റെ ദേശീയതയെന്നത്.

1927 സെപ്റ്റംബറിലെ നാഗ്പൂര്‍ കലാപം ഈ ദിശയില്‍ ആര്‍.എസ്.എസ് നടത്തിയ ഒരു പരീക്ഷണമാണ്. കേഡര്‍മാരെ പരിശീലിപ്പിക്കാനും അവരെ ലാത്തിയും വാളും കുന്തവുമെല്ലാം ഉപയോഗിക്കുന്നവരാക്കി വളര്‍ത്താനും അതുവഴി ഹിന്ദുരാഷ്ട്ര നിര്‍മിതിക്കായുള്ള ഒരു സേനാദളമായി ആര്‍.എസ്.എസിനെ മാറ്റാനുമുള്ള ആത്മവിശ്വാസമാണ് നാഗ്പൂര്‍ കലാപം അവര്‍ക്ക് നല്‍കിയത്. കലാപങ്ങളിലൂടെയാണ് ആര്‍.എസ്.എസ് ഇന്ത്യയില്‍ വളര്‍ന്നിട്ടുള്ളത് എന്നതാണ് ചരിത്രം.

ബ്രിട്ടീഷ് അനുകൂലമായ ആര്‍.എസ്.എസ് നീക്കങ്ങള്‍ക്ക് ബ്രിട്ടീഷ് ആഭ്യന്തരവകുപ്പിന്റെ എല്ലാ സഹായങ്ങളും ഉണ്ടായിരുന്നു. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം സുരക്ഷിതമായി തുടരാന്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകരമായിരിക്കുമെന്നാണ് ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് വിഭാഗം കണക്കാക്കിയത്.

ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ഡിപ്പാര്‍ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥനായ ഇ.ജെ. ബവറിജ് 1942ല്‍ ആര്‍.എസ്.എസിനെ കുറിച്ച് നടത്തിയിട്ടുള്ള നിരീക്ഷണം അവരുടെ കൊളോണിയല്‍ ദാസ്യം കൃത്യമായി വ്യക്തമാക്കുന്നതാണ്. ബവറിജ് നിരീക്ഷിക്കുന്നത് ഹിന്ദുമഹാസഭയും ആര്‍.എസ്.എസും ഒന്നിച്ചിനില്‍ക്കുന്നിടത്തോളം ഇന്ത്യയിലെ ബ്രിട്ടീഷ് വാഴ്ചയ്ക്ക് ഒരാപത്തും ഉണ്ടാകില്ലെന്നാണ്.

ബ്രിട്ടീഷ് വിരുദ്ധമായ ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടുന്നതിന് ആര്‍.എസ്.എസിന് താത്പര്യമില്ലെന്നും തങ്ങളുടെ രാഷ്ട്രീയമരണത്തിനിടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാന്‍ പോകുകയാണെന്ന് ഭയപ്പെടുമ്പോള്‍ മാത്രമെ ആര്‍.എസ്.എസ് ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയുള്ളൂ എന്നാണ് ബവറിജ് വിശ്വാസം പ്രകടിപ്പിക്കുന്നത്.

ബ്രിട്ടീഷുകാരെ സഹായിച്ചുകൊണ്ടുതന്നെ തങ്ങളുടെ ക്രമപ്രവൃദ്ധമായ വളര്‍ച്ചക്കുള്ള തയ്യാറെടുപ്പുകളാണ് ആര്‍.എസ്.എസ് നടത്തുന്നതെന്നാണ് ബവറിജ് നിരീക്ഷിച്ചത്. ഒരു നിയമവും ലംഘിക്കരുതെന്നും അധികൃതരുമായി ഏറ്റുമുട്ടരുതെന്നും ആര്‍.എസ്.എസ് തീരുമാനിച്ചിട്ടുണ്ടെന്നും ഈ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്.

പക്ഷെ ഇതിന് രണ്ട് അപവാദങ്ങള്‍ ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. ഒന്ന്, അമിതമായ സാമുദായിക സങ്കുചിത്വം മൂലം ആര്‍.എസ്.എസ് വര്‍ഗീയ ലഹളകളിലും മറ്റ് പ്രവര്‍ത്തനങ്ങളിലും എടുത്തുചാടുന്നു.

രണ്ട്, യൂണിഫോം ധരിക്കുകയും പരേഡ് സംഘടിപ്പിക്കുകയും ചെയ്യുന്നതിന് 1940ല്‍ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ആര്‍.എസ്.എസിന് പ്രതിഷേധം ഉണ്ടായിരുന്നു. പക്ഷെ ബ്രിട്ടീഷുകാരുടെ നിരോധന ഉത്തരവുകള്‍ ആര്‍.എസ്.എസ് പാലിച്ചിരുന്നുവെന്നും അവരുടെ ഇക്കാര്യത്തിലുള്ള സന്നദ്ധത നിരീക്ഷിച്ച് മനസിലാക്കിയിട്ടുണ്ടെന്നും ബവറിജ് പറയുന്നുണ്ട്.

