| Tuesday, 9th June 2026, 8:37 pm

ഗണ്‍മാന്മാര്‍ക്ക് ജാമ്യം: സി.പി.ഐ.എം മുന്‍ ജില്ലാ സെക്രട്ടറിയുടെ മകളുടെ കോടതിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചില്ല: അരുണ്‍ രാജേന്ദ്രന്‍

ആദര്‍ശ് എം.കെ.

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്ന് രൂക്ഷവിമര്‍ശനം.

ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി വിധിക്കെതിരെ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രനും എ.ഡി. തോമസ് എംഎല്‍എയും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.

കോടതി വിധിയെ കടുത്ത ഭാഷയിലാണ് അരുണ്‍ രാജേന്ദ്രന്‍ വിമര്‍ശിച്ചത്. സി.പി.ഐ.എം മുന്‍ ജില്ലാ സെക്രട്ടറിയുടെ മകളുടെ കോടതിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല എന്ന് അദ്ദേഹം പരിഹസിച്ചു.

‘നിയമങ്ങള്‍ പാലിക്കേണ്ടവര്‍ പക്ഷം ചേര്‍ന്നാല്‍ നീതിയുടെ പക്ഷമായി തങ്ങള്‍ മാറും. സഹപ്രവര്‍ത്തകന്റെ ചോരകൊണ്ട് എഴുതിയ കണക്കുപുസ്തകവുമായി തങ്ങള്‍ ഇറങ്ങും.’ അരുണ്‍ രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനുപുറമെ, പ്രതികളായ ഗണ്‍മാന്മാരുടെ തലപൊട്ടിക്കുമെന്ന പരസ്യമായ ഭീഷണിയും അരുണ്‍ രാജേന്ദ്രന്‍ മുഴക്കി.

കോടതി വിധി നിരാശാജനകമാണെന്ന് എ.ഡി. തോമസ് എം.എല്‍.എയും പ്രതികരിച്ചു. ഇതൊരു താത്കാലികമായ രാഷ്ട്രീയ തിരിച്ചടി മാത്രമാണ്. കോടതിയുടെ മുന്‍കാല ഇടപെടലുകളും പശ്ചാത്തലവും പരിശോധിക്കുന്ന ആര്‍ക്കും നിലവിലെ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് ദിവസം നീണ്ടുനിന്ന വിശദമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

നവകേരള യാത്രയ്ക്കിടെ കരിങ്കൊടി കാട്ടിയ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചതാണ് കേസ്.

മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാര്‍, പൊലീസുകാരായ എസ്. സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Content highlight: KSU State Vice President Arun Rajendran mocks court verdict granting bail to former Chief Minister Pinarayi Vijayan’s gunmen

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more