| Tuesday, 21st July 2015, 10:02 am

വ്യക്തികളെ ആള്‍ക്കൂട്ടങ്ങളാക്കുന്നത് അധികാരശക്തികളാണ്: ആനന്ദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:ചരിത്രം ഉണ്ടാകുന്നത് വ്യക്തികളുണ്ടാവുന്നത് കൊണ്ടാണെന്ന് എഴുത്തുകാരന്‍ ആനന്ദ്. ആള്‍ക്കൂട്ടങ്ങളുണ്ടാകുമ്പോഴാണ് വ്യക്തി അപ്രസക്തനാവുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐ മുന്‍ കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യവേദി സ്ഥാപക ചെയര്‍മാനുമായ കെ.എസ് ബിമല്‍ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തികളെ ആള്‍ക്കൂട്ടങ്ങളാക്കുന്നത് ഒരുപാട് താത്പര്യങ്ങളുള്ള അധികാരശക്തികളാണ്. ചരിത്രത്തിലെവിടെയും വ്യക്തിയാണ് സമൂഹത്തെ നയിച്ചത്. മൃഗങ്ങളില്‍നിന്നും മനുഷ്യരാശി ഏറെ മുന്നോട്ടുപോയതിന് കാരണം വ്യക്തിപ്രഭാവമാണ്. ചരിത്രം ഇതാണ് വ്യക്തമാക്കുന്നത്. മിത്തും ചരിത്രവും തമ്മിലുള്ള വ്യത്യാസവും ഇതാണ്. എന്നാല്‍, അധികാരസ്ഥാനങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും മതങ്ങളും മനുഷ്യനിലെ വ്യക്തിത്വത്തെ ഇല്ലാതാക്കി ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കുന്നു.

സമാധാനത്തിന്റെ സന്ദേശവാഹകരെന്ന് വിശേഷിപ്പിക്കുന്ന മതങ്ങളാണ് വ്യക്തികളെ ഇളക്കിയെടുത്ത് ആള്‍ക്കൂട്ടങ്ങളാക്കി ചരിത്രത്തില്‍ ഏറ്റവും വലിയ കലാപങ്ങളും കുരുതികളും നടത്തിയത്. വ്യക്തിപരമായതും ആരോഗ്യപരവുമായ അച്ചടക്കം നല്ലതാണ്. എന്നാല്‍, അച്ചടക്കം അടിച്ചേല്‍പ്പിക്കുമ്പോള്‍ അടിയന്തരാവസ്ഥകള്‍ ഉണ്ടാവുന്നു. ഒരു മേധാവിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോള്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിസിലൂതുന്ന ഹവില്‍ദാരെപ്പോലെയായിരിക്കുന്നു ജനങ്ങള്‍. ജൂണ്‍ 21ലെ യോഗദിനാചരണം അതാണ് തെളിയിക്കുന്നത്. ആയിരങ്ങള്‍ പങ്കെടുത്ത യോഗദിനാചാരണം ആശയത്തിന്റെ അധമവത്കരണമാണ്. മിലിട്ടറി ഡ്രില്‍ പോലെ യോഗദിനാചരണം നടത്തിയാല്‍ അത് വ്യക്തിത്വഹനനത്തിനാണ് സഹായിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അച്ചടക്കം നല്ലതാണെങ്കിലും സാമൂഹിക-രാഷ്ട്രീയ ലക്ഷ്യങ്ങളോടു കൂടി പരിശീലിക്കുമ്പോള്‍ അത് മറ്റൊന്നാവുകയാണ്. ഒരു കാരണത്തിനുവേണ്ടി സ്വയം അടിമത്തം സ്വീകരിക്കാനോ സ്വയം മരിക്കാനോ തയ്യാറുള്ള മനുഷ്യസമൂഹത്തെയാണ് അത് സൃഷ്ടിക്കുന്നത്.

മിലിട്ടറിയിസം എല്ലായിടത്തും വ്യാപിക്കുകയാണ്. മാധ്യമങ്ങളടക്കം അതിനെ നിശ്ശബ്ദം പിന്തുടരുന്നു. വ്യക്തികളെ ആള്‍ക്കൂട്ടമായി മാറ്റുന്ന പരിശീലനമാണ് അതു നല്‍കുന്നത്. ഇത് അടിമത്തത്തിനുപോലും തയ്യാറുള്ള ജനതയെ നിര്‍മ്മിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘടനകളില്‍ നിന്ന് ഒഴിഞ്ഞ് ഒരു വ്യക്തിയെന്ന നിലയില്‍ മാത്രമാണ് കെ.എസ് ബിമല്‍ പ്രവര്‍ത്തിച്ചത്. വ്യക്തിത്വം വീണ്ടെടുക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചെന്നും ആനന്ദ് വ്യക്തമാക്കി.

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഡോ. കെ.എം. അജോയ് കുമാര്‍ അധ്യക്ഷത വഹിച്ചു. പി.സി രാജേഷ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

വി.ആര്‍. സുധീഷ്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഡോ. പി. പവിത്രന്‍, ഡോ. ആസാദ്, ഡോ. ഖദീജ മുംതാസ്, എം.എം. സോമശേഖരന്‍, രാഘവന്‍ പയ്യനാട്, കമാല്‍ വരദൂര്‍, കെ.കെ. രമ, കെ.പി. ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിമല്‍ രചനയും സംവിധാനവും നിര്‍വഹിച്ച “പുലിപുരാണം”, രചിച്ച “ഒരു നഗരം അട്ടിമറിക്കപ്പെടുമ്പോള്‍” എന്നീ നാടകങ്ങളും അരങ്ങേറി.

We use cookies to give you the best possible experience. Learn more