| Friday, 9th May 2025, 10:19 am

ഇത് ഐ.പി.എല്‍ മത്സരമല്ല; കേന്ദ്രം നിബന്ധനകള്‍ നല്‍കിയാലും തെറ്റില്ല; ഇന്ത്യ-പാക് സംഘര്‍ഷത്തിലെ റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമങ്ങള്‍ക്കെതിരെ ശബരിനാഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എസ്. ശബരിനാഥന്‍.

പല ടി.വി ചാനലുകളും പ്രത്യേകിച്ച് മലയാളത്തിലെ ചില ചാനലുകള്‍ ടി.ആര്‍.പി ലഭിക്കാനുള്ള തത്രപ്പാടിലാണെന്ന് ശബരിനാഥന്‍ പറഞ്ഞു. ഇക്കാര്യം പറയാതിരിക്കാന്‍ വയ്യെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശബരിനാഥന്റെ പ്രതികരണം.

ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത, എക്സിലും മറ്റും വരുന്ന പല വീഡിയോകളും പരിശോധിക്കാതെ കാണിക്കുന്നതിന്റെ മത്സരത്തിലാണ് മാധ്യമങ്ങളെന്നും ശബരിനാഥന്‍ പറഞ്ഞു.

‘ഈ പറയുന്ന ജലന്ധറിലും ചുറ്റുവട്ടത്തും മലയാളികള്‍ തന്നെ എത്രയോ പേരുണ്ട്, പഠിക്കാന്‍ പോയിട്ടുള്ള വിദ്യാര്‍ത്ഥികളുണ്ട്. അതിനാല്‍ ജാഗ്രതയോടെ റിപ്പോര്‍ട്ട് ചെയ്യുക. ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ശക്തമായ നിബന്ധനകള്‍ നല്‍കിയാലും തെറ്റില്ല,’ ശബരിനാഥന്‍ കുറിച്ചു.

നിമിഷം തോറും സ്റ്റോറീസ് ചെയ്യാന്‍ ഇത് ഐ.പി.എല്‍ മത്സരമോ അല്ലെങ്കില്‍ ഇലക്ഷന്‍ റിസള്‍ട്ടോ അല്ലെന്നും ശബരിനാഥന്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ നഷ്ടം സംഭവിക്കുന്നത് സാധാരണ മനുഷ്യനാണ്. ആവേശമല്ല വിവേകമാണ് ഇപ്പോള്‍ ആവശ്യമെന്നും ശബരിനാഥന്‍ ചൂണ്ടിക്കാട്ടി.

പോസ്റ്റിന് പിന്നാലെ നിരവധി ആളുകളാണ് ശബരിനാഥനെ അനുകൂലിച്ച് പ്രതികരിക്കുന്നത്. മലയാളത്തിലെ ന്യൂസ് ചാനലുകളുടെ പേരുകള്‍ എടുത്ത് പറഞ്ഞുകൊണ്ടാണ് ആളുകള്‍ വിമര്‍ശനം ഉയര്‍ത്തുന്നത്.

കൂടാതെ സംഘര്‍ഷം സാധാരണ മനുഷ്യനെയാണ് ബാധിക്കുന്നതെന്ന് മടിയില്ലാതെ പറയാന്‍ ശ്രമിച്ച ശബരിനാഥനെ ചിലര്‍ അഭിനന്ദിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളവും സ്വന്തം വീട് തകരാത്തിടത്തോളവും ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണെന്ന് സി.പി.ഐ.എം നേതാവ് എം.സ്വരാജ് പ്രതികരിച്ചിരുന്നു.

പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി നടന്ന ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുണ്ടാവുന്ന യുദ്ധാഹ്വാനങ്ങള്‍ക്കിടെയായിരുന്നു സ്വരാജിന്റെ പോസ്റ്റ്.

നമ്മുടെ രാജ്യം ഇന്നൊരു യുദ്ധത്തിന്റെ വക്കിലാണ്. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന രാജ്യമാണ് പാകിസ്ഥാനെന്നും നിരപരാധികളും നിസഹായരുമായ മനുഷ്യരെ കൊന്നുതള്ളുന്ന ഭീരുക്കളാണ് ഭീകരരെന്നും ഭീകരപ്രവര്‍ത്തനം തുടച്ചു നീക്കപ്പെടേണ്ടതാണെന്നും സ്വരാജ് പറഞ്ഞിരുന്നു.

പിന്നാലെ സി.പി.ഐ.എം ഹാന്‍ഡിലുകളില്‍ നിന്ന് ഉള്‍പ്പെടെ എം. സ്വരാജ് വിമര്‍ശനം നേരിട്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കളും ബി.ജെ.പിയും സ്വരാജിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇതിനുപിന്നാലെയാണ് മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ട് ശബരിനാഥന്റെ പ്രതികരണം ഉണ്ടാകുന്നത്.

Content Highlight: KS Sabarinathan criticized media in method of reporting India-Pak conflict

We use cookies to give you the best possible experience. Learn more