| Tuesday, 21st October 2025, 2:55 pm

ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യം; ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ ചരിത്രം ഓര്‍മിപ്പിക്കുന്നത്

കെ.ടി. കുഞ്ഞിക്കണ്ണന്‍

ഗസയില്‍ സമാധാനമില്ല. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിച്ച് ഹമാസുമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പത്ത് ദിവസം പിന്നിടുമ്പോള്‍ ഇസ്രഈല്‍ ഫലസ്തീനികളുടെ വംശഹത്യയും ഗാസയ്ക്ക് മേലുള്ള അധിനിവേശ ആക്രമണങ്ങളും തുടരുകയാണ്.

കഴിഞ്ഞ പത്ത് ദിവസത്തിനകം 80 തവണയാണ് ഇസ്രഈല്‍ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ലംഘിച്ചത്. നൂറോളം ഫലസ്തീനികളെ കൊല്ലുകയും 250ഓളം പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു.

കഴിഞ്ഞദിവസം മാത്രം നടന്ന ഇസ്രഈല്‍ ആക്രമണത്തില്‍ 40 പേരാണ് കൊല്ലപ്പെട്ടത്. ട്രംപിന്റെ സമാധാന ഉടമ്പടികള്‍ക്കും അതനുസരിച്ചുള്ള കെയ്റോ മധ്യസ്ഥ തീരുമാനങ്ങള്‍ക്കും യാതൊരുവിധ വിലയും കല്‍പിക്കാതെയാണ് ഇസ്രഈല്‍ കൂട്ടക്കൊലകളും വംശഹത്യകളും തുടരുന്നത്.

21ാം നൂറ്റാണ്ട് ദര്‍ശിച്ച ഏറ്റവും ഭീകരമായ കൂട്ടക്കൊലയാണ് ഗസയില്‍ ട്രംപിന്റെ പിന്തുണയോടെ നെതന്യാഹു ഭരണകൂടം കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി നടത്തിക്കൊണ്ടിരുന്നത്. ഈ രണ്ട് വര്‍ഷക്കാലത്തിനിടയില്‍ 365 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഗസയില്‍ ഒന്നര ലക്ഷം ടണ്‍ സ്ഫോടകവസ്തുക്കളാണ് ഇസ്രഈല്‍ വര്‍ഷിച്ചത്.

ട്രംപും നെതന്യാഹുവും

ഫലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള അബു ഷാവേസ് പറഞ്ഞതുപോലെ ഓരോ ഫലസ്തീനിക്കും 70 കിലോ സ്ഫോടകവസ്തുക്കളാണ് ഇസ്രഈല്‍ ഗസയില്‍ വര്‍ഷിച്ചത്. യുദ്ധത്തിന്റെ പരോക്ഷ ആഘാതങ്ങളായ പട്ടിണിയും കുടിവെള്ളമില്ലായ്മയും മരുന്നും ചികിത്സയുമില്ലായ്മയും ഉള്‍പ്പെടെയുള്ള യാതനകള്‍ ഫലസ്തീനെ വേട്ടയാടുകയാണ്.

അബ്ദുള്ള അബു ഷാവേസ്

ട്രംപിന്റെ ഏഷ്യയിലെ സുപ്രധാന സഖ്യശക്തിയായ ഇസ്രഈലിനെയും അയാളുടെ ഉറ്റചങ്ങാതിയായ നെതന്യാഹുവിനെയും നിലയ്ക്കുനിര്‍ത്താനും ഗസയിലെ കൂട്ടക്കൊലകള്‍ അവസാനിപ്പിക്കാനും ഐക്യരാഷ്ട്രസഭയ്ക്കോ ലോകരാജ്യങ്ങള്‍ക്കോ കഴിയാത്ത നിര്‍ഭാഗ്യകരമായ സാഹചര്യമാണുള്ളത്.

വംശഹത്യയാണ്, ഫലസ്തീനികളുടെ ജീവന്റെ തുടിപ്പുപോലും ഇല്ലാതാക്കുകയാണ് വെടിനിര്‍ത്തല്‍ കരാറിനുശേഷവും തുടരുന്ന ബോംബാക്രമണങ്ങളും മിസൈലാക്രമണങ്ങളും വഴി ഇസ്രഈല്‍ ലക്ഷ്യമിടുന്നത്.

കെയ്റോവില്‍ ഈജിപ്തിന്റെ അധ്യക്ഷതയില്‍ ട്രംപിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ തീരുമാനം നടപ്പാക്കുന്നതിന്റെ ഒന്നാം ഘട്ടം ഇസ്രഈലും ഗസയും ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറുകയെന്നതാണ്.

