തിരുവനന്തപുരം: പി.എം. ശ്രീ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാവണമെന്ന് കെ.എസ്.യു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടയുടെ പ്രതികരണം. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ഈ വിഷയത്തില്‍ സര്‍ക്കാര്‍ പുനപരിശോധന വേണമെന്ന് ആവശ്യപ്പെട്ടു.
പി.എം. ശ്രീ സംഘപരിവാറിന്റെ കുഞ്ഞാണെന്ന് അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇന്ത്യയുടെ പാഠപുസ്തകങ്ങളെയും കലാശാലകളെയും കാവിവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പി.എം. ശ്രീ. വരാനിരിക്കുന്ന തലമുറയെ കാവിവല്‍ക്കരിക്കാനുള്ള നീക്കമാണ് പി.എം. ശ്രീയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണം കിട്ടുമ്പോള്‍ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോള്‍ മറ്റൊരു നിലപാടും സ്വീകരിക്കാന്‍ കെ.എസ്.യു പഠിച്ചിട്ടില്ല. കഴിഞ്ഞകാലങ്ങളിലും കെ.എസ്.യു അത് ചെയ്തിട്ടില്ല. ഇനി ചെയ്യാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.
‘പാഠപുസ്തകങ്ങളില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മൗലാനാ അബുല്‍ കലാം ആസാദ് വരെയുള്ള നിരവധിയായ മനുഷ്യരെയും നയിച്ച രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രംവും മായ്ച്ചുകളഞ്ഞ് വരാനിരിക്കുന്ന തലമുറയെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തോടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അന്ന് പൊരുത്തപ്പെട്ടത്,’ അലോഷ്യസ് സേവ്യര്‍ കുറിച്ചു.
‘ജനങ്ങള്‍ യു.ഡി.എഫിനെ അധികാരത്തിലേറ്റിയത് സംഘപരിവാറിന് വിധേയപ്പെട്ട പിണറായി വിജയന്‍ സര്‍ക്കാരിന്റെ നയങ്ങളോടുമുള്ള ശക്തമായ വിയോജിപ്പ് കൊണ്ടുകൂടിയാണ്. അത് യു.ഡി.എഫ് നേതൃത്വം മനസ്സിലാക്കുന്നുണ്ടെന്ന് തന്നെയാണ് കെ.എസ്.യു വിശ്വസിക്കുന്നത്,’ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
സംഘപരിവാറിന്റെ പി.എം. ശ്രീ പദ്ധതിക്കെതിരെ തെരുവില്‍ സമരം ചെയ്ത് തല്ലുകൊണ്ടവരാണ് കെ.എസ്.യുക്കാര്‍! മന്ത്രിസഭയെ പോലും അറിയിക്കാതെ, ബി.ജെ.പി സര്‍ക്കാരിന്റെ ആജ്ഞയനുസരിച്ച് പോയി ഒപ്പിട്ടുകൊടുത്ത പിണറായി സര്‍ക്കാരിനെതിരെ അന്ന് ഒരക്ഷരം മിണ്ടാത്ത എസ്.എഫ്.ഐക്ക് ഇന്ന് ഈ വിഷയത്തില്‍ സംസാരിക്കാന്‍ എന്ത് ധാര്‍മ്മിക അവകാശമാണുള്ളതെന്നും അലോഷ്യസ് സേവ്യറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ സംസ്ഥാന സര്‍ക്കാരിനുണ്ടാകുന്ന മുഴുവന്‍ സാങ്കേതിക ബുദ്ധിമുട്ടുകളും കെ.എസ്.യുവിന് ബോധ്യമുണ്ട്, മന്ത്രിസഭാ ഉപസമിതിയെ നിയമിക്കാനുള്ള തീരുമാനത്തെ കെ.എസ്.യു സ്വാഗതം ചെയ്യുന്നു.
പി.എം. ശ്രീ സംഘപരിവാറിന്റെ കുഞ്ഞാണ്! ഇന്ത്യയുടെ പാഠപുസ്തകങ്ങളെയും കലാശാലകളെയും കാവിവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ളത്!, പാഠപുസ്തകങ്ങളില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മൗലാനാ അബുല്‍ കലാം ആസാദ് വരെയുള്ള നിരവധിയായ മനുഷ്യരെയും നയിച്ച രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രംവും മായ്ച്ചുകളഞ്ഞ് വരാനിരിക്കുന്ന തലമുറയെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തോടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അന്ന് പൊരുത്തപ്പെട്ടത്ത്!
ജനങ്ങള്‍ യു.ഡി.എഫിനെ അധികാരത്തിലേറ്റിയത് സംഘപരിവാറിന് വിധേയപ്പെട്ട പിണറായി വിജയന്‍ സര്‍ക്കാരിന്റെ നയങ്ങളോടുമുള്ള ശക്തമായ വിയോജിപ്പ് കൊണ്ടുകൂടിയാണ്. അത് യു.ഡി.എഫ് നേതൃത്വം മനസ്സിലാക്കുന്നുണ്ടെന്ന് തന്നെയാണ് കെ.എസ്.യു വിശ്വസിക്കുന്നത്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ ആശങ്കകളും കെ.എസ്.യു സര്‍ക്കാരിനെ അറിയിക്കും.
വിഷയത്തില്‍ തെരുവില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ കെ.എസ്.യുവിനെയും സമരം ചെയ്യാത്ത എസ്.എഫ്.ഐ ഒഴികെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥി സംഘടനകളെയും സര്‍ക്കാര്‍ വിശ്വാസത്തില്‍ എടുക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്ന് തന്നെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. എസ്.എസ്.എ പോലുള്ള പദ്ധതികളുടെ ഫണ്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കോടതി നടപടികളുമായി മുന്നോട്ട് പോകുന്നതിന്റെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്നാണ് കരുതുന്നത്. കേരള സര്‍ക്കാരിനെ വീര്‍പ്പ് മുട്ടിക്കാന്‍ കേന്ദ്രം തുനിഞ്ഞാല്‍, സര്‍ക്കാരിന് വേണ്ടി തെരുവില്‍ പോരാടാന്‍ ഞങ്ങള്‍ തയ്യാറാണെന്നും അലേഷ്യസ് സേവ്യര്‍ വ്യക്തമാക്കി.
Content Highlight: KSU demands rethinking from Kerala Governement on PM Shri