അതായത് ബ്രിട്ടീഷ് ഏജന്‍സിപ്പണി വളരെ വിശ്വസ്തതയോടെ, വിധേയത്വത്തോടെ ചെയ്തുവന്നവരാണ് ആര്‍.എസ്.എസുകാര്‍! സായിപ്പിന്റെ മുമ്പില്‍ കവാത്ത് മറന്ന ഈ കുറുവടി സംഘമാണ് ഇന്ന് രാജ്യമാകെ ന്യൂനപക്ഷങ്ങളെയും ദളിതരെയും ഗോത്രജനതയെയും ഭിന്നാഭിപ്രായമുള്ളവരെയും അക്രമിച്ചും കൊലചെയ്തും ഭീതിപടര്‍ത്തുന്നത് എന്നോര്‍ക്കണം.

ഗാന്ധിജിയോടും കോണ്‍ഗ്രസിനോടുമുള്ള ആര്‍.എസ്.എസിന്റെ എതിര്‍പ്പ് തങ്ങളുടെ ഏറ്റവും വലിയ ശത്രുക്കളായ മുസ്‌ലിങ്ങളെ മാറോടണയ്ക്കുകയും അങ്ങനെ തങ്ങളുടെ നിലനില്‍പിനെ അപകടത്തിലാക്കുകയും ചെയ്യുന്നു എന്നതായിരുന്നു.

ഹിന്ദുരാഷ്ട്രത്തിന്റെ പരിപാവനത്വവും ശുദ്ധിയും ചാതുര്‍വര്‍ണ്യത്തിലാണെന്ന് ഒരുമടിയുമില്ലാതെ പ്രഖ്യാപിച്ച ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം ഫ്യൂഡല്‍ പുരുഷാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതമായ സവര്‍ണജാതീയതയുടെയും കൊളോണിയലിസത്തിന്റെയും അടിത്തറയിലാണ് രൂപപ്പെട്ടത്.

1931ല്‍ കറാച്ചി പ്രമേയത്തിലൂടെ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്ന പരികല്‍പനക്ക് വിരുദ്ധമായ മതരാഷ്ട്രസങ്കല്‍പമാണ് ആര്‍.എസ്.എസ് ഗോള്‍വാള്‍ക്കറിസത്തിലൂടെ പ്രചരിപ്പിച്ചത്.

1940ല്‍ ആര്‍.എസ്.എസിന് പരിശീലനം സിദ്ധിച്ച ഒരു ലക്ഷം വളണ്ടിയര്‍മാര്‍ ഉണ്ടെന്നാണ് അവര്‍ തന്നെ പറഞ്ഞിട്ടുള്ളത്. ഈ ഒരു ലക്ഷം വളണ്ടിയര്‍മാര്‍ 1940കളിലെ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ കാലത്ത് എന്താണ് ചെയ്തതെന്ന ചോദ്യം പ്രസക്തമല്ലേ? അതിന് ഉത്തരം തേടുമ്പോഴാണ് ആര്‍.എസ്.എസിന്റെ കടുത്ത ദേശീയവഞ്ചനയും രാജ്യദ്രോഹവും കൃത്യമായി മനസ്സിലാക്കാനാവുക.

ഗാന്ധിയുടെ നേതൃത്വത്തില്‍ ത്യാഗിവര്യന്മാരായ സ്വാതന്ത്ര്യപോരാളികള്‍ തടവറകള്‍ക്കകത്തും പുറത്തും ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ച് പോരാടുകയായിരുന്നു. അക്കാലത്ത് ഏകദേശം ഇരുപതിനായിരത്തിലധികം സ്വാതന്ത്ര്യസമരസേനാനികള്‍ ബ്രിട്ടീഷ് തടവറയിലായിരുന്നു. കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു.

എന്നാല്‍ ഒരുലക്ഷം അംഗബലമുള്ള ആര്‍.എസ്.എസ്പ്രവര്‍ത്തകരില്‍ നിന്ന് ഒരാള്‍പോലും ഇക്കൂട്ടത്തിലുണ്ടായിരുന്നില്ല. സമരമുഖത്തും ജയിലറകളിലും ആര്‍.എസ്.എസിന്റെ അസാന്നിധ്യം അവരുടെ ഭീരുത്വം മാത്രമല്ല ദേശദ്രോഹ രാഷ്ട്രീയ ചരിത്രത്തെക്കൂടിയാണ് വെളിവാക്കുന്നത്.