ഈ പ്രക്രിയ നടക്കുന്നതിനിടയിലാണ് ഇസ്രഈല്‍ ആക്രമണങ്ങള്‍ തുടരുന്നത്. ഇത് പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ ചരിത്രം പഠിച്ചിട്ടുള്ള ആര്‍ക്കും അസ്വാഭാവികമായി തോന്നില്ല. മുമ്പും ഈ മേഖലയില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഇസ്രഈല്‍ തുടര്‍ച്ചയായി ലംഘിച്ചിട്ടുണ്ട്.

കെയ്റോ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ലോകം പ്രതീക്ഷിച്ചത് ഇത്തവണയെങ്കിലും വെടിനിര്‍ത്തല്‍ ലംഘനം ഇസ്രഈലിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നാണ്.

ട്രംപ് ഈകാര്യത്തില്‍ ഇസ്രഈലിനെ വേണ്ട രീതിയില്‍ നിയന്ത്രിക്കുമെന്നും പല ലോകനേതാക്കളും പ്രതീക്ഷിച്ചിരുന്നു. വെടിനിര്‍ത്തല്‍ നീക്കങ്ങള്‍ക്ക് മുന്‍കൈയെടുത്ത ട്രംപ് ന്യായമായും വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ ഇസ്രഈലിനുമുകളില്‍ സമ്മര്‍ദം ചെലുത്തേണ്ടിയിരുന്നു.

അന്താരാഷ്ട്ര സമൂഹം ട്രംപില്‍ നിന്ന് അത് ഉണ്ടാകുമെന്ന് കരുതിയിരുന്നു. പക്ഷെ ഇസ്രഈലിനും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കും പിറകില്‍ അമേരിക്കന്‍ താത്പര്യങ്ങളാണ് പ്രധാന പ്രേരകഘടകമെന്ന് അറിയാവുന്ന എല്ലാവരും ട്രംപില്‍ നിന്ന് അങ്ങനെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. നസ്രേയത്ത് നിന്ന് നന്മ പ്രതീക്ഷിക്കരുതല്ലോ.

മാത്രമല്ല ട്രംപ് അമേരിക്കന്‍ ആഭ്യന്തരകാര്യങ്ങളില്‍ പോലും അഭിപ്രായം മാറ്റി സ്വയം അപഹാസ്യനായിട്ടുള്ള നേതാവുമാണ്. അദ്ദേഹം ഇപ്പോള്‍ പശ്ചിമേഷ്യന്‍ സമാധാനകാര്യത്തില്‍ ഉരുണ്ടുകളിക്കുകയാണ്.

ഡൊണാള്‍ഡ് ട്രംപ്

സമാധാന നോബല്‍ സമ്മാനം പ്രതീക്ഷിച്ച് ട്രംപ് നടത്തിയ ഒരു നാടകം മാത്രമായിരുന്നോ സമാധാന ഉടമ്പടികളും കെയ്റോ മധ്യസ്ഥ നീക്കങ്ങളുമെല്ലാമെന്ന ചോദ്യമാണ് ഇപ്പോള്‍ സമാധാനകാംക്ഷികളും ജനാധിപത്യ പ്രസ്ഥാനങ്ങളും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.

കെയ്റോ മധ്യസ്ഥത്തിന് കാര്‍മികത്വം വഹിച്ച ട്രംപും അദ്ദേഹത്തിന്റെ ഭരണാസ്ഥാനമായ വൈറ്റ്ഹൗസും ഇസ്രഈല്‍ തുടരുന്ന ആക്രമണങ്ങളില്‍ വെടിനര്‍ത്തല്‍ ലംഘനങ്ങളോട് എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്. അതിനര്‍ത്ഥം ഇസ്രയേലിന്റെ വംശഹത്യാ നീക്കം ട്രംപിന്റെ കൂടി താത്പര്യമാണെന്നാണ്.

ഇസ്രഈല്‍ ചരിത്രത്തിലെ ഒരു ഘട്ടത്തിലും അന്താരാഷ്ട്ര സമൂഹത്തിന്റെയോ യു.എന്‍ തീരുമാനങ്ങളുടേയോ അഭീഷ്ടങ്ങള്‍ അംഗീകരിക്കാനോ നടപ്പാക്കാനോ തയ്യാറായിട്ടില്ലെന്നതാണ് വസ്തുത.

