| Monday, 24th August 2026, 10:47 pm

'ഞാന്‍ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു, അവര്‍ ചതിക്കുമെന്ന്;' അന്‍വറിനോട് ജലീല്‍

റെന്വര്‍ പി

മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ ചതിച്ചെന്ന പി.വി അന്‍വറിന്റെ ആരോപണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി കെ.ടി. ജലീല്‍. ‘ഞാന്‍ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു; അവര്‍ ചതിക്കുമെന്ന്,’ എന്ന് ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘താങ്കളുടെ തുറന്നപ്രകൃതം തോറ്റു. രാഷ്ട്രീയം വെറും ബിസിനസ്സായി കാണുന്ന കോണ്‍ഗ്രസ്സുകാര്‍ക്കും ലീഗിനുമിടയില്‍ പെട്ട് വീര്‍പ്പുമുട്ടി മൗനമായി പിന്‍മാറേണ്ട ആളായിരുന്നില്ല ഷൗക്കത്തല്യാക്കാന്റെ മകന്‍,’ എന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ബേപ്പൂര്‍ മണ്ഡലത്തിലെ തന്റെ തോല്‍വിയുമായി ബന്ധപ്പെട്ട് കൊയിലാണ്ടി എം.എല്‍.എ അഡ്വക്കറ്റേ് കെ. പ്രവീണ്‍ കുമാറിനെതിരെ പി.വി. അന്‍വര്‍ വിമര്‍ശനമുന്നിച്ചിരുന്നു. ബേപ്പൂരിലെ തോല്‍വിയെക്കുറിച്ച് പ്രവീണ്‍ കുമാര്‍ സംസാരിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അന്‍വറിന്റെ വിമര്‍ശനം.

കോഴിക്കോട് ജില്ലയില്‍ ഒരു സ്ഥാനാര്‍ത്ഥി കൈപ്പത്തി ചിഹ്നത്തിലോ കോണി ചിഹ്നത്തിലോ മത്സരിച്ചിരുന്നെങ്കില്‍ ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 13 ഇടത്തും യു.ഡി.എഫ് ജയിക്കുമായിരുന്നു എന്ന തരത്തില്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞിരുന്നു. പ്രവീണ്‍ കുമാര്‍ ഈ കാര്യം സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചായിരുന്നു അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനം ഉന്നയിച്ചത്.

നേരത്തെ തന്റെ തോല്‍വിക്ക് ചിലര്‍ പിന്നില്‍ നിന്ന് കുത്തിയതായി അന്‍വര്‍ പരാതി നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ തന്നെ ചതിച്ചതാരാണെന്ന് മഷിയിട്ട് നോക്കേണ്ടതില്ലെന്ന് അന്‍വര്‍ പ്രവീണ്‍കുമാറിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

പരാജയപ്പെടുത്തിയത് ചേര്‍ത്തുനിര്‍ത്താന്‍ ബാധ്യസ്ഥപ്പെട്ടവര്‍ തന്നെയാണെന്നും പ്രവീണ്‍കുമാറിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് അന്‍വര്‍ പറയുന്നു. തനിക്ക് അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ മുഖ്യമന്ത്രിയുമായ വി.ഡി. സതീശന്‍ ജയിച്ചാല്‍ മന്ത്രിസ്ഥാനം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. അത് കേട്ടപ്പോള്‍ ജില്ലയില്‍ മന്ത്രിസ്ഥാനം സ്വപ്നം കണ്ട നേതാക്കളുടെ ഉറക്കം നഷ്ടപ്പെട്ടു എന്നും അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘ചതിച്ചതാര്? ചന്തു തന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ വിളിച്ചു പറഞ്ഞത് കേട്ടു. ബേപ്പൂരിലെ ജനങ്ങളും സഖാക്കളും എന്നെ വിജയിപ്പിച്ചപ്പോള്‍, പരാജയപ്പെടുത്തിയത് ചേര്‍ത്തുനിര്‍ത്താന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ,’ അന്‍വര്‍ കുറിച്ചു.

‘തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പ് പ്രചരണത്തിന് എത്തിയ നിലവിലെ മുഖ്യമന്ത്രി ഒരു യോഗത്തില്‍ വച്ച് ബേപ്പൂരില്‍ പി.വി അന്‍വറിനെ വിജയിപ്പിച്ചാല്‍ ബേപ്പൂരിന് ഒരു സമ്മാനമുണ്ട് എന്ന് പറഞ്ഞതിലൂടെ മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരുടെ ഉറക്കം കെട്ടിരുന്നോ എന്നതും പുനപരിശോധിക്കേണ്ടതുണ്ട്,’ അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പ്രവീണ്‍ കുമാറിന്റെ പ്രസംഗം കണ്ടപ്പോള്‍ തനിക്ക് ‘ബ്രൂട്ടസേ നീയും!’ എന്ന് തോന്നിയില്ലെന്നും അന്‍വര്‍ പറഞ്ഞു. നേരത്തേ തന്നെ തനിക്ക് ഈ കാര്യം മനസിലായതാണെന്നും അന്‍വര്‍ പറഞ്ഞു. പാളയത്തിലെ ചതിയും, പിന്നില്‍ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നുള്ളത് സത്യം തന്നെയാണ്. തന്റെ നിശബ്ദമായ പിന്‍വാങ്ങലിന് കാരണവും അതാണെന്നും അന്‍വര്‍ പറഞ്ഞു.

Content Highlight: KT Jaleel Facebook Post about PV anvars Allegation Against Congress Leaders

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more