ഹെഡ്ഗേവാര്‍ മുതല്‍ ഗോള്‍വാള്‍ക്കര്‍ വരെയുള്ള ആര്‍.എസ്.എസുകാരുടെ രാജ്യസ്നേഹമെന്നത് മുസ്‌ലിം വിരോധവും കമ്യൂണിസ്റ്റ് വിരോധവും കൂടിചേര്‍ന്ന ബ്രിട്ടീഷ് പാദസേവയായിരുന്നു.

ക്വറ്റ് ഇന്ത്യാ സമരത്തെ തുടര്‍ന്ന് രാജ്യമാസകലം ദേശീയവാദികള്‍ വേട്ടയാടപ്പെട്ടു. 1942ല്‍ ഔദ്യോഗിക കണക്ക് പ്രകാരം പോലീസ് പട്ടാള വെടിവെപ്പില്‍ മാത്രം 1,060 പേരാണ് മരണമടഞ്ഞത്. സംഘപരിവാറിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പി നേതാവ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് ഉള്‍പ്പെടെയുള്ളവര്‍ ക്വിറ്റ് ഇന്ത്യ സമരകാലത്ത് മാപ്പെഴുതി കൊടുത്ത് ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങുകയായിരുന്നല്ലോ.

അടല്‍ ബിഹാരി വാജ്പേയ്

ഗാന്ധിയുടെ ആഹ്വാനം കേട്ട് ഔദ്യോഗിക പദവികളും ബിരുദങ്ങളും വരെ വലിച്ചെറിഞ്ഞ് രണ്ടും കല്‍പിച്ചുള്ള ഒരു സമരത്തില്‍ ദേശീയവാദികളാകെ അണിനിരന്നപ്പോള്‍ ഹിന്ദുമഹാസഭക്കാരായ ശ്യാമപ്രസാദ് മുഖര്‍ജിയേപോലുള്ളവര്‍ നിയമസഭകളിലും ഔദ്യോഗിക പദവികളിലും അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു.

ജനസംഘത്തിന്റെ രൂപീകരണത്തിന് നേതൃത്വം കൊടുത്ത ഈ ശ്യാമപ്രസാദ് മുഖര്‍ജിയെ പോലുള്ളവരാണല്ലോ ബി.ജെ.പിയുടെ ആദര്‍ശപുരുഷന്മാര്‍. അത്തരക്കാരെയാണല്ലോ മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രശംസിച്ചത്.

ശ്യാമപ്രസാദ് മുഖര്‍ജി

കോണ്‍ഗ്രസുകാരെല്ലാം ജയിലിലേക്ക് പോയപ്പോള്‍ ആ സൗകര്യം ഉപയോഗിച്ച് ബ്രിട്ടീഷ് സൗജന്യങ്ങളും അധികാരത്തിന്റെ പങ്കും അനുഭവിക്കാനാണ് ഹിന്ദുമഹാസഭയും ഗോള്‍വാള്‍ക്കറുടെ ആര്‍.എസ്.എസും തീരുമാനിച്ചത്.

അതെ, ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ഇ.ജെ. ബവറിജ് നിരീക്ഷിച്ചതുപോലെ ‘സംഘത്തിന് നിയമത്തിന്റെ നല്ലവശം നോക്കി നില്‍ക്കാനും അധികാരികളുമായി തെറ്റാതെ സൂക്ഷിക്കാനും പൊതുവായ ധാരണയുണ്ട്’. ആര്‍.എസ്.എസിന്റെ ദേശാഭിമാനം ബ്രിട്ടീഷുകാര്‍ക്കുമുന്നില്‍ കുമ്പിടുന്നതായിരുന്നു. ബ്രിട്ടീഷ് സേവയായിരുന്നു അവരുടെ രാഷ്ട്രസേവനം.

രാജ്യമാകെ രണ്ടാം ലോകമഹായുദ്ധാനന്തരം ബ്രിട്ടീഷുകാര്‍ക്കെതിരെ തിളച്ചുമറിയുകയായിരുന്നു. 1945ല്‍ ഐ.എന്‍.എ തടവുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രക്ഷോഭത്തിലും 1946ലെ റോയല്‍ നേവി കലാപത്തിന് പിന്തുണ നല്‍കിക്കൊണ്ടുള്ള ദേശീയ മുന്നേറ്റങ്ങളിലും ആര്‍.എസ്.എസ് ഉണ്ടായിരുന്നില്ലല്ലോ.

