| Tuesday, 12th August 2025, 9:52 pm

ഇനിയങ്ങോട്ട് ശ്രദ്ധിക്കേണ്ടത് ഫ്‌ലാറ്റുകള്‍; നഗരവത്ക്കരണം കൂടുമ്പോള്‍ ജനാധിപത്യ പങ്കാളിത്തം കുറയും: കെ.എസ്. ശബരിനാഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വോട്ട് ചോരി വിവാദത്തിനിടയില്‍ പ്രതികരണവുമായി മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്. ശബരിനാഥന്‍.

നിലവിലെ അന്തരീക്ഷമനുസരിച്ച് ഇനിയങ്ങോട്ട് ശ്രദ്ധ ചെലുത്തേണ്ടത് ഫ്‌ലാറ്റ് സമുച്ചയങ്ങളിലാണെന്ന് ശബരിനാഥന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശബരിനാഥന്റെ പ്രതികരണം.

തൃശൂര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് (ചൊവ്വ) കോണ്‍ഗ്രസും സി.പി.ഐയും കൊടുത്ത പരാതിയില്‍ പറയുന്നത് എഴുപത്തിയൊമ്പതോളം വോട്ടുകള്‍ ഒരു ഫ്‌ലാറ്റിലെ റൂമില്‍ നിന്ന് തന്നെ ചേര്‍ത്തുവെന്നാണ്. ഒരുതരത്തില്‍ ആലോചിക്കുമ്പോള്‍ ഇതിനുള്ള പ്രധാനപ്പെട്ട കാരണം കേരളത്തിലുള്ള ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ കാണുന്ന അരാഷ്ട്രീയതയും ജനാധിപത്യ മര്യാദയില്ലായ്മയുമാണെന്നും കെ.എസ്. ശബരിനാഥന്‍ അഭിപ്രായപ്പെട്ടു.

പൊതുപ്രവര്‍ത്തകര്‍ക്ക്, അത് ഏത് രാഷ്ട്രീയ പാര്‍ട്ടിയുമാകട്ടെ കേരളത്തിലെ ഏത് വീട്ടിലും ചെന്ന് വോട്ട് അഭ്യര്‍ത്ഥിക്കാം. പക്ഷേ ഭൂരിഭാഗം ഫ്‌ലാറ്റുകളില്‍ മുന്‍കൂര്‍ അനുമതിയോ വ്യക്തിബന്ധമോ ഇല്ലാതെ വോട്ട് ചേര്‍ക്കുന്നതിലും ചോദിക്കുന്നതിലും പരിമിതികളുണ്ടെന്നും കെ.എസ്. ശബരിനാഥന്‍ ചൂണ്ടിക്കാട്ടി.

ബില്‍ഡറുടെയും ഫ്‌ലാറ്റ് അസോസിയേഷന്റെയും കാല് പിടിച്ചാല്‍ മാത്രമാണ് പലയിടത്തും അകത്ത് കയറാന്‍ പറ്റുക. അല്ലെങ്കില്‍ കൗണ്‍സിലറോ വാര്‍ഡ് മെമ്പറോ അവരുടെ അധികാരം കാണിക്കണമെന്നും കെ.എസ്. ശബരിനാഥന്‍ പറഞ്ഞു. സുതാര്യമായ ഇലക്ഷന്‍ പ്രവര്‍ത്തനം ഫ്‌ലാറ്റുകളിലും നടത്തുന്നതിനുള്ള സാഹചര്യം കേരളത്തിലുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഗരവത്ക്കരണം കൂടുമ്പോള്‍ ജനാധിപത്യ പങ്കാളിത്തം കുറയുമെന്നും ഇതിനുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയപാര്‍ട്ടികളും ഫ്‌ലാറ്റ് ഓണര്‍ അസോസിയേഷനും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂരിലെ പൂങ്കുന്നം ക്യാപ്പിറ്റല്‍ വില്ലേജ് അപാര്‍ട്ട്മെന്റിലെ നാല് സി ഫ്‌ലാറ്റില്‍ ഒമ്പത് വോട്ടാണ് വ്യാജമായി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തത്. ഇൗ വിലാസത്തില്‍ ബൂത്ത് നമ്പര്‍ 30ന്റെ വോട്ടര്‍പട്ടികയില്‍ മൊത്തം 10 വോട്ടുണ്ട്.

ക്രമക്കേട് ഫ്‌ലാറ്റിലെ താമസക്കാരിയായ പ്രസന്ന അശോകന്‍ സ്ഥിരീകരിക്കുകയും ചെയ്തു. മറ്റുള്ളവരെ അറിയില്ലെന്ന് പ്രസന്ന മാധ്യമങ്ങളോട് വ്യക്തമാക്കുകയായിരുന്നു. സമാനമായ ഒന്നിലധികം കേസുകളാണ് തൃശൂരില്‍ നിന്ന് കണ്ടെത്തിയത്. കൊച്ചിയും വ്യാജമായി വോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് വിവരമുണ്ട്.

Content Highlight: Democratic participation will decrease as urbanization increases: K.S. Sabarinathan

We use cookies to give you the best possible experience. Learn more