| Tuesday, 8th July 2025, 7:44 pm

മുഹമ്മദ് റിയാസിനെ ലക്ഷ്യമിടുന്ന ഹിന്ദുത്വ വാദികള്‍

കെ.ടി. കുഞ്ഞിക്കണ്ണന്‍

കേരള സര്‍ക്കാറും ടൂറിസം വകുപ്പും പാക്കിസ്ഥാന്‍ ചാര വനിത ജ്യോതി മല്‍ഹോത്രക്ക് ആതിഥേയത്വം നല്‍കിയെന്നാക്ഷേപിച്ച് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ബി.ജെ.പി ദേശീയ നേതൃത്വവും കെ. സുരേന്ദ്രനും വര്‍ഗീയ വിദ്വേഷ പ്രചരണ നടത്തുന്നതിനിടയിലാണിപ്പോള്‍ വന്ദേഭാരത് ഉല്‍ഘാടനത്തിന് അവര്‍ എത്തിയതായുള്ള വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

2023 ല്‍ നടന്ന വന്ദേ ഭാരത് ഉല്‍ഘാടന അവസരത്തില്‍ വി. മുരളീധരനുമായി അവര്‍ സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരിക്കയാണ്. ദേശസുരക്ഷക്ക് ഭീഷണിയാവുന്ന എല്ലാ ഛിദ്രശക്തികളുമായി രഹസ്യ ബന്ധം സ്ഥാപിച്ച് നാടിനെ അസ്ഥിരീകരിക്കുന്ന എല്ലാ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടുനിന്ന ചരിത്രമാണ് ആര്‍.എസ്.എസിനും ബി.ജെ.പിക്കുള്ളത്.

ജ്യോതി മല്‍ഹോത്ര വി. മുരളീധരനോടൊപ്പം വന്ദേഭാരത് ട്രെയിനില്‍

1993 ലെ ബോംബെ സ്‌ഫോടന പരമ്പരകള്‍ക്കുത്തരവാദിയായ ദാവുദ്‌സംഘത്തിന് ഷെല്‍ട്ടര്‍ ഒരിക്കല്‍ കൊടുത്തത് മുതല്‍ പുല്‍ വാമ, പഹല്‍ഗാം വരെയുള്ള സംഭവങ്ങളില്‍ ബി.ജെ.പി യും അവരുടെ കേന്ദ്ര സര്‍ക്കാറും സംശയത്തിലാണ്. ഇന്ത്യന്‍ ജയിലുകളിലെ ജെയ് ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘങ്ങളിലെ ആളുകളെ കാണ്ഢഹാറിലെ താലിബാന്‍ താവളങ്ങളിലെത്തിച്ചു കൊടുത്തതും ബി.ജെ.പി സര്‍ക്കാറായിരുന്നു. 

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഹരിയാനയിലെ ബി.ജെ.പി നേതാക്കളും കേന്ദ്രസര്‍ക്കാരിലെ ഉന്നതരുമായി ബന്ധം പുലര്‍ത്തുന്ന ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര പിടിക്കപ്പെടുന്നത്. അവര്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധം പുലര്‍ത്തുന്നുവെന്നും ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥന്മാര്‍ വഴി ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രദേശങ്ങളുടെ വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറുന്നുവെന്നും കണ്ടുപിടിക്കപ്പെട്ടതോടെയാണ്  അറസ്റ്റു ചെയ്യുന്നത്.

നേരത്തെ തന്നെ പുറത്തുവന്ന ഒരു വീഡിയോ എല്ലാവരുടെയും ശ്രദ്ധയില്‍പ്പെട്ടതാണ്. ആ വീഡിയോ ഇതാണ്. അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ അവരുടെ യാത്രാരേഖകള്‍ പരിശോധിക്കുന്ന അതിര്‍ത്തിരക്ഷാസേന ഉദ്യോഗസ്ഥന്മാരോട് താന്‍ ബി.ജെ.പിയാണെന്ന് അവര്‍ പറയുന്നതും ഉദ്യോഗസ്ഥര്‍ രേഖകളെല്ലാം മടക്കി വിനയബഹുമാനത്തോടെ അവരെ പോകാന്‍ അനുവദിക്കുന്നതുമാണ് ആ വീഡിയോ. 

ഹരിയാനയിലെയും ഡല്‍ഹിയിലെയും കേന്ദ്രസര്‍ക്കാര്‍ പരിപാടികളില്‍ വി.ഐ.പിയായി ജ്യോതി മല്‍ഹോത്ര പങ്കെടുക്കുന്ന എത്രയോ ചടങ്ങുകളുടെ വിവരങ്ങളും വീഡിയോകളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ പാക്കിസ്ഥാനുവേണ്ടി ഇന്ത്യയില്‍ ചാരപ്രവര്‍ത്തി നടത്തുന്ന ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ജ്യോതി മല്‍ഹോത്രയെന്ന യൂട്യൂബര്‍ ബി.ജെ.പിയുടെ ഉന്നതതലങ്ങളിലുള്ളവരുമായി ബന്ധം പുലര്‍ത്തുന്ന ചാരവനിതയാണ്.