1947ല്‍ യു.എന്‍ ചാര്‍ട്ടര്‍ 181 അനുസരിച്ച് ഫലസ്തീനികളുടെ മണ്ണില്‍ ഇസ്രഈല്‍ രാഷ്ട്രമുണ്ടാക്കാനുള്ള തീരുമാനത്തെ അറബ് രാജ്യങ്ങള്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ 1948ല്‍ ജൂതര്‍ ഭൂരിപക്ഷമായ പ്രദേശങ്ങളില്‍ ഡേവിഡ് ബെന്‍-ഗുരിയാന്റെ നേതൃത്വത്തില്‍ ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിച്ചതായി സയണിസ്റ്റുകള്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഡേവിഡ് ബെന്‍-ഗുരിയാന്‍

ഹര്‍ഗനാസ്, ഇര്‍ഗുണ്‍ തുടങ്ങിയ സയണിസ്റ്റ് സേനാദളങ്ങളെ ഉപയോഗിച്ച് അറബ് വംശജരായ ഫലസ്തീനികളെ ഓടിച്ചും അരിഞ്ഞുവീഴ്ത്തിയും ഇസ്രഈല്‍ രാഷ്ട്രം സ്ഥാപിക്കാന്‍ അമേരിക്ക എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കുകയായിരുന്നു.

ഈയൊരു സാഹചര്യത്തിലാണ് ഇസ്രഈല്‍ രാഷ്ട്രസ്ഥാപനത്തിനെതിരെ അറബ് രാജ്യങ്ങളുടെ മുന്‍കൈയില്‍ യുദ്ധം ആരംഭിക്കുന്നത്. 1949ല്‍ അറബ് ഇസ്രഈല്‍ യുദ്ധത്തിന് വിരാമ ഉടമ്പടികള്‍ ഉണ്ടാവുകയും ഉടമ്പടി പ്രകാരം ഗസ മുനമ്പ് ഈജിപ്തിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു.

തുടര്‍ന്ന് ഗമാല്‍ അബ്ദുള്‍ നാസറിന്റെ നേതൃത്വത്തില്‍ ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശത്തിനെതിരെ അറബ് കൂട്ടായ്മകള്‍ ശക്തിപ്പെട്ടു.

മാല്‍ അബ്ദുള്‍ നാസർ

അറബ് മേഖലയിലെ സാമ്രാജ്യത്വ താത്പര്യങ്ങള്‍ക്കെതിരെ വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ട് 1956ല്‍ നാസര്‍ സൂയസ് കനാല്‍ ദേശസാല്‍ക്കരിക്കുകയും ഇസ്രഈല്‍ കപ്പലുകളെ സൂയസ് കനാലില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തു.

ഈയൊരു സാഹചര്യത്തിലാണ് ഇസ്രഈല്‍ സിനായ് മേഖലയില്‍ ഗസ മുനമ്പും ആക്രമിക്കുന്നത്. തുടര്‍ന്ന് യു.എന്‍ ഇടപെടലിനെ തുടര്‍ന്നാണ് 1956 നവംബറില്‍ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സൈന്യത്തെ ഈജിപ്തില്‍ നിന്ന് പിന്‍വലിക്കണമെന്ന തീരുമാനമുണ്ടാകുന്നത്.

ഗസ മുനമ്പില്‍ നിന്നും അക്കാബ ഉള്‍ക്കടലിന്റെ പ്രദേശങ്ങളില്‍ നിന്നും ഇസ്രഈല്‍ സൈന്യം പിന്‍മാറുകയും ചെയ്തു. ഗാസ മുനമ്പ് ഈജിപ്തിനവകാശപ്പെട്ടതല്ലെന്ന വാദം ഇസ്രഈല്‍ ഉയര്‍ത്തിയെങ്കിലും അന്താരാഷ്ട്ര സമൂഹം അത് അംഗീകരിക്കാന്‍ തയ്യാറായില്ല.

1967 ജൂണില്‍ ഇസ്രഈല്‍ യുദ്ധം ആരംഭിച്ചു. ഗാസ മുനമ്പും സിനായ് പെനിന്‍സുലയും ഉള്‍പ്പെടെ ഫലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്രഈല്‍ പിടിച്ചെടുത്തു. ഇതിനെതിരായി 1970കളില്‍ പി.എല്‍.ഒ സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ശക്തമായ കടന്നാക്രമണം ആരംഭിച്ചു.

