| Sunday, 10th August 2025, 1:58 pm

സമരം മര്‍ക്കസിനെതിരാകുമ്പോള്‍ മുസ്‌ലിം പ്രേമം, ദാറുല്‍ ഹുദക്കെതിരായാല്‍ മുസ്‌ലിം വിരുദ്ധത; ലീഗ് നിലപാട് കാപട്യം: കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ ഇരട്ടത്താപ്പും കാപട്യവും തിരിച്ചറിയണമെന്ന് കെ.ടി. ജലീല്‍. മര്‍ക്കസിന് എതിരെ യൂത്ത് ലീഗ് സമരം നടത്തുമ്പോള്‍ ലീഗിന് അത് മുസ്‌ലിം പ്രേമമാണെന്നും ദാറുല്‍ ഹുദക്ക് എതിരെ സി.പി.ഐ.എം ജാഥ നടത്തിയാല്‍ അത് മുസ്‌ലിം വിരുദ്ധതയാകുമെന്നും എം.എല്‍.എ ആരോപിച്ചു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ.ടി. ജലീലിന്റെ വിമര്‍ശനം. തന്‍കുഞ്ഞ് പൊന്‍കുഞ്ഞെന്ന നിലപാട് ലീഗ് മാറ്റണമെന്നും സമുദായത്തെയും ജനങ്ങളെയും ഒന്നായി കാണണമെന്നും എം.എല്‍.എ പറഞ്ഞു.

‘കേരളത്തിലെ നിര്‍ധനരായ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ജീവിത വഴിയില്‍ പ്രകാശഗോപുരമായ ശൈഖുനാ എ.പി ഉസ്താദിന്റെ നേതൃത്വത്തില്‍ നടക്കുന്ന കാരന്തൂര്‍ മര്‍ക്കസിനെതിരെ യൂത്ത് ലീഗ് സമരം ചെയ്താല്‍ അത് ‘മുസ്‌ലിം പ്രേമം’.

ബഹാവുദ്ദീന്‍ നദ്വിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ചെമ്മാട് ദാറുല്‍ ഹുദക്കെതിരെ സി.പി.എം ജാഥ നടത്തിയാല്‍ അത് ‘മുസ്‌ലിം വിരുദ്ധത’ മുസ്‌ലിം ലീഗിന്റെ ഈ ഇരട്ടത്താപ്പാണ് തിരിച്ചറിയേണ്ടത്. കാപട്യവും,’ കെ.ടി. ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മാലിന്യപ്രശ്നവും വയല്‍ നികത്തലും ചൂണ്ടിക്കാട്ടിയായിരുന്നു സി.പി.ഐ.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

മതിയായ മാലിന്യ സംസ്‌കരണ സംവിധാനമില്ലെന്നും അതിനാല്‍ ക്യാംപസില്‍ നിന്നുള്ള മലിന ജലം പുറത്തേക്ക് ഒഴുക്കുന്നത് പ്രദേശത്തെ കുടിവെള്ളം മലിനമാകുന്നതിന് കാരണമാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മാര്‍ച്ച്. ദാറുല്‍ഹുദ വൈസ് ചാന്‍സിലര്‍ ഡോ. ബഹാവുദ്ദീന്‍ നദ്വിക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കള്‍ പ്രതികരിച്ചത്.

സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിന്റെ നേതാവാണ് ബഹാവുദ്ദീന്‍ നദ്വി. ഈ സമരത്തിന് എതിരെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരില്‍ നിന്നും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സി.പി.ഐ.എമ്മിന്റെ മുസ്‌ലിം വിരുദ്ധതയാണ് ഈ സമരത്തിലൂടെ പുറത്തുവന്നത് എന്ന വിമര്‍ശനവും ഉണ്ടായിരുന്നു. അതിനുള്ള മറുപടിയായിട്ടാണ് കെ.ടി. ജലീലിന്റെ പ്രസ്താവന.


Content Highlight: KT Jaleel says people will recognize the Muslim League’s double standards and hypocrisy

We use cookies to give you the best possible experience. Learn more