ഈ വിവരങ്ങളെല്ലാം ഇപ്പോള്‍ ദേശീയതലത്തില്‍ തന്നെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍വേണം കേരളത്തെ ലക്ഷ്യമിടുന്ന ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ ക്ഷണപ്രകാരമാണെന്നും പിണറായി സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത അതിഥിയായിരുന്നു ജ്യോതി മല്‍ഹോത്രയെന്നുമുള്ള പ്രചരണമാരംഭിച്ചത്.

ഷെഹസാദ് പൂനവാല

ബി.ജെ.പിയുടെ ദേശീയവക്താവ് ഷെഹസാദ് പൂനവാലയാണ് കേരള ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് എന്നതിന് വിവരാവകാശ രേഖകള്‍ തെളിവാണെന്ന് അവകാശപ്പെട്ടുകൊണ്ട് ആദ്യം ഈ പ്രശ്നം ഉന്നയിക്കുന്നത്. വളരെ ആസൂത്രിതമായ കേരളത്തെ ലക്ഷ്യമിടുന്ന ഒരു ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമായിട്ടുതന്നെ ഈ ആരോപണങ്ങളെ മുഴുവന്‍ കേരളീയരും തിരിച്ചറിയേണ്ടതുണ്ട്.

ജ്യോതി മല്‍ഹോത്ര കേന്ദ്രസര്‍ക്കാരിന്റെയും ഹരിയാനയിലെ ബി.ജെ.പി നേതാക്കളുടെയും സഹായത്തോടുകൂടിയാണ് യൂട്യൂബര്‍ എന്ന സാധ്യത ഉപയോഗിച്ചുകൊണ്ട് ഐ.എസ്.ഐക്കുവേണ്ടി ഇവിടെ ചാരപ്രവര്‍ത്തനം നടത്തിയതെന്ന ഞെട്ടിപ്പിക്കുന്ന രാജ്യദ്രോഹ പ്രവര്‍ത്തനത്തെ മറച്ചുപിടിക്കാനും ഇതില്‍ ബി.ജെ.പിക്കുള്ള കുറ്റകരമായ പങ്കില്‍ നിന്നും ശ്രദ്ധ തിരിക്കാനുമാണ് പ്രകാശ് ജാവദേക്കറും കെ. സുരേന്ദ്രനുമെല്ലാം കേരള സര്‍ക്കാരിനെതിരായി ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

കേരളത്തിന്റെ ടൂറിസം വകുപ്പ് മന്ത്രി റിയാസിനെ ലക്ഷ്യംവെച്ചുകൊണ്ടുള്ള അത്യന്തം അപലപനീയമായ വര്‍ഗീയവിദ്വേഷ അജണ്ടയില്‍ നിന്നുള്ള ആരോപണങ്ങളാണ് ബി.ജെ.പി നേതാക്കള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്നത്.

മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ബി.ജെ.പി വക്താവ് ഷെഹസാദ് പൂനവാല തന്നെ കടുത്ത വര്‍ഗീയ നിലപാടില്‍ നിന്നുകൊണ്ട് ആരോപിക്കുന്നത് കേരള സര്‍ക്കാര്‍ ജ്യോതിക്ക് ചുവപ്പ് പരവതാനി വിരിക്കുകയും ഭാരതമാതാവിന് അവര്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്യുകയുമാണെന്നാണ്. ഇതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മന്ത്രി മുഹമ്മദ് റിയാസ് രാജിവെക്കണമെന്ന ആവശ്യവും ബി.ജെ.പി നേതാക്കള്‍ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്.

ആര്‍.എസ്.എസ്-ബി.ജെ.പി കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന അങ്ങേയറ്റം വര്‍ഗീയവും കേരള വിരുദ്ധവുമായ ആരോപണങ്ങള്‍ ഏറ്റുപിടിച്ചുകൊണ്ട് കോണ്‍ഗ്രസ്-യു.ഡി.എഫ് കേന്ദ്രങ്ങളും മുഹമ്മദ് റിയാസ് ആണിതിന് എല്ലാം ഉത്തരവാദിയെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നീചമായ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ വളരെ അന്ധമായ ഇടതുപക്ഷവിരുദ്ധ നിലപാടുകളില്‍ നിന്നുകൊണ്ട് ആര്‍.എസ്.എസിന്റെ ഈ വാദങ്ങള്‍ ഏറ്റുപിടിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ മുഹമ്മദ് റിയാസിനും കേരള സര്‍ക്കാരിനുമെതിരായി ബി.ജെ.പി നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതിയെന്താണെന്നും വസ്തുതാപരമായി തന്നെ നമുക്ക് പരിശോധിച്ചുപോകേണ്ടതുണ്ട്.

