| Monday, 11th August 2025, 10:57 pm

യേശുവിന്റെ വാക്കുകള്‍ പിന്തുടര്‍ന്ന് മാര്‍ക്‌സിസത്തെ പിന്താങ്ങുന്നു; യൂഹാനോന്‍ മിലിത്തിയോസിനെതിരെ രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പരിഹാസമുയര്‍ത്തിയ ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തക്കെതിരെ ബി.ജെ.പി നേതാവ് കെ.എസ് രാധാകൃഷ്ണന്‍. സുരേഷ് ഗോപിയെ തൊട്ടുകളിക്കേണ്ട എന്ന മുന്നറിയിപ്പോട് കൂടിയാണ് കെ.എസ്. രാധാകൃഷ്ണന്റെ പ്രതികരണം.

മാര്‍ മിലിത്തിയോസിന്റെ സുവിശേഷത്തില്‍ കക്ഷിരാഷ്ട്രീയമുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ക്രൈസ്തവ മതമേലധ്യക്ഷന്‍ കക്ഷിരാഷ്ട്രീയം കളിക്കുന്നതില്‍ എന്താണ് തെറ്റ്? ഒരു തെറ്റുമില്ല. മതമേലധ്യക്ഷന്റെ സംരക്ഷണം രാഷ്ട്രീയ നേതാവിന് ലഭിക്കില്ലെന്ന് ഓര്‍ക്കണമെന്നും കെ.എസ്. രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മാര്‍ മിലിത്തിയോസ് ബി.ജെ.പി വിരുദ്ധനും മോദിയുടെ ശത്രുവുമാണെന്നും രാധാകൃഷ്ണന്‍ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി പിന്നിലേക്ക് പോയപ്പോള്‍ മെത്രാപ്പോലീത്ത മാപ്രകള്‍ക്കൊപ്പം തുള്ളിച്ചാടിയെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റും മാര്‍ മിലിത്തിയോസും ഒരേ നിലവാരത്തിലാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. മാര്‍ മിലിത്തിയോസില്‍ കായ്ക്കുന്ന ഫലങ്ങള്‍ രാഷ്ട്രീയത്തിന്റെതാണെന്നും ബി.ജെ.പി നേതാവ് കുറ്റപ്പെടുത്തി.

മാര്‍ മിലിത്തിയോസിന്റെ ഹൃദയത്തില്‍ നിറഞ്ഞ് കവിയുന്ന മോദി വിരോധത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ ചിതറി വീഴുന്നത്. ആ വാക്കുകളാണ് സുരേഷ് ഗോപിയെ കുത്താനായി അദ്ദേഹം ഉപയോഗിക്കുന്നതെന്നും കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ‘ഞങ്ങള്‍ തൃശൂരുകാര്‍ തെരഞ്ഞെടുത്ത് ദല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസില്‍ അറിയിക്കണമോ എന്നാശങ്ക!,’ എന്ന കുറിപ്പോട് കൂടി സുരേഷ് ഗോപിയെ പരിഹസിച്ചത്.

പിന്നാലെ ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായതിന് ശേഷം സുരേഷ് ഗോപിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡന്റായ ഗോകുല്‍ ഗുരുവായൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാധാകൃഷ്ണന്റെ പ്രതികരണം.

കെ.എസ്. രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മിലിത്തിയോസേ വേണ്ട, സുരേഷ് ഗോപിയെ തൊട്ടുകളിക്കേണ്ട…
ഇത് മാര്‍ യുഹാന്നോന്‍ മിലിത്തിയോസിന്റെ സുവിശേഷം.

രണ്ടു യജമാനന്മാരെ ഒരാള്‍ക്കും ഒരുമിച്ചു ഒരേസമയം സേവിക്കാനാകില്ല എന്ന് യേശുദേവന്‍ പറഞ്ഞതിനെ മാര്‍ മിലിത്തിയോസ് അംഗീകരിക്കുന്നു. ശത്രുവിനെ സ്‌നേഹിക്കണം എന്നും ഒരു കരണത്തടിച്ചാല്‍ മറുകരണം കാണിച്ചു കൊടുക്കണമെന്നും സഹോദരനോട് ഏഴ് എഴുപതുവട്ടം ക്ഷമിക്കണം എന്നും യേശുദേവന്‍ പറയുന്നു. വര്‍ഗശത്രുവിനെ ഉന്മൂലനം ചെയ്യണമെന്നും അവന്റെ ചോരയില്‍ കൈമുക്കണമെന്നും കാള്‍ മാര്‍ക്‌സ് ഉദ്‌ബോധിപ്പിക്കുന്നു.

