| Monday, 26th May 2025, 2:13 pm

ഡോ: അല അല്‍ നജ്ജാര്‍, പൊറുക്കുക... മാപ്പ്...

കെ.ടി. കുഞ്ഞിക്കണ്ണന്‍

ഗസയിലിപ്പോള്‍ നടക്കുന്നത് കുഞ്ഞുങ്ങള്‍ക്കും മാതൃത്വത്തിനുമെതിരായ യുദ്ധമാണ്. 2023 ഒക്ടോബര്‍ 7 മുതല്‍ ഗസയില്‍ 60,000 ഓളം ഫലസ്തീനികളെയാണ് ഇസ്രഈല്‍ സേന നിഷ്‌ക്കരുണം കൊന്നൊടുക്കിയത്. അതില്‍ പകുതിയിലേറെ സ്ത്രീകളും കുഞ്ഞുങ്ങളുമാണ്.

ലോകത്തിന്റെ ഹൃദയം പൊട്ടുന്ന ക്രൂരതകളാണ് സയണിസ്റ്റ് ഭീകരസേന മിസൈലുകളും ബോംബുകളും ഉപയോഗിച്ച് ചെയ്തു കൊണ്ടിരിക്കുന്നത്. മനുഷ്യത്വത്തെ കശാപ്പ് ചെയ്യുകയാണ് ഗാസ മുനമ്പിലെങ്ങും ഇസ്രഈല്‍ സേന. ഫലസ്തീനികളുടെ വംശീയ ഉമൂലനം ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളാണ് അവര്‍ തീവ്ര ഗതിയില്‍ നടത്തികൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ജബാലിയയില്‍ ഇസ്രഈല്‍ സേന സിവിലിയന്മാര്‍ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 74 പേരാണ് കൊല്ലപ്പെട്ടത്. ഖാന്‍യൂനസില്‍ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടര്‍ക്ക് മുന്നിലെത്തിയത് താന്‍ നൊന്തുപെറ്റ 9 മക്കളുടെ വെന്തു കരിഞ്ഞ മൃതദേഹങ്ങളാണ് !

നാസര്‍ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധയായ ഡോ. അല അല്‍ നജ്ജാറിന്റെ മുന്നിലേക്കാണ് സ്വന്തം കുഞ്ഞുങ്ങളുടെ മൃതദേഹം എത്തിയത്. 6 മാസം മുതല്‍ 12 വയസ്സു വരെയുള്ള കുഞ്ഞുങ്ങളെയാണ് ഇസ്രായേല്‍ സേന നിഷ്‌ക്കരുണം ബോംബിട്ട് കൊന്നു കളഞ്ഞത്.

ചരിത്രത്തിലെ ഏറ്റവും ഭീകരവും ക്രൂരവുമായ വംശഹത്യക്കാണ് ഗസ ഇരയായി കൊണ്ടിരിക്കുന്നത്

അമ്മേ, ഡോ: അല അല്‍ നജ്ജാര്‍, പൊറുക്കുക…മാപ്പ്… ഡോക്ടറുടെ വീട്ടിലേക്ക് നടന്ന വ്യോമാക്രമണത്തിലാണ്‌ അല അല്‍ നജ്ജാറിന്റെ 10 മക്കള്‍ക്ക്‌ പരിക്കേറ്റതും 9 കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതും. കണ്ണും കരുണയുമില്ലാത്ത സയണിസ്റ്റ് ആക്രമണത്തില്‍ രക്ഷപ്പെട്ടത് ഡോക്ടറുടെ ഭര്‍ത്താവും 11 വയസുള്ള ഒരു കുട്ടിയും മാത്രം.

ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിന്റെ അരികില്‍ ഡോക്ടര്‍ അല അല്‍ നജ്ജാര്‍

കഴിഞ്ഞ വെള്ളിയാഴ്ച ഗസയിലുടനീളം ഇസ്രഈല്‍ ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റവരെ ചികിത്സിക്കുന്ന ഡോ. അല അല്‍ നജ്ജാറിന്റെ മക്കളെയും ഭര്‍ത്താവിനെയും സന്നദ്ധ പ്രവര്‍ത്തകരാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. 6 മാസം മുമ്പാണ് ഡോ. അല അല്‍ നജ്ജാര്‍ ഇളയ കുട്ടിയെ പ്രസവിച്ചത്. ആശുപത്രി ജീവനക്കാര്‍ കുറവായതിനാലാണവര്‍ അവധി റദ്ദാക്കി ഡ്യൂട്ടിക്കെത്തിയത്.

കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നു കൂട്ടുന്ന ഇസ്രഈല്‍ സേന ഫലസ്തീനികളുടെ വംശീയമായ ഇല്ലായ്മയാണ് ലക്ഷ്യമിടുന്നത്. കുഞ്ഞുങ്ങളെ മാത്രല്ല അവര്‍ക്ക് ജന്മം നല്‍കുന്ന അമ്മമാരെയും ഇല്ലാതാക്കണമെന്നതാണ് സയണിസ്റ്റ് പദ്ധതി.

