| Wednesday, 20th August 2025, 5:13 pm

മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളര്‍ത്തുന്ന ഇത്തിള്‍ക്കണ്ണി; എം.എസ്.എഫിനെതിരെ കെ.എസ്.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: എം.എസ്.എഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഘടകകക്ഷിയായ കെ.എസ്.യു. മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളര്‍ത്തുന്ന ചില ഇത്തിള്‍ക്കണികള്‍ കണ്ണൂരിന്റെ പല ഭാഗത്തായി തല പൊക്കിയിട്ടുണ്ടെന്ന് കെ.എസ്.യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുബാസ് സി.എച്ച് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് കെ.എസ്.യു നേതാവിന്റെ വിമര്‍ശനം.

സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്‌കാരം നാടിന് ആപത്താണെന്നും മുബാസ് ചൂണ്ടിക്കാട്ടി.

എം.എം. കോളേജില്‍ കെ.എസ്.യു സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ട വിദ്യാര്‍ത്ഥിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞ് എം.എസ്.എഫ് പിന്മാറാന്‍ പ്രേരിപ്പിച്ചുവെന്നും മുബാസ് ആരോപിച്ചു. ക്യാമ്പസുകളില്‍ എം.എസ്.എഫ് വര്‍ഗീയ ചിന്തകളുടെ അപ്പസ്‌തോലന്‍ന്മാരായി പ്രവര്‍ത്തിക്കുകയാണെന്നും കെ.എസ്.യു നേതാവ് പറയുന്നു.

ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയം തെരഞ്ഞെടുക്കേണ്ടത് അവരുടെ കാഴ്ച്ചപാടുകള്‍ക്ക് അനുസരിച്ചാണ്. അല്ലാതെ മതത്തെ കൂട്ടുപിടിച്ചല്ലെന്നും മുബാസ് സി.എച്ച് കുറിച്ചു.

‘ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത എം.എസ്.എഫ് സ്വയം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിങ്ങള്‍ എറിയപ്പെടുന്ന കാലം അതിവിദൂരമല്ല. എം.എസ്.എഫ് മതസംഘടന തന്നെയാണ്. മുഖം മറച്ച് ക്യാമ്പസില്‍ മതം പറഞ്ഞ് വിദ്യാര്‍ത്ഥി സമൂഹത്തെ വേര്‍തിരിക്കുന്നവര്‍…,’ മുബാസ് പറഞ്ഞു.

എം.എസ്.എഫിനെ കണ്ണൂരിലെ ക്യാമ്പസുകളില്‍ നിന്നും അകറ്റി നിര്‍ത്താമെന്നും കെ.എസ്.യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുബാസ് ആഹ്വാനം ചെയ്തു. എം.എസ്..എഫിനെതിരെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ നിരന്തരമായി വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് കെ.എസ്.യു നേതാവും രംഗത്തെത്തുന്നത്.

തിങ്കളാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ വിഭാഗീയത ഉണ്ടാക്കുന്നതില്‍ പ്രധാനി എം.എസ്.എഫ് ആണെന്നും എം.എസ്.എഫിനെതിരെ രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ചാല്‍ മതത്തിനെതിരായ വിമര്‍ശനമാകുന്നത് എങ്ങനെയാണെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ചോദിച്ചിരുന്നു.

എം.എസ്.എഫ് സ്വീകരിക്കുന്നത് വര്‍ഗീയ നിലപാടാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വിമര്‍ശനമുന്നയിച്ചതോടെയാണ് ഇരു വിദ്യാര്‍ത്ഥി സംഘടനകളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്.

Content Highlight: KSU Kannur district secratary against MSF

We use cookies to give you the best possible experience. Learn more