1947 വരെ ഗോള്‍വാള്‍ക്കറും ആര്‍.എസ്.എസും വിശ്വസിച്ചിരുന്നത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടില്ല എന്നുതന്നെയായിരുന്നു. ഹിന്ദുരാഷ്ട്രവാദത്തിന്റെ മൗഢ്യങ്ങളില്‍ കിടന്ന് ദേശീയപ്രസ്ഥാനത്തെ അവഗണിച്ച പാരമ്പര്യമാണ് ആര്‍.എസ്.എസിനുള്ളത്.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടാല്‍ മുസ്‌ലിം വാഴ്ച പുനസ്ഥാപിക്കുന്നതിന് ഇടയാകുമെന്നാണ് ആര്‍.എസ്.എസ് സ്വന്തം അണികള്‍ക്കിടയില്‍ സ്ഥിരമായി പ്രചരണം നടത്തിയത്. ഒരു കാലത്തും ദേശീയപ്രസ്ഥാനത്തിന്റെ ഒരു ചരിത്രസന്ധിയിലും ബ്രിട്ടീഷ് വിരുദ്ധ നിലപാടെടുത്ത യാതൊരു അനുഭവം പോലും ആര്‍.എസ്.എസിനില്ല.

അതെല്ലാ കാലത്തും സാമ്രാജ്യത്വത്തെ പ്രീണിപ്പിക്കുകയും ബ്രിട്ടിഷ് മഹാറാണിയുടെ ഭരണത്തെ ഇന്ത്യയില്‍ ശാശ്വതീകരിച്ച് നിര്‍ത്താനായി വര്‍ഗീയത വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിച്ച് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനുമായി പണിയെടുക്കുകയായിരുന്നു.

ഇന്നിപ്പോള്‍ ഗാന്ധിക്ക് മുകളില്‍ സവര്‍ക്കറെ പ്രതിഷ്ഠിക്കുന്ന മോദി സര്‍ക്കാരിന്റെ മന്ത്രാലയങ്ങള്‍ സവര്‍ക്കറെ ദേശീയവാദിയും രാഷ്ട്രപിതാവുമാക്കാനുള്ള പ്രതീതി നിര്‍മാണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

സവര്‍ക്കറിനെ ഗാന്ധിക്ക് മുകളില്‍ പ്രതിഷ്ഠിച്ച പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന ആശംസാ പോസ്റ്റര്‍

1911ല്‍ ജീവപര്യന്തം തടവിന് ആന്തമാന്‍ ജയിലിലേക്ക് വിധിക്കപ്പെട്ട സവര്‍ക്കര്‍ അവിടെയെത്തിയതുമുതല്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് മാപ്പപേക്ഷകള്‍ അയച്ച് അപമാനകരമായ സാമ്രാജ്യത്വവിധേയത്വത്തിന്റെ ചരിത്രം സൃഷ്ടിച്ച വര്‍ഗീയവാദിയാണ്.

1911 മുതല്‍ 1917 വരെ തുടര്‍ച്ചയായി ബ്രിട്ടീഷ് അധികൃതര്‍ക്ക് സവര്‍ക്കറെഴുതിയ മോചനത്തിനുവേണ്ടിയുള്ള മാപ്പപേക്ഷകളെല്ലാം നാണംകെട്ട വിധേയത്വത്തിന്റെ ചരിത്രരേഖകളാണ്.

സവര്‍ക്കറെഴുതിയ മാപ്പപേക്ഷ

സാമ്രാജ്യത്വവിരുദ്ധ സമരപാതയില്‍ നിന്ന് പിന്മാറുന്നുവെന്ന് ബ്രിട്ടീഷ് ഭരണത്തെ സംബന്ധിച്ച് നേരത്തെയുണ്ടായിരുന്ന എല്ലാ ധാരണകളും തിരുത്തുന്നുവെന്നും ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ എക്കാലത്തും തുടരണമെന്ന് ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് മാപ്പെഴുതിയ ആളെയാണ് ഗാന്ധിക്ക് മുകളില്‍ പ്രതിഷ്ഠിച്ച് പെട്രോളിയം മന്ത്രാലയം സ്വാതന്ത്ര്യദിന പോസ്റ്റര്‍ ഇറക്കിയത്. ദേശീയവഞ്ചകനെ ദേശീയവാദിയും ഒറ്റുകാരനെ രാഷ്ട്രപിതാവുമാക്കുന്ന സത്യാനന്തരകാല ലീലകളായിരിക്കാം ഇതെല്ലാം!

Content Highlight: KT Kunjikkannan writes about PM Nadrendra Modi’s Independence Day speech

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more