| Wednesday, 13th August 2014, 1:52 pm

ബോര്‍ഡിനെ ലാഭത്തിലാക്കാന്‍ വൈദ്യുതി നിരക്ക് കൂട്ടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അടുത്തയാഴ്ചയുണ്ടാകും. യൂണിറ്റിന് 35 പൈസ മുതല്‍ 40 പൈസ വരെ വര്‍ദ്ധിക്കും. നിരക്ക് വര്‍ധന നാളെ മുതല്‍ നിലവില്‍ വരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

[] 800 കോടി രൂപയുടെ അധികവരുമാനം വൈദ്യുതി ബോര്‍ഡിന് ലഭ്യമാക്കുന്ന വിധത്തിലാവും നിരക്ക് വര്‍ദ്ധിപ്പിക്കുക. നിരക്ക് വര്‍ദ്ധന സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് അടുത്തയാഴ്ചയോടെ ഉണ്ടാകും. നിലവിലുള്ള വൈദ്യുതി സ്ലാബ് ഘടന പരിഷ്‌കരിക്കാനും റഗുലേറ്ററി കമ്മീഷന്‍ തീരുമാനമെടുത്തേക്കും. അന്‍പത് യൂണിറ്റുകള്‍ വീതമുള്ള സ്ലാബുകളായിട്ടാകും തിരിക്കുക. പരിഷ്‌കരിക്കുന്ന സ്‌ളാബ് ഘടനയില്‍ 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കും.

50-100, 100-150 എന്നിങ്ങനെയുള്ള സ്ലാബുകളായി തിരിച്ച് നിരക്ക് കുത്തനെ കൂട്ടിയേക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കുത്തനെയുള്ള നിരക്ക് വര്‍ധന ഉണ്ടാകാനാണ് സാധ്യത. എത്രശതമാനം വരെയെന്ന കാര്യത്തില്‍ ഇന്നോ നാളെയോ കമ്മീഷന്‍ തീരുമാനത്തിലെത്തും.

അതേസമയം, നിലവില്‍ 40 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് 1.50 രൂപ വെച്ച് നല്‍കി വരുന്ന വൈദ്യുതി ബി.പി.എല്‍ വിഭാഗത്തിനുമാത്രമായി ചുരുക്കും. നിലവില്‍ 40 ലക്ഷത്തോളംപേര്‍ക്ക് ഈ സൗജന്യം ലഭിക്കുന്നുണ്ട്. അതില്‍ പകുതിയോളംപേര്‍ എ.പി.എല്‍ വിഭാഗക്കാരാണ്. ഇതേ തുടര്‍ന്നാണ് ബി.പി.എല്‍ വിഭാഗത്തിലേക്ക് മാത്രമായി ചുരുക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more