| Wednesday, 4th November 2026, 9:49 am

കെ.എസ്.ടി.പി അഴിമതി ആരോപണം: ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം തുടരാന്‍ നിയമോപദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഉയര്‍ന്ന പുതിയ കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം തുടരാമെന്ന് സര്‍ക്കാരിന് നിയമോപദേശം.

2006-ല്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ കെ.എസ്.ടി.പി പദ്ധതിയില്‍ നിന്ന് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്.

കെ.എസ്.ടി.പി റോഡ് നിര്‍മാണ പദ്ധതിയുടെ ഭാഗമായി മലേഷ്യന്‍ കമ്പനിയായ ‘പതിബെല്‍ കണ്‍സോര്‍ഷ്യം’ പൂര്‍ത്തിയാക്കിയ പ്രവര്‍ത്തികളുടെ 17 കോടി രൂപയുടെ ബില്ലുകള്‍ പാസാക്കുന്നതിനായി ഗ്യാനേഷ് കുമാര്‍ 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പ്രധാന പരാതി.

കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് ഇദ്ദേഹം ബില്ലുകള്‍ തടഞ്ഞുവെച്ചുവെന്നും, ഇതിലുണ്ടായ കടുത്ത സാമ്പത്തിക ഞെരുക്കവും മാനസിക സമ്മര്‍ദ്ദവും മൂലമാണ് കമ്പനിയുടെ പ്രൊജക്റ്റ് എന്‍ജിനീയറായിരുന്ന ലീ സീ ബിന്‍ ജീവനൊടുക്കിയതെന്നും കരാറുകാരനായ സാജന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

നേരത്തെ 2007-ല്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നടന്നിരുന്നെങ്കിലും തെളിവുകളില്ലെന്ന കാരണത്താല്‍ കേസ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പുതിയ പരാതിയും വെളിപ്പെടുത്തലുകളും പുറത്തുവന്ന പശ്ചാത്തലത്തില്‍, വിഷയം വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഴയ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പുതിയ അന്വേഷണപരിധിയില്‍ വരും.

മരിച്ചയാള്‍ ജീവിച്ചിരിക്കെ മറ്റൊരാളോട് പറഞ്ഞ കാര്യങ്ങള്‍ തെളിവായി കണക്കാക്കാമെന്നാണ് നിയമോപദേശം. കൈക്കൂലി ആവശ്യപ്പെട്ട വിവരം കമ്പനിയിലെ മറ്റു തൊഴിലാളികള്‍ക്കും അറിയാം എന്ന് സാജന്‍ പറയുന്ന ഗൗരവമുള്ളതാണെന്നും നിയമോപദേശത്തില്‍ പറയുന്നു.

ലീ സീ ബീന്‍ മാനസിക സമ്മര്‍ദം അനുഭവിച്ചതായി 2007 ലെ അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. ഇതിനാല്‍ വി.ഒ സാജന്റെ പരാതി പരിശോധിക്കപ്പെടേണ്ടതാണെന്നും നിയമോദേശത്തില്‍ പറയുന്നു. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് നിയമോദേശം നല്‍കിയത്.

Latest Stories

We use cookies to give you the best possible experience. Learn more