| Saturday, 26th July 2025, 3:44 pm

ദുര്‍ബ്ബലമാകുന്ന അമേരിക്കന്‍ സമ്പദ്ഘടനയും ഇന്ത്യയുടെ അപമാനകരമായ വിധേയത്വവും

കെ.ടി. കുഞ്ഞിക്കണ്ണന്‍

അമേരിക്കയിലെ ടെക് കമ്പനികളോട് ഇന്ത്യക്കാരെ ജോലിക്ക് വെക്കരുതെന്ന പ്രസിഡന്റ് ട്രംപിന്റെ ഭീഷണിയും അതിനോട് പ്രതികരിക്കാനാവാതെ അപമാനകരമായ വിധേയത്വത്തിന്റെ ചവറ്റ് കൂനയില്‍ പെട്ടു പോയിരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കയും വിധേയരാജ്യങ്ങളും ലോകത്തിന് മുമ്പില്‍ സ്വയം തുറന്നു കാണിക്കുന്നത് തങ്ങള്‍ എത്തപ്പെട്ട പതനഗതിയെയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന്റെ ഉറ്റ തോഴനാണ് താനെന്ന് സ്വയം മേനി പറഞ്ഞ് നടക്കുന്ന ഒരു മൂന്നാം ലോക വിനീത വിധേയനായ അമേരിക്കയുടെ നാണം കെട്ട പിന്താങ്ങിയാണ്.

ട്രംപിനെ മൈ ഡിയര്‍ ഫ്രണ്ടെന്നും മൈ ഗ്രെയ്റ്റ് ഫ്രണ്ടെന്നുമൊക്കെ വിളിച്ച് സ്വയം ആത്മനിര്‍വൃതി കൊള്ളുന്ന മോദി കുടിയേറ്റ വിരുദ്ധനും വംശീയവാദിയുമായ റിപ്പബ്ലിക്കന്‍ പ്രസിഡന്റിന്റെ നവ ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രത്തില്‍ ഹിന്ദുത്വത്തിന്റെ തന്ത്രപരമായ പങ്കാളിത്തം കണ്ടെത്തുന്ന ഇന്ത്യന്‍ ഫാസിസ്റ്റാണ്.

യു.എസ് സന്ദര്‍ശനത്തിനിടെ മോദിയും ട്രംപും

ട്രംപും മോദിയും തമ്മിലുള്ള ബന്ധം പ്രത്യയശാസ്ത്രപരവും ലോകത്തെ തീവ്രവലതുപക്ഷ ഭീകരതയിലേക്ക് തള്ളിവിടുന്ന രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗവുമാണെന്ന് തിരിച്ചറിയാതെ പോകരുത്.

ട്രംപിന് ഇന്ത്യയില്‍ ക്ഷേത്രം പണിയുമെന്നു വരെ പ്രഖ്യാപിച്ച സാമ്രാജ്യത്വ ഭക്തിയുടെ അശ്ലീലങ്ങള്‍ക്ക് ഇന്ത്യയെ അപമാനിച്ച , ഇന്ത്യക്കാര്‍ക്ക് പണി കൊടുക്കരുതെന്ന് ടെക് കമ്പനികളോട് കല്‍പിച്ച ട്രംപിനോട് പ്രതിഷേധിക്കാനുള്ള നട്ടെല്ല് ഉണ്ടാവണമെന്ന് പ്രതീക്ഷിക്കുന്നതില്‍ എന്തര്‍ത്ഥം.

അമേരിക്കയില്‍ ജോലി ചെയ്യുന്നവരെയും അവിടെ ജോലി അന്വേഷിച്ചു പോകുന്നവരെയും ഗുരുതരമായി ബാധിക്കുന്നതാണ് ട്രംപിന്റെ നീക്കം. യു.എസ്സിലെ ടെക് മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ ഗണ്യമായ ശക്തിയാണ് ഇന്ത്യക്കാര്‍.

കടുത്ത കുടിയേറ്റ വിരുദ്ധ വംശീയതയില്‍ നിന്നാണ് മെക്‌സിക്കാര്‍ക്കെന്നപോലെ ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുമെന്ന ഭീഷണി മുഴക്കിയിരിക്കുന്നത്.

സാങ്കേതിക മേഖലയില്‍ തദ്ദേശീയര്‍ മാത്രം മതിയെന്നാണ് ട്രംപിന്റെ വാദം. അതിനായി ശാംഠ്യം പിടിക്കുന്ന ട്രംപ് അമേരിക്കന്‍ സമ്പദ്ഘടന നേരിടുന്ന മുരടിപ്പും അതുമൂലം വെള്ളക്കാരായ യുവതി യുവാക്കള്‍ ഉള്‍പ്പെടെ അനുഭവിക്കുന്ന രൂക്ഷമായ തൊഴിലില്ലായ്മയ്ക്കുമെതിരായ പ്രതിഷേധങ്ങളെ വംശീയമായ വികാരങ്ങളിലേക്ക് വഴിതിരിച്ചു വിടുകയാണ്.