സോവിയറ്റ് യൂണിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ലിയോനിഡ് ബ്രഷ്‌നേവിനൊപ്പം യാസര്‍ അറാഫത്ത്

1967ലെ യുദ്ധത്തില്‍ ഫലസ്തീനിന് നഷ്ടപ്പെട്ട ഭൂപ്രദേശങ്ങള്‍ തിരിച്ചുപിടിച്ചു. 1973 ഒക്ടോബറില്‍ ഈജിപ്തും സിറിയയും ഇസ്രഈലിനുനേരെ യുദ്ധം ആരംഭിച്ചു. യോംകിപൂര്‍ യുദ്ധം അറബ് നാടുകള്‍ക്കനുകൂലമായ വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ഒരു കരാര്‍ ചര്‍ച്ചചെയ്യുന്നതിനായി ഇസ്രയേലിനുനേരെ വലിയ സമ്മര്‍ദ്ദമുണ്ടാക്കി.

ഇസ്രഈലിന് അതിന് വഴങ്ങേണ്ടിയും വന്നു. 19 ദിവസം നീണ്ടുനിന്ന ആ യുദ്ധത്തില്‍ ഏകദേശം 2200 ഓളം സൈനികരെ ഇസ്രഈലിന് നഷ്ടപ്പെട്ടു. ആയിരക്കണക്കിന് സൈനികര്‍ക്ക് പരിക്ക് പറ്റി.

ലോക ശാക്തിക ബന്ധങ്ങളില്‍ സോവിയറ്റ് യൂണിയന്‍ ചെലുത്തിയിരുന്ന നിര്‍ണായകമായ സ്വാധീനവും ഏഷ്യയിലെ സ്വതന്ത്രരാജ്യങ്ങളുടെ നിലപാടും ഇസ്രഈലിനും അമേരിക്കയ്ക്കുമെതിരായും ഫലസ്തീന്‍ ജനതയ്ക്കനുകൂലമായുമുള്ള അന്തരീക്ഷം സൃഷ്ടിച്ചു.

ഈയൊരു സാഹചര്യത്തിലാണ് 1979 മാര്‍ച്ച് 26ന് ഈജിപ്തും ഇസ്രഈലും അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒരു സമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കുന്നത്.

ആ ഉടമ്പടിയനുസരിച്ച് സിനായ് പെനിന്‍സുലയില്‍ നിന്ന് ഇസ്രഈല്‍ പൂര്‍ണമായും പിന്‍മാറുകയും അധിനിവേശ പ്രദേശങ്ങളില്‍ താമസിക്കുന്ന ഫലസ്തീനികള്‍ക്ക് സ്വയംഭരണം അനുവദിക്കുന്നതിനുള്ള കരാര്‍ സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയെത്തുകയും ചെയ്തു.

മൂന്ന് വര്‍ഷത്തിനുശേഷം ജോര്‍ദാന്റെ മേല്‍നോട്ടത്തില്‍ ഫലസ്തീന് പൂര്‍ണ സ്വയംഭരണത്തിന് പിന്തുണ നല്‍കാന്‍ യു.എസ് പ്രസിഡണ്ട് പിന്തുണ നല്‍കിയെങ്കിലും ഇസ്രഈല്‍ അത് നിരസിക്കുകയാണുണ്ടായത്.

എന്നുപറഞ്ഞാല്‍ സമാധാനപരമായി ഫലസ്തീന്‍ ജനതയ്ക്ക് നീതിയും സ്വയംനിര്‍ണയവും നല്‍കാനുള്ള എല്ലാ ഉടമ്പടികളെയും നിരന്തരം ലംഘിച്ച ചരിത്രമാണ് ഇസ്രഈലിനുള്ളത്.

പി.എല്‍.ഒയുടെയും യാസര്‍ അറാഫത്തിന്റെയും നേതൃത്വത്തില്‍ നടന്ന എല്ലാ സമാധാന ശ്രമങ്ങളിലും അവിശ്വാസം സൃഷ്ടിച്ചാണ് ഫലസ്തീന്‍ ജനങ്ങള്‍ക്കിടയില്‍ ഹമാസ് സ്വാധീനം നേടിയെടുത്തത്. രാഷ്ട്രീയ ഇസ്‌ലാമിസ്റ്റ് അടിത്തറയില്‍ നിന്ന് ഉയര്‍ന്നുവന്ന ഹമാസിന് അമേരിക്കയുടെയും ഇസ്രഈലിന്റെയും രഹസ്യസഹായങ്ങളുമുണ്ടായിരുന്നു.

യാസര്‍ അറാഫത്ത്

ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യസമരത്തെയും അതിന്റെ നേതൃത്വത്തെയും അവിശ്വാസത്തിലാക്കി തങ്ങളുടെ അധിനിവേശ അജണ്ട നടപ്പാക്കുകയെന്നതാണ് സയണിസ്റ്റുകളും യു.എസ് സാമ്രാജ്യത്വവും സ്വീകരിച്ച തന്ത്രം.