വളരെ ആസൂത്രിതമായ കേരളത്തെ ലക്ഷ്യമിടുന്ന ഒരു ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമായിട്ടുതന്നെ ഈ ആരോപണങ്ങളെ മുഴുവന്‍ കേരളീയരും തിരിച്ചറിയേണ്ടതുണ്ട്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സര്‍മാരെ കൊണ്ടുവന്ന് കേരള ടൂറിസം പ്രചരണം ശക്തിപ്പെടുത്തുക എന്നത് വളരെ നേരത്തെ തന്നെ നടപ്പിലാക്കുന്ന കാര്യമാണ്. അതായത് റിയാസ് ടൂറിസം മന്ത്രി ആകുന്നതിന് മുമ്പ് യു.ഡി.എഫ് ഭരണകാലത്തുള്‍പ്പെടെ ദേശീയ-അന്തര്‍ദേശീയതലത്തില്‍ പ്രശസ്തരായ സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സിനെ എത്തിക്കുകയും അവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ കേരള ടൂറിസത്തിന് പ്രചരണം സംഘടിപ്പിക്കുകയും ആണ് ടൂറിസം വകുപ്പ് ചെയ്തത്.

വ്യത്യസ്ത സമയങ്ങളിലായി ഇത്തരം സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സിനെ കേരളത്തില്‍ എത്തിക്കുകയാണ് ചെയ്തത്. ഇത് നേരത്തെ മുതല്‍ തുടരുന്നതാണ്.കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറിലധികം സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സേര്‍സ് ആണ് ഇത്തരത്തില്‍ കേരളത്തില്‍ വന്നിട്ടുള്ളത്.

ബ്ലോഗ് എക്സ്പ്രസ്, കേരളം കാണാം, മൈ ഫസ്റ്റ് ട്രിപ്പ്, ഹ്യൂമണ്‍ ബൈ നേച്ചര്‍, ലാന്റ് ഓഫ് ഹാര്‍മണി തുടങ്ങിയ വ്യത്യസ്ത പ്രോഗ്രാമുകളിലൂടെ ഇന്‍ഫ്ളുവന്‍സേഴ്സിനെ കേരളത്തില്‍ എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നാല്‍പ്പതിലേറെ വ്ളോഗര്‍മാര്‍ കേരളത്തില്‍ വരികയും അവരുടെ വീഡിയോകളും ഫോട്ടോകളും വലിയ പ്രചാരം നേടുകയും കേരള ടൂറിസത്തിന് സഹായകരമാവുകയും ചെയ്തിട്ടുണ്ട്.

കൊണ്ടുവരുന്ന വ്ളോഗര്‍മാരുടെ പട്ടിക മന്ത്രിയോ മന്ത്രി ഓഫീസോ കണ്ടു തീരുമാനിക്കുന്നതല്ല, മുന്‍ ടൂറിസം മന്ത്രിമാരുടെ കാലഘട്ടത്തിലും അങ്ങനെ ഒരു രീതി ഇല്ല.

ടൂറിസത്തിന്റെ പ്രചാരണത്തിന് നേരത്തെ തന്നെ എംപാനല്‍ ചെയ്ത മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ ഉണ്ട്. അവര്‍ സോഷ്യല്‍ മീഡിയയില്‍ മികച്ച നിലയില്‍ പ്രചാരമുള്ള വ്ളോഗര്‍മാരെ തെരഞ്ഞെടുക്കകയും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയും ആണ് ചെയ്യുക.

വ്ളോഗര്‍മാര്‍ക്ക് സോഷ്യല്‍മീഡിയയില്‍ ഉള്ള സ്വീകാര്യതയും അവര്‍ക്ക് ടൂറിസം മേഖലയില്‍ സമാനമായി ചെയ്ത പോസ്റ്റുകളുമാണ് പ്രധാനമായും പരിശോധിക്കുക. ഈ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ കേരളത്തിലേക്ക് വരാന്‍ താത്പ്പര്യമുള്ളവരെ ബന്ധപ്പെടുകയും കേരളത്തിലേക്ക് എത്തിക്കുകയും ആണ് ചെയ്യുക. സ്വാഭാവികമായും അവരുടെ ചെലവുകളും മറ്റു കാര്യങ്ങളും ഇതിന്റെ ഭാഗമായി നിര്‍വ്വഹിക്കേണ്ടി വരും.