മോദി-ട്രംപ് കൂടിക്കാഴ്ച

ഇത്തരം കുടിയേറ്റ വിരുദ്ധ വംശീയ നീക്കങ്ങള്‍ അമേരിക്കയുടെ നവീന സാങ്കേതിക രംഗത്തെ തന്നെ പ്രതിസന്ധിയിലാക്കുമെന്നതാണ് യാഥാര്‍ത്ഥ്യം.

നവീന സാങ്കേതികതയുടെ ആഗോള കേന്ദ്രമാണ് സിലിക്കണ്‍വാലി. അവിടെ തൊഴിലെടുക്കുന്നവരില്‍ ഭൂരിപക്ഷവും വിദേശികളാണ്. അതില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരുമാണ്. 60 ശതമാനത്തോളം വരും സിലിക്കണ്‍വാലിയിലെ ഇന്ത്യന്‍ തൊഴില്‍ ശക്തിയെന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബാച്ച്‌ലര്‍ ബിരുദമുള്ള ടെക്ക് ജീവനക്കാരില്‍ 23 % ഇന്ത്യക്കാരാണ്. അതില്‍ 18% മാത്രമാണ് തദ്ദേശീയര്‍. എ.ഐ സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിച്ച കുടിയറ്റക്കാരുടെ എണ്ണത്തിലും ഇന്ത്യക്കാരാണ് മുന്നില്‍.

60 % വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യു.എസ് കമ്പനികളെ അനുവദിക്കുന്ന നോണ്‍ ഇമിഗ്രന്റ് വിസയായ എച്ച് 1 ബി വിസ കൈവശമുള്ളവരായ ഇന്ത്യക്കാര്‍ 74.5 ശതമാനത്തോാളം വരും.

അമേരിക്കയില്‍ പൊതുവിലും സിലിക്കണ്‍വാലിയില്‍ വിശേഷിച്ചും ജോലി ചെയ്യുന്ന ഗണ്യമായ വിഭാഗം ഇന്ത്യക്കാരാണെന്നിരിക്കേ ട്രാപിന്റെ നീക്കങ്ങള്‍ വലിയ ആഘാതമാണ് ഇന്ത്യക്ക് ഉണ്ടാക്കുന്നത്.

പുറംകരാറിനെതിരെയും ട്രംപ് നടത്തുന്ന നീക്കങ്ങള്‍ ഈ രംഗത്തെ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് വലിയ തിരിച്ചടിയാവും.

എന്നിട്ടും ട്രംപിനെതിരെ മോദി മിണ്ടാതിരിക്കുന്നു. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യ അവരുടെ അടിമയായ സാമന്ത രാജ്യം മാത്രമാണ്. അവരുടെ ചരക്കുകളും ആയുധങ്ങളും വിറ്റഴിക്കാനുള്ള വിപണി മാത്രം. ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കാര്‍ഷികവാണിജ്യ മേഖലകള്‍ വലിയ പ്രതിസന്ധിയിലേക്കാണ് പതിക്കുക.

ഇന്ത്യക്കെതിരായ യു.എസ് ഭീഷണിക്ക് മുമ്പില്‍ ലജ്ജാകരമായ കീഴടങ്ങലാണ് മോദി നടത്തി കൊണ്ടിരിക്കുന്നത്. പാവപ്പെട്ട മുസ്‌ലിങ്ങള്‍ക്കും കമ്യുണിസ്റ്റുകള്‍ക്കുമെതിരെ ദേശിയത വിളമ്പി വിജ്രംഭിത വീര്യം കാണിക്കുന്നവരാണ് ട്രംപിന്റെ ഇന്ത്യാ വിരുദ്ധഭീഷണിക്കെതിരെ മൗനം പൂണ്ടിരിക്കുന്നത്.

കൊളോണിയല്‍ ദാസ്യവും അമേരിക്കന്‍ വിധേയത്വവും ജനിതകത്തില്‍ പേറുന്ന ആര്‍.എസ്.എസുകാരനാണല്ലോ മോദി. നെഹ്‌റുവിന്റെ വിഖ്യാതമായ ചേരിചേരാനയം ഉപേക്ഷിച്ച് 1990 ഓടെ നരസിംഹറാവു തുടങ്ങി വെച്ച അമേരിക്കന്‍ ബാന്ധവമാണിന്ന് മോദിയിലൂടെ അപമാനകരമായ കീഴടങ്ങലിലേക്ക് എത്തിയിരിക്കുന്നത്.

അമേരിക്ക ഒരു സാമ്പത്തിക ശക്തിയെന്ന നിലയില്‍ തിരിച്ചു വരാനാകാത്ത പതന ഗതിയിലാണെന്നാണ് സ്റ്റിഗ്ലീസും പോള്‍ ഗ്രൂഗ്മാനുമെല്ലാം അപഗ്രഥനാത്മകമായ തങ്ങളുടെ പഠനങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്നത്. സ്വന്തം സൈനികശക്തി കൊണ്ട് ലോകത്തെ വിരട്ടി പിടിച്ചു നില്‍ക്കാനാണ് അമേരിക്കന്‍ ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

Content Highlight: KT Kunhikkannan writeup about Donald Trump warning on US Companies to halt hiring in India

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more