| Wednesday, 2nd July 2025, 9:36 pm

കെ.എസ്. അനില്‍കുമാര്‍ രജിസ്ട്രാറായി തുടരും; വി.സിയുടെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ചവറ്റുകൊട്ടയില്‍ എറിയുന്നു: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെതിരായ വൈസ് ചാന്‍സിലറുടെ സസ്പെന്‍ഷന്‍ ഓര്‍ഡര്‍ ചവറ്റുകൊട്ടയില്‍ എറിയുന്നുവെന്ന് സിന്‍ഡിക്കേറ്റ് അംഗം ആര്‍. രാജേഷ്. കെ.എസ്. അനില്‍കുമാര്‍ രജിസ്ട്രാറായി തുടരുമെന്നും ആര്‍. രാജേഷ് പറഞ്ഞു.

കാവിക്കൊടിയേന്തിയ സ്ത്രീയെ സെനറ്റ് ഹാളില്‍ കയറ്റാന്‍ പാടില്ലെന്ന് നിലപാടെടുത്തതിനെ തുടര്‍ന്നാണ് വി.സി മോഹനന്‍ കുന്നുമ്മല്‍ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ രജിസ്ട്രാര്‍ അടുത്ത ദിവസവും ഓഫീസിലെത്തുമെന്നും ചുമതല നിര്‍വഹിക്കുമെന്നും ആര്‍. രാജേഷ് പറഞ്ഞു.

രജിസ്ട്രാര്‍ക്കെതിരായ സസ്പെന്‍ഷന്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയുള്ളതാണെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍വകലാശാല ആക്റ്റ് 12 (1) പ്രകാരം രജിസ്ട്രാറെ നിയമിക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണെന്നും ആര്‍. രാജേഷ് പറഞ്ഞു.

അസിസ്റ്റന്റ് രജിസ്ട്രാര്‍ വരെയുള്ള ജീവനക്കാര്‍ക്കെതിരെ മാത്രമാണ് വി.സിക്ക് നടപടിയെടുക്കാന്‍ അധികാരമുള്ളതെന്നും സിന്‍ഡിക്കേറ്റ് അംഗം വ്യക്തമാക്കി.

അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് മുകളില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍ എന്നീ പോസ്റ്റുകളാണുള്ളത്. സര്‍വകലാശാല ഫസ്റ്റ് സ്റ്റാറ്റിയൂട്ട് 1977, ചാപ്റ്റര്‍ നാല് സ്റ്റാറ്റിയൂട്ട് 27 അനുസരിച്ച് ഡെപ്യൂട്ടി രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍, രജിസ്ട്രാര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിന്‍ഡിക്കേറ്റിനാണ് അധികാരമെന്നും ആര്‍. രാജേഷ് വ്യക്തമാക്കി.

ഇതിനുപുറമെ വൈസ് ചാന്‍സിലറുടെ പ്രത്യേക അധികാരമായ 10 (13), അതിപ്രധാനമല്ലാത്ത ചില അത്യാവശ്യ കാര്യങ്ങളില്‍ മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.

10 (13) ഉപയോഗിച്ചുകൊണ്ട് സ്വീകരിക്കുന്ന ഏത് തീരുമാനവും പിന്നീട് സിന്‍ഡിക്കേറ്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കണം. കൂടാതെ 10 (13) ഉപയോഗിച്ച് നിയമനങ്ങളും അച്ചടക്ക നടപടികളും നടത്താന്‍ വി.സിക്ക് അധികാരമില്ലെന്നും ആര്‍. രാജേഷ് പറഞ്ഞു.

‘സംഘപരിവാര്‍ നടത്തുന്ന ഈ കളികള്‍ക്ക് കേരള സര്‍വകലാശാല ഒരു തരിമ്പ് പിറകോട്ടില്ല. രജിസ്ട്രാര്‍ നാളെയും ആ സീറ്റില്‍ തുടരും. നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടും,’ ആര്‍. രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം നിയമപരമായാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് ഉറപ്പുണ്ടെന്നും അതുകൊണ്ട് തന്നെ സസ്പെന്‍ഷന്‍ നടപടിയെ നിയമപരമായി നേരിടുമെന്നും കെ.എസ്. അനില്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലവില്‍ അനില്‍കുമാറിനെതിരായ നടപടിയില്‍ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും രാജ്ഭവന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

Content Highlight: KS Anilkumar to continue as Registrar, Kerala University Syndicate Member

We use cookies to give you the best possible experience. Learn more