ജ്യോതി മല്‍ഹോത്ര

ജ്യോതി മല്‍ഹോത്ര ( TRAVEL WITH JO ), യൂട്യൂബില്‍ 392 K സബ്സ്‌ക്രൈബേര്‍സ് ഉള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറാണ്. അവരുടെ കണ്ടന്റുകള്‍ക്ക് നല്ല റീച്ചും ഉണ്ടായിരുന്നു. അവര്‍ മറ്റ് പല സംസ്ഥാനങ്ങള്‍ക്കു വേണ്ടിയും ഇത്തരം കണ്ടന്റുകള്‍ ചെയ്യുന്നുണ്ടായിരുന്നു. അവരുടെ യൂട്യൂബ് പേജില്‍ അതെല്ലാം ഉണ്ടായിരുന്നു.

അവര്‍ കേരളത്തിലേക്ക് വന്നത് 2025 ജനുവരി 15 ന്. ജനുവരി 21 ന് മടങ്ങുകയും ചെയ്തു. ചാരവൃത്തിക്ക് അവരെ അറസ്റ്റു ചെയ്യുന്നത് 2025 മെയ് 17 ന്. പഹല്‍ഗാം സംഭവത്തിനു ശേഷമാണ് ഈ അറസ്റ്റ് എന്നു കാണാം. അതായത് കേരളത്തില്‍ വന്ന് നാലു മാസം കഴിഞ്ഞ് നടന്ന സംഭവത്തിലാണ് അറസ്റ്റ്.  

ഇക്കാര്യത്തില്‍ പുകമറ സൃഷ്ടിച്ച് റിയാസിനെ പതിവുപോലെ കരിവാരിതേക്കാനും കേരള ടൂറിസത്തെ തകര്‍ക്കാനും മുഹമ്മദ് റിയാസിനെ വേട്ടയാടാനുമാണ് ശ്രമം. ഇവര്‍ ചാരവൃത്തി നടത്തുന്നുണ്ടോ എന്ന് പറയേണ്ടത് കേന്ദ്ര അന്വേഷണ ഏജന്‍സികളാണ്. അങ്ങനെയൊരു മുന്നറിയിപ്പ് ഉണ്ടായിട്ടില്ല.

2025 ജനുവരി 15 നും ജനുവരി 21 നും ഇടയില്‍ ഈ വനിതക്കെതിരെ ചാരവൃത്തിക്കെതിരെ  കേസുണ്ടായിരുന്നില്ല. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കേസുണ്ടെന്ന് ഒരു ഏജന്‍സിയും പറഞ്ഞിട്ടില്ല. അത് കേന്ദ്ര ഇന്റലിജന്‍സിന്റെ വീഴ്ചയാണ്. സ്വന്തം വീഴ്ച മറച്ചു പിടിക്കാന്‍ കേരളത്തിനും മുഹമ്മദ് റിയാസിനും നേരെ വിദ്വേഷം പ്രചരണമഴിച്ചു വിടുകയാണ് ഹിന്ദുത്വവാദികള്‍.

ഈ വനിത കേരളത്തില്‍ വരുമ്പോള്‍ അവര്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എന്തെങ്കിലും തരത്തിലുള്ള മുന്നറിയിപ്പ് പൊതു ഇടങ്ങളില്‍ നല്‍കിയിരുന്നോ? അതവഗണിച്ച് അവരെ ടൂറിസം വകുപ്പോ മാര്‍ക്കറ്റിംഗ് ഏജന്‍സികളും പ്രൊമോഷന്‍ പണി എല്പിച്ചിരുന്നുവെങ്കില്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൊരു യുക്തിയുണ്ടായേനെ.

അവരുടെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള നിയന്ത്രണം കേരളത്തില്‍ വന്ന ഘട്ടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയിട്ടില്ലായെന്ന വസ്തുത കാണാതെയാണ് മുഹമ്മദ് റിയാസിനെതിരെ ചിലര്‍ ബി.ജെ.പി ആരോപണമേറ്റു പിടിക്കാന്‍ ഉത്സാഹിക്കുന്നത്.

ഈ സ്ത്രീ കേരളത്തിലേക്ക് വരുന്നു എന്നറിഞ്ഞ് എന്തെങ്കിലും തരത്തിലുള്ള മുന്നറിയിപ്പ് കേരള ടൂറിസത്തിന് കേന്ദ്ര ഏജന്‍സികള്‍ ഒരിക്കലും നല്‍കിയിട്ടില്ല. ബി.ജെ.പിക്കാരുടെ ഇക്കളി പഴങ്കഥയിലെ മാംസഭോജികളുടെ തന്ത്രത്തെയാണ് ഓര്‍മ്മിപ്പികുന്നത്. ആട്ടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന തന്ത്രമാണിത്.

CONTENT NHIGHLIGHTS: KT Kunhikannan writes against the communal propaganda against Minister Muhammad Riyas for bringing Jyoti Malhotra to Kerala for the promotion of Kerala tourism.

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more