| Monday, 21st July 2025, 9:52 am

ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് അടിയന്തര സഹായം കൈമാറി കെ.എസ്.ഇ.ബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നെടുമങ്ങാട് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് അടിയന്തര സഹായം കൈമാറി കെ.എസ്.ഇ.ബി. 25,000 രൂപയാണ് അടിയന്തര ധനസഹായമായി കുടുംബത്തിന് നല്‍കിയത്. സ്ഥലം എം.എല്‍.എ ഡി.കെ. മുരളിയും കെ.എസ്.ഇ.ബി അധികൃതരും ചേര്‍ന്നാണ് ഈ തുക കുടുംബത്തിന് കൈമാറിയത്.

അതേസമയം സ്വകാര്യ വ്യക്തികളുടെ ഭൂമികളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ 25ന് യോഗം ചേരാനും തീരുമാനമായി.

വലിയ മരങ്ങളും മറ്റും തിങ്ങി നില്‍ക്കുന്ന മേഖലയിലാണ് ഈ അപകടമുണ്ടായതെന്നും അപകടമുണ്ടായ പനവൂര്‍, പാമ്പാടി മേഖലയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റാന്‍ കഴിഞ്ഞ ദിവസം പൊലീസ് നിര്‍ദേശം നല്‍കിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റോഡില്‍ വീണുകിടന്ന വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റാണ് പത്തൊമ്പതുകാരന്‍ അക്ഷയ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. കാറ്ററിങ് ജോലി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. മരം ഒടിഞ്ഞ് പോസ്റ്റില്‍ വീണതിനെ തുടര്‍ന്ന് വൈദ്യുത ലൈന്‍ റോഡില്‍ പൊട്ടി വീണ് കിടന്നതാണ് അപകട കാരണമായത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കവെയായിരുന്നു അപകടം. അക്ഷയ് ആയിരുന്നു വണ്ടി ഓടിച്ചത്.

പോസ്റ്റ് പൊട്ടി വീണ് കിടന്നത് ആരും കണ്ടില്ലെന്നും കെ.എസ്.ഇ.ബിയുടെ അനാസ്ഥയാണ് അപകടകരണമെന്നും വാര്‍ഡ് മെമ്പര്‍ പി. എം. സുനില്‍ വിമര്‍ശിച്ചിരുന്നു.

Content highlight: KSEB hands over emergency assistance to the family of a student who died of shock

We use cookies to give you the best possible experience. Learn more