| Sunday, 12th April 2026, 3:20 pm

ആരോഗ്യവകുപ്പ് നാഥനില്ലാ കളരിയായി മാറി എന്നതിന്റെ ഉദാഹരണം; നിധിന്റെ ആത്മഹത്യയില്‍ പഴുതടച്ച അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു

ആദര്‍ശ് എം.കെ.

തിരുവന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ബി.ഡി.എസ്. വിദ്യാര്‍ത്ഥി ജീവനൊടുക്കിയ വിഷയത്തില്‍ പഴുതടച്ച അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു. നിധിന്‍ രാജിന്റെ മരണം അതീവ ദുഃഖകരമാണെന്നും വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പഴുതടച്ചുളള ഉന്നത തല അന്വേഷണം നടത്തണമെന്നും കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്കും പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷനും പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആരോഗ്യവകുപ്പ് നാഥനില്ലാ കളരിയായി മാറി എന്നതിന്റെ ഉദാഹരണമാണ് ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍. മകനെ കൊന്നുകളഞ്ഞതാണ് എന്ന് ഒരു പിതാവിന് കണ്ണീരോടെ പറയേണ്ടി വന്ന അവസ്ഥ സൃഷ്ടിച്ചവര്‍ക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കും.

സംഭവത്തില്‍ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, കെ.ടി. സംഗീത നമ്പ്യാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തതുകൊണ്ട് മാത്രം വിഷയത്തിന്റെ തീവ്രത അവസാനിക്കുന്നില്ല. നിതിന്‍ രാജിന് നേരെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പരസ്യമായി ജാതി അധിക്ഷേപം നടത്തിയെന്നും നിറത്തിന്റെ പേരിലും അച്ഛന്റെ തൊഴിലിന്റെ പേരിലും സ്ഥിരമായി അധിക്ഷേപിച്ചിരുന്നു എന്നതുള്‍പ്പെടെ സംഭവങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്.

വര്‍ത്തമാന കാലത്തും ഇത്തരം സംഭവങ്ങളുണ്ടാകുന്നു എന്നത് ലജ്ജാകരമാണ്. മകന്‍ ജീവനൊടുക്കില്ലെന്നും സംഭവ ദിവസം രാവിലെയും സംസാരിച്ചിരുന്നതായും നിതിന്റെ അച്ഛന്‍ പറയുന്നു. അതിനാല്‍ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പഴുതടച്ച അന്വേഷണം നടത്തണം,’ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

നിധിന്‍ രാജിന്റെ ആത്മഹത്യയില്‍ ആരോപണവിധേയരായ അധ്യാപകരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിച്ചത്. എച്ച്.ഒ.ഡിയായ എം.കെ റാമിന്റെ മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

ജാതീയമായും സാമ്പത്തികമായും നിറത്തിന്റെ പേരിലും നിധിന്‍ രാജ് അധിക്ഷേപം നേരിട്ടതായും ബന്ധുക്കള്‍ പറഞ്ഞു.

കോളേജിലെ സീനിയേഴ്സിന്റെ ഭാഗത്തുനിന്നും ഗുരുതരമായ റാഗിങ് നേരിട്ടു. പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്നും ഇതിന് മുമ്പും കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നതായും കുടുംബം പറഞ്ഞു.

വകുപ്പ് മേധാവിയും മറ്റ് രണ്ട് അധ്യാപകരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നും കുടുംബം ആരോപിക്കുന്നു.

Content highlight: KSU demands a thorough investigation into the suicide of a BDS student in Ancharakandi, Kannur.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more