ഈ രണ്ടു പേരില്‍ ഒരാളെ മാത്രമെ ഏതൊരാള്‍ക്കും ഒരേസമയം സേവിക്കാന്‍ കഴിയൂ. യേശുദേവന്റെ വാക്ക് പിന്തുടര്‍ന്നുകൊണ്ട് മാര്‍ മിലിത്തിയോസ് മാര്‍ക്‌സിസത്തെ പിന്താങ്ങുന്നു. അതിലെന്താണ് തെറ്റ് എന്ന് ആര്‍ക്കും ചോദിക്കാം. അതില്‍ ഒരു തെറ്റുമില്ല എന്ന് തന്നെയാണ് ഉത്തരം.

എന്നാല്‍ യേശുദേവന്റെ പേരില്‍ അറിയപ്പെടുന്നവര്‍ മാര്‍ക്‌സിന് വേണ്ടി പണിയെടുക്കുമ്പോള്‍ ആളുകള്‍ക്ക് സംശയം ജനിക്കും. മാര്‍ മിലിത്തിയോസിന്റെ സുവിശേഷത്തില്‍ കക്ഷി രാഷ്ട്രീയമുണ്ട്. ഒരു ക്രൈസ്തവ മതമേലധ്യക്ഷന്‍ കക്ഷിരാഷ്ട്രീയം കളിക്കുന്നതില്‍ എന്താണ് തെറ്റ്? ഒരു തെറ്റുമില്ല. മതമേലധ്യക്ഷന്റെ സംരക്ഷണം രാഷ്ട്രീയ നേതാവിന് ലഭിക്കില്ല എന്ന് ഓര്‍ക്കണമെന്ന് മാത്രം.

മാര്‍ മിലിത്തിയോസ് ബി.ജെ.പി വിരുദ്ധനും മോദിയുടെ ശത്രുവുമാണ്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിക്കൊണ്ടിരിക്കുമ്പോള്‍ മോദി പിന്നില്‍ പോയി. കേരളത്തിലെ മാപ്രകള്‍ക്ക് ഒപ്പം സുവിശേഷകനായ മിലിത്തിയോസും തുള്ളിച്ചാടി. സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കാനെത്തിയപ്പോള്‍ മിലിത്തിയോസ് അദ്ദേഹത്തെ പരസ്യമായി തന്നെ എതിര്‍ത്തു. സുരേഷ് ഗോപി ജയച്ചതില്‍ അദ്ദേഹം ഖിന്നനായി. സുരേഷ് ഗോപിയുടെ പിന്തുണക്കാരായ ക്രിസ്ത്യാനികളെ അദ്ദേഹം ഭര്‍ത്സിച്ചു.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ മിലിത്തിയോസ് ക്ഷുഭിതനായി. ഛത്തീസ്ഗഡില്‍ നിലനില്‍ക്കുന്ന മതസ്വാതന്ത്ര്യ നിയമവും പ്ലേസ്‌മെന്റ് നിയമവും പ്രകാരമാണ് അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. അവിടെ നിയമം നിയമത്തിന്റെ വഴിക്ക് പോകും. നിയമവഴിയില്‍ ഇടപെടാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ തുടരുന്ന ഒരു മന്ത്രിക്കും കഴിയില്ല. ഇക്കാര്യം അറിയാതിരിക്കാന്‍ മാത്രം നിഷ്‌കളങ്കനാണ് മാര്‍ മിലിത്തിയോസ് എന്ന് കരുതാന്‍ ഞാന്‍ ഒരുക്കമല്ല.

