കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് കെ.എസ്.യു – എം.എസ്.എഫ് തര്‍ക്കങ്ങള്‍ നിലനില്‍ക്കവെ കെ.എസ്.യു സ്ഥാനാര്‍ത്ഥിക്ക് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്റര്‍. കോഴിക്കോട് നിന്നുള്ള അഹദ് സമാന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടാണ് കെ.എസ്.യു ഘടകങ്ങളില്‍ നിന്നുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ന് സംസ്ഥാന കമ്മിറ്റി യോഗം ചേരാനിരിക്കവെയാണ് ഇന്നലെ രാത്രി തന്നെ അഹദ് സമാന് അഭിവാദ്യമര്‍പ്പിച്ചുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
നേരത്തെ വിഷയത്തില്‍ എം.എസ്.എഫുമായി വിട്ടുവീഴ്ചകള്‍ വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വം കെ.എസ്.യുവിനെ അറിയിച്ചിരുന്നു. യു.ഡി.എഫില്‍ വിള്ളലുണ്ടാക്കുന്ന ഒരു പ്രവൃത്തിയും ഉണ്ടാകരുത് എന്നാണ് കോണ്‍ഗ്രസ് നേതൃത്വം കെ.എസ്.യുവിന് നല്‍കിയ നിര്‍ദേശം.
കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് കെ.എസ്.യുവിന് മുമ്പില്‍ പുതിയ നിര്‍ദേശം വെച്ചിരിക്കുന്നത്. പ്രശ്നപരിഹാരത്തിനായി കെ.എസ്.യു നേതൃത്വം പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിനെയും സമീപിക്കുകയായിരുന്നു.
യു.ഡി.എഫ് നേതൃത്വം നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പിന്നാലെ കാലിക്കറ്റ് സര്‍വകലാശാല ചെയര്‍മാന്‍ സ്ഥാനത്തെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ചുമതലപ്പെടുത്തിയിരുന്നു.
ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കെ.എസ്.യു വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടി വരുമെന്ന് സണ്ണി ജോസഫ് സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായി ഇന്ന് (ശനി) ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ഇന്നലെ രാത്രിയോടെ തന്നെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അഹദിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അഹദ് ഈ പോസ്റ്ററുകള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇത്തവണ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍മാന്‍ സ്ഥാനം എം.എസ്.എഫിന് നല്‍കാമെന്ന് യു.ഡി.എസ്.എഫില്‍ ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍ ഈ ധാരണ കെ.എസ്.യു നേതൃത്വം ലംഘിച്ചെന്നാണ് എം.എസ്.എഫ് നേതൃത്വം ആരോപിക്കുന്നത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സംബന്ധിച്ച വിവരങ്ങളറിയാന്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസുമായി ഡൂള്‍ന്യൂസ് സംസാരിച്ചിരുന്നു. എന്നാല്‍, സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നേയുള്ളൂവെന്നും അഹദിന്റെ സ്ഥാനാര്‍ത്ഥ്വം മരവിപ്പിക്കാനും ചെയര്‍മാന്‍ഷിപ്പ് എം.എസ്.എഫിന് ലഭിക്കുന്നതിനും തീരുമാനമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഇന്ന് നടക്കുന്ന കെ.എസ്.യു യോഗത്തില്‍ തീരുമാനമാകുമെന്നും അതിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ എന്നും പി.കെ. നവാസ് പറഞ്ഞു
എന്നാല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ചെയര്‍മാന്‍ പദവി തങ്ങള്‍ക്കെന്ന സ്റ്റാറ്റസ്‌കോ നിലനിര്‍ത്തണമെന്നാണ് കെ.എസ്.യു നേതാക്കളുടെ വാദം.
ഇതോടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ എം.എസ്.എഫ് തനിച്ച് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കെ.എസ്.യുവിന്റെ ഈ നിലപാട് വ്യക്തമാക്കി എം.എസ്.എഫ് നേതാക്കള്‍ വി.ഡി. സതീശന് കത്ത് നല്‍കിയിരുന്നു. ഒരു മുന്നണി എന്ന നിലയില്‍ എം.എസ്.എഫിന് ലഭിക്കേണ്ട പരിഗണന കെ.എസ്.യു നിരന്തരമായി തിരസ്‌കരിക്കുന്ന അനുഭവങ്ങളാണ് നിലവിലുള്ളതെന്നാണ് നേതാക്കള്‍ കത്തില്‍ പറയുന്നത്.
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ യു.ഡി.എസ്.എഫ് യൂണിയന്‍ പിടിച്ചപ്പോള്‍ 262 യു.യു.സിമാരില്‍ 41 പേര്‍ മാത്രമാണ് കെ.എസ്.യുവിന് ഉണ്ടായിരുന്നതെന്നും കഴിഞ്ഞ തവണയുണ്ടാക്കിയ ധാരണപ്രകാരം ഇത്തവണ ചെയര്‍മാന്‍ സ്ഥാനം തങ്ങള്‍ക്കാണ് ലഭിക്കേണ്ടതെന്നുമാണ് എം.എസ്.എഫ് നേതാക്കള്‍ പറയുന്നത്.
Content Highlight: KSU announces candidate for Calicut University Union Chairman amid disputes within UDSF