‘എല്ലാ ഫലസ്തീന്‍കാരുടെയും അമ്മമാരെയും കൊന്നൊടുക്കണം. അവരാണ് കുഞ്ഞു പാമ്പുകളെ പെറ്റു തള്ളുന്നത്. അവരുടെ വീടുകള്‍ തകര്‍ക്കണം. എല്ലാ ഫലസ്തീന്‍കാരും നമ്മുടെ ശത്രുക്കളാണ്. അവരുടെ രക്തം നമ്മുടെ കൈകളില്‍ പുരളുക തന്നെ വേണം’ തീവ്ര സയണിസ്റ്റ് നിലപാട് സൂക്ഷിക്കുന്ന ലിക്കുഡ് പാര്‍ട്ടി എം.പി.യായിരുന്ന അയലേറ്റ് ഷേക്ക്ഡയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വരികളാണിത്.

അയലേറ്റ് ഷേക്ക്ഡ

അറബ് വംശജരായ ഫലസ്തീനികളുടെ ഉന്മൂലനമാണ് അവരെ പോലുള്ള സയണിസ്റ്റ് ഭീകരര്‍ അഭിലഷിക്കുന്നത്. അതിനായി മനോരോഗ സമാനമായ വംശീയ വിദ്വേഷ പ്രചരണമാണ് നടത്തി കൊണ്ടിരിക്കുന്നത്.

ഈ നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ വംശഹത്യക്കാണ് പലസ്തീന്‍ ജനത ഇരയാവുന്നത്.

സയണിസ്റ്റ് ബുദ്ധിജീവിയും ബര്‍ലാന്‍ സര്‍വ്വകലാശാലയിലെ പ്രൊഫസറുമായ ഡോ. കേദര്‍ ഒരിക്കല്‍ പറഞ്ഞത്; ഫലസ്തീന്‍ പോരാളികളെ തകര്‍ക്കാന്‍ അവരുടെ ഉമ്മ പെങ്ങന്മാരെ ബലാസംഗത്തിന് ഇരയാക്കണമെന്നാണ്.

ഷെല്ലുകള്‍ക്കും മിസൈലുകള്‍ക്കും തകര്‍ക്കാനാവാത്ത ഫലസ്തീന്‍ പോരാളികളുടെ ആത്മവീര്യത്തെ തകര്‍ക്കാനാവുന്ന മനശാസ്ത്രപരമായ യുദ്ധതന്ത്രമെന്ന നിലയിലാണ് സയണിസ്റ്റ് ബുദ്ധിജീവികള്‍ അമ്മമാരെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യണമെന്ന് ഉദ്‌ബോധനം നടത്തുന്നത്.

കഴിഞ്ഞ ശനിയാഴ്ച ദിവസം ഇസ്രഈല്‍ സേന നടത്തിയ ആക്രമണങ്ങളില്‍ 74 പേരാണ് കൊല്ലപ്പെട്ടത്. ഫലസ്തീനിലെ നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രഈല്‍ സൈന്യം ആക്രമണം നടത്തിയത്. ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിന് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് 50 പേര്‍ കൊല്ലപ്പെട്ടത്. റാഫയിലെ അല്‍മവാസയിലേക്ക് നടന്ന ആക്രമണത്തില്‍ 7 പേരും കൊല്ലപ്പപ്പെട്ടു.

മിസൈലുകളും ബോംബുകളും കൊണ്ട്‌ മാത്രല്ല ഭക്ഷണവും മരുന്നും നിഷേധിച്ചും കുഞ്ഞുങ്ങളെ കൂട്ടത്തോടെ മരണത്തിലേക്ക് തള്ളിവിടുകയാണ്. പതിനായിരക്കണക്കിന് കുഞ്ഞുങ്ങളെ കൂട്ടത്തോടെ പട്ടിണിക്കിടുകയാണ് ഗസയിലെങ്ങും. പട്ടിണി കിടന്നു വിശപ്പ് സഹിക്കാതെ നിലവിളികള്‍ ഉയരുന്ന പ്രദേശങ്ങളെ ലക്ഷ്യമിട്ട് ബോംബിട്ട് കുഞ്ഞുങ്ങളെ ഉന്മൂലനം ചെയ്യുകയാണ് ഇസ്രഈല്‍ സേന. ചരിത്രത്തിലെ ഏറ്റവും ഭീകരവും ക്രൂരവുമായ വംശഹത്യക്കാണ് ഗസ ഇരയായി കൊണ്ടിരിക്കുന്നത്.

