വടക്കാഞ്ചേരി: തൃശ്ശൂരിൽ സി.ഐ ഷാജഹാനെതിരെ കൊലവിളി പരാമർശവുമായി കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ. മുഖ്യമന്ത്രിയുടെ പിതാവിനെതിരെയും ഗോകുൽ അധിക്ഷേപ പരാമർശം നടത്തി.
സി.ഐ ഷാജഹാൻ കാക്കിയൂരി പുറത്തിറങ്ങുന്ന ദിവസം കാലൊടിക്കുമെന്നായിരുന്നു ഗോകുലിന്റെ ഭീഷണി. മുഖ്യമന്ത്രിയല്ല അദ്ദേഹത്തിന്റെ പിതാവ് വിചാരിച്ചാലും സി.ഐയെ നേരിടുമെന്നും ഗോകുൽ ഭീഷണി മുഴക്കി. സി.ഐക്കെതിരായ പ്രതിഷേധത്തിൽ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിനിടെയായിരുന്നു ഗോകുലിന്റെ വിവാദ പരാമർശം.
‘കെ.എസ്.യു വൈസ് പ്രസിഡന്റിനെയാണ് അപമാനിച്ചത്. നീ എന്നെങ്കിലും കാക്കി ഊരി പുറത്തിറങ്ങിയാൽ, നിൻ്റെ മുട്ടുകാൽ കെ.എസ്.യു കമ്മിറ്റി അടിച്ചൊടിക്കും. അതിനി നിനക്കുവേണ്ടി പിണറായി വിജയനല്ല, അദ്ദേഹത്തിന്റെ്റെ മരിച്ചുപോയ അച്ഛൻ വന്നാലും നിന്നെ പണിയും. അതിന്റെ പേരിൽ 90 അല്ല, 200 അല്ല, ജീവിതകാലം മുഴുവൻ ജയിലറയിൽ കിടക്കേണ്ടി വന്നാലും നിന്നെ ഞങ്ങൾ വിടില്ല.’ എന്നായിരുന്നു ഗോകുൽ ഗുരുവായൂരിന്റെ പ്രസംഗം.
ചേലക്കരയിലെ കെ.എസ്.യു – എസ്.എഫ്.ഐ. സംഘർഷത്തെ തുടർന്ന് തൃശൂർ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂർ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം ഇൻസ്പെക്ടർ ഷാജഹാനെതിരെ കെ.എസ്.യു. മാർച്ച് നടത്തിയിരുന്നു.
പിന്നീട് അർധരാത്രി വീട്ടിലെത്തി കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. അദ്ദേഹത്തിന്റെ്റെ വീട്ടുകാരോട് പൊലീസ് സംസാരിക്കുന്ന വീഡിയോയും നേരത്തേ പുറത്തുവന്നിരുന്നു. പിന്നീട് മുഖംമൂടി ധരിപ്പിച്ചാണ് പൊലീസ് ഇവരെ കോടതിയിലെത്തിച്ചത്.
കോടതിയിൽ നിന്ന് പുറത്തിറക്കിയപ്പോഴും മുഖംമൂടി ഊരിമാറ്റാൻ പൊലീസ് തയ്യാറായിരുന്നില്ല. കെ.എസ്.യു പ്രവർത്തകരെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയതിൽ പൊലീസിനെതിരെ വലിയ പ്രതിഷേധവും ഉയർന്നിരുന്നു.
മോശമായി പെരുമാറിയ ഒരുത്തനും കാക്കിയിട്ട് നടക്കില്ല എന്നായിരുന്നു പ്രതിപക്ഷനേതാവ് വിഷയത്തിൽ പ്രതികരിച്ചത്. പരാതി ലഭിച്ചാൽ ഗോകുലിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ സാധ്യതയുണ്ട്.
Content Highlight: KSU leader Gokul Guruvayur insults the Chief Minister’s father