1987ല്‍ ഇന്‍തിഫാദ വെസ്റ്റ് ബാങ്കിലും ഗസയിലും ആരംഭിച്ചതോടെയാണ് പി.എല്‍.ഒയില്‍ വിള്ളലുകള്‍ ഉണ്ടായത്. 1993ലെ ഓസ്‌ലോ ഉടമ്പടി പ്രകാരം തുടങ്ങിയ ദ്വിരാഷ്ട്ര പരിഹാര ചര്‍ച്ചകളെല്ലാം മുടങ്ങുകയും പി.എല്‍.ഒയെ ദുര്‍ബലമാക്കുകയും ചെയ്തതോടെ ഫലസ്തീന്‍ പ്രശ്നം സങ്കീര്‍ണമാവുകയായിരുന്നു.

2000 സെപ്തംബറില്‍ ആരംഭിച്ച ക്യാമ്പ് ഡേവിഡ് ചര്‍ച്ചകള്‍ സ്തംഭനാവസ്ഥയിലാവുകയും ഹമാസ് ഗസയില്‍ സ്വാധീനശക്തിയായി വളരുകയും ചെയ്തു. ഈയൊരു സാഹചര്യത്തിലാണ് 1999ല്‍ ഓസ്ലോ ഉടമ്പടി പ്രകാരം ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വരുമെന്ന പ്രഖ്യാപനം അറാഫത്ത് നടത്തുന്നത്.

ഹമാസ്

ഇതില്‍ പ്രകോപിതരായിക്കൊണ്ടാണ് ഇസ്രഈല്‍ അമേരിക്കയുടെ അറിവോടെ ഫലസ്തീന് നേരെ ആക്രമണങ്ങള്‍ കടുപ്പിക്കുന്നതും യാസര്‍ അറാഫത്തിനെ തടങ്കലിലാക്കുന്നതും.

റാമല്ലയിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഇസ്രഈല്‍ സൈന്യം വളഞ്ഞുവെക്കുകയും രണ്ടു വര്‍ഷത്തിലേറെക്കാലം അറാഫത്ത് ലോകവുമായി ബന്ധപ്പെടാനാവാതെ സൈനികവലയത്തിലാവുകയും ചെയ്തു.

രോഗം പിടിപെട്ട് അവശനായ അദ്ദേഹത്തെ റാമല്ലയില്‍ നിന്ന് പാരീസിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും 2004ല്‍ നവംബറില്‍ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

ഫലസ്തീന്‍ ജനതക്കും അവരുടെ സ്വയംനിര്‍ണയാവകാശങ്ങള്‍ക്കും അനുകൂലമായ ലോകാഭിപ്രായം ശക്തിപ്പെട്ടതോടെയാണ് 2005ല്‍ ഇസ്രഈല്‍ സൈന്യം ഗസയില്‍ നിന്ന് പിന്‍മാറണമെന്ന തീരുമാനമുണ്ടാവുന്നത്.

2007ല്‍ യു.എന്‍ മേല്‍നോട്ടത്തില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വെസ്റ്റ് ബാങ്കില്‍ ഫത്താ പാര്‍ട്ടിയും ഗാസയില്‍ ഹമാസും അധികാരം കയ്യാളുന്ന അവസ്ഥയുണ്ടായി.

ഐക്യരാഷ്ട്രസഭയുടെ ദ്വിരാഷ്ട്ര വ്യവസ്ഥയനുസരിച്ച് കിഴക്കന്‍ ജറുസലേം തലസ്ഥാനമായി 1967ന് മുമ്പ് ഉണ്ടായിരുന്ന അതിര്‍ത്തികളോടെ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയെന്നതാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം.

ഫലസ്തീന്‍ ജനതയ്ക്ക് രാഷ്ട്രമായി നിലകൊള്ളാനുള്ള അവകാശം നിഷേധിക്കുന്ന ഇസ്രഈലിനെയും അതിന് പിന്തുണ നല്‍കുന്ന സാമ്രാജ്യത്വശക്തികളെയും ഒറ്റപ്പെടുത്തിക്കൊണ്ടു മാത്രമെ ഫലസ്തീന്‍ ജനതയ്ക്ക് നീതിയും സ്വാതന്ത്ര്യവും ഉറപ്പുവരുത്താനാകൂ.

Content Highlight: KT Kunjikannan writes about Israel’s continued ceasefire violations and the independence of Palestine

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more