യു.എന്‍. മുന്നറിയിപ്പ് നല്‍കുന്നത്, അടിയന്തിര സഹായം എത്തിയില്ലെങ്കില്‍ ഗസയില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്നാണ്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഭക്ഷണം മുടക്കി ഗസയില്‍ സമ്പൂര്‍ണ്ണ ഉപരോധമാണ്.

സയണിസ്റ്റ് ഭീകര രാഷ്ട്രത്തിന്റെ ‘പട്ടിണി നയം’ മൂലം എല്ലാ സഹായങ്ങളും തടഞ്ഞു വെച്ചിരിക്കുകയാണ്. ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ നിന്നും പിന്മാറിയ ഇസ്രഈല്‍ മിസൈലുകളും ബോംബും വര്‍ഷിച്ചും ഉപരോധം ഏര്‍പ്പെടുത്തിയും ഗസയിലെ മനുഷ്യരെയാകെ ഇല്ലാതാക്കാനുള്ള ആസൂത്രിതമായൊരു കൂട്ടകൊലപാതകമാണ് നടത്തി കൊണ്ടിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നിര്‍ദേശിച്ചത്, ഗസയിലെ മനുഷ്യരെ അവിടെ നിന്നും ഒഴിപ്പിച്ചാല്‍ അവിടെ നിറയെ റിസോര്‍ട്ടുകള്‍ പണിയാമെന്നും ഗസയെ ലോകോത്തര സുഖവാസ കേന്ദ്രമാക്കാമെന്നുമാണല്ലോ.

ആഭ്യന്തര സംഘര്‍ഷങ്ങളും സാമ്രാജ്യത്വ കടന്നാക്രമണങ്ങളും അഭയാര്‍ത്ഥികളാക്കിയ മനുഷ്യരെ ആട്ടി പായിക്കുന്ന കുടിയേറ്റ വിരുദ്ധനായ വംശീയ ഭ്രാന്തനാണ് ട്രoപ്. ഫലസ്തീനിലെ അറബ് വംശജരെ അവിടെ നിന്നും തുരത്തുന്ന, വംശീയമായി ഉന്മൂലനം ചെയ്യുന്ന നെതന്യാഹു – ട്രപ് കൂട്ടുകെട്ടിനെതിരെ ഇസ്രഈലില്‍ നിന്നു തന്നെ പ്രതിഷേധം ഉയരുന്നുണ്ട്.

കുഞ്ഞുങ്ങളെ കൊല്ലുന്നത് ഹോബിയാക്കി മാറ്റിയ നെതന്യാഹു സര്‍ക്കാര്‍ ലോകത്തോടും രാജ്യത്തോടും ഉത്തരം പറയേണ്ടിവരുമെന്നാണ് ഇസ്രായേലിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന സഖ്യത്തിന്റെ നേതാവ് അയ്മന്‍ ഒഡേഹ് ഇസ്രായേല്‍ പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്ത് പറഞ്ഞത്.

അയ്മന്‍ ഒഡേഹ്

‘നിങ്ങള്‍ ഭീരുക്കളാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തെ യുദ്ധത്തില്‍ നിങ്ങള്‍ കൊന്നത് 19000 കുട്ടികളെയും ഗാസയിലെ 53000 മനുഷ്യരെയുമാണ്. നിങ്ങള്‍ അവിടെയുള്ള എല്ലാ യൂണിവേഴ്‌സിറ്റികളും ആശുപത്രികളും തകര്‍ത്തു കളഞ്ഞു. നിങ്ങള്‍ക്ക് രാഷ്ട്രീയമായി ഗാസയില്‍ വിജയിക്കാന്‍ കഴിയില്ല. അത് നിങ്ങള്‍ക്കും അറിയാം. അതാണ് നിങ്ങള്‍ക്ക് ഭ്രാന്ത് പിടിക്കുന്നത് ‘

ആഭ്യന്തര സംഘര്‍ഷങ്ങളും സാമ്രാജ്യത്വ കടന്നാക്രമണങ്ങളും അഭയാര്‍ത്ഥികളാക്കിയ മനുഷ്യരെ ആട്ടി പായിക്കുന്ന കുടിയേറ്റ വിരുദ്ധനായ വംശീയ ഭ്രാന്തനാണ് ട്രoപ്

ഈ നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ വംശഹത്യക്കാണ് പലസ്തീന്‍ ജനത ഇരയാവുന്നത്. ലോകമൊന്നാകെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നേ പറ്റു . മനുഷ്യരാശിയുടെ ഭാവിയും ലോക നാഗരികതയുടെ നിലനില്പിനെയുമാണ് സാമ്രാജ്യത്വ സയണിസ്റ്റ് ഭീകരര്‍ വെല്ലുവിളിക്കുന്നത്.

content highlights: KT  Kunhikannan writes about Israel’s genocide in Palestine.

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more