കെ.എസ്.യു ജില്ലാ പ്രസിഡന്റും മാര്‍ മിലിത്തിയോസും ഒരേ നിലവാരത്തിലാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്. ഇനം ഇനത്തോട് ചേരുന്നു. സുരേഷ് ഗോപിയെ കാണ്മാനില്ല എന്ന് മിലിത്തിയോസും കെ.എസ്.യുക്കാരനൊപ്പം പരാതി പറയുന്നു. നല്ല വൃക്ഷം നല്ല ഫലവും ആകാത്ത വൃക്ഷം ആകാത്ത ഫലവും നല്‍കും എന്ന് മത്തായിയുടെ സുവിശേഷം പറയുന്നു. ഫലത്താല്‍ വൃക്ഷത്തെ തിരിച്ചറിയാന്‍ കഴിയും എന്നും മത്തായി പറയുന്നു. മാര്‍ മിലിത്തിയോസില്‍ കായ്ക്കുന്ന ഫലങ്ങള്‍ രാഷ്ട്രീയത്തിന്റെതാണ്. അതാകട്ടെ തരം താണ രാഷ്ട്രീയത്തിന്റെ ചീഞ്ഞ പഴങ്ങള്‍ കൂടിയാകുമ്പോള്‍ ദുര്‍ഗന്ധം കൂടും.

ചുങ്കക്കാരുടേയും പാപികളുടേയും സുഹൃത്തായിരുന്നു യേശുദേവന്‍. എന്നാല്‍ അറിവ് അവന്റെ കര്‍മ്മത്താല്‍ നീതീകരിക്കപ്പെട്ടു എന്നും മത്തായി സാക്ഷ്യം പറയുന്നു. ഹൃദയം നിറഞ്ഞു കവിയുന്നതില്‍ നിന്നല്ലോ വായ് സംസാരിക്കുന്നത് എന്നും മത്തായി എഴുതിയിട്ടുണ്ട്. മാര്‍ മിലിത്തിയോസിന്റെ ഹൃദയത്തില്‍ നിറഞ്ഞു കവിയുന്ന മോദി വിരോധത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ ചിതറി വീഴുന്നത്. ആ വാക്കുകളാണ് സുരേഷ് ഗോപിയെ കുത്താന്‍ അദ്ദേഹം ഉപയോഗിക്കുന്നത്. അഹന്ത വെടിഞ്ഞ് നിര്‍മ്മലരാകാനും മത്തായി ഉപദേശിക്കുന്നുണ്ട്.

ഉപദേശത്തിന്റെ കുറവുകൊണ്ടല്ലല്ലോ മനുഷ്യര്‍ അഹങ്കാരികളാകുന്നത്. അത്താഴത്തില്‍ പ്രധാന സ്ഥലവും പള്ളിയില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും മനുഷ്യര്‍ റബ്ബി എന്ന് വിളിക്കുന്നതും നിങ്ങള്‍ കാംക്ഷിക്കരുത് എന്ന് യേശുദേവന്‍ തന്റെ ശിഷ്യരോട് പറഞ്ഞിരുന്നതായും മത്തായി സാക്ഷ്യം പറയുന്നുണ്ട്. ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും തന്റെ വചനങ്ങള്‍ ഒഴിഞ്ഞുപോകില്ല എന്നും യേശുദേവന്‍ പറഞ്ഞു.

ആ വാക്കുകളിലാണ് യേശുദേവന്‍ സ്വര്‍ഗരാജ്യത്തിന്റെ നീതിവ്യവസ്ഥ എഴുതിവെച്ചത്. ഇവയെല്ലാം അറിയുന്ന വ്യക്തിയാണ് മാര്‍ മിലിത്തിയോസ്. യേശുവേ മഹോന്നതനായ ദൈവത്തിന്റെ പുത്രാ എനിക്കും നിനക്കും തമ്മില്‍ എന്ത് എന്ന് മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ചോദിക്കുന്നുണ്ട്. നമുക്കിടയില്‍ സ്വര്‍ഗരാജ്യം എന്നാണ് യേശുദേവന്റെ മറുപടി. ആത്മാവില്‍ ദരിദ്രരാകുന്നവര്‍ ഭാഗ്യവാന്മാര്‍. അവര്‍ സ്വര്‍ഗരാജ്യം കാണും.

Content Highlight: KS Radhakrishnan against Yuhanon Meletius

We use cookies to give you the